വെള്ളപ്പൊക്കം; കാറുടമകള്‍ക്ക് സഹായഹസ്തവുമായി ഫോക്‌സ്‌വാഗണ്‍
കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം പൊങ്ങി. ഇതോടൊപ്പം ബംഗളൂരുവിലെ അതിസമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന വൈറ്റ്ഫീല്‍ഡും വെള്ളത്തിനടിയിലായി. ജനവാസ മേഖലയായ ഇവിടെ കോടികള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു്. ലെക്സസ്, ബെന്റ്ലി തുടങ്ങിയ ആഡംബര വാഹനങ്ങ ഇവിടത്തെ വീടുകളുടെ പോര്‍ച്ചുകളില്‍ വെള്ളക്കെട്ടില്‍ കിടക്കുന്ന കാഴ്ചകള്‍ വിഡിയോയില്‍ കാണാം.

വെള്ളപ്പൊക്കം ബാധിച്ച വാഹന ഉടമകള്‍ക്ക് 24x7 സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍. ബെംഗളൂരുവിലെ പ്രളയബാധിതരായ കാര്‍ ഉടമകള്‍ക്കായി പ്രത്യേക സര്‍വീസ് കാമ്പെയ്ന്‍ പ്രഖ്യാപിച്ച ആദ്യ വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് ഫോക്സ്വാഗണ്‍.

ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് സഹായം നല്‍കുമെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബുധനാഴ്ച അറിയിച്ചു. 2022 സെപ്റ്റംബര്‍ 30 വരെ ഉപഭോക്താക്കള്‍ക്ക് 24x7 സൗജന്യ റോഡ്സൈഡ് അസിസ്റ്റന്‍സ് അധിക നിരക്കുകളൊന്നുമില്ലാതെ നല്‍കുമെന്ന് ജര്‍മന്‍ വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഉപഭോക്താക്കളെ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നേടുന്നതിനും സഹായിക്കുക ലക്ഷ്യമിട്ട് ഒരു പ്രത്യേക സര്‍വീസ് സപ്പോര്‍ട്ട് ക്യാമ്പയിന്‍ തുടങ്ങുന്നതായി ജര്‍മ്മന്‍ ഓട്ടോ ഭീമന്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 'പ്രളയബാധിത കാറുകള്‍ക്കായി കോംപ്ലിമെന്ററി റോഡ് സൈഡ് അസിസ്റ്റന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ മുന്‍ഗണനാക്രമത്തില്‍ അടുത്തുള്ള ഡീലര്‍ഷിപ്പിലേക്ക് കൊണ്ടുപോകും' കമ്പനി പറഞ്ഞു.

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ കൃത്യസമയത്ത് പരിഹരിക്കുന്നതിന് വാഹനത്തിന്റെ വിശദവും സമഗ്രവുമായ സേവന പരിശോധന നടത്തുമെന്ന് വാഹന നിര്‍മ്മാതാവ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഡീലര്‍ഷിപ്പുകളിലുടനീളം ആവശ്യമായ സ്റ്റാന്‍ഡേര്‍ഡ് റിപ്പയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ദ്രുത സേവന അനുഭവം ഉറപ്പാക്കുന്നതിന് ഡീലര്‍ഷിപ്പുകളിലുടനീളം മതിയായ തൊഴിലാകളികളുടെ സാന്നിധ്യവും സ്‌പെയര്‍ പാര്‍ട്സുകളുടെ ലഭ്യതയും ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ഉദ്യാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ നിരവധി വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. പ്രളയത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ ചെലവും അറ്റകുറ്റപ്പണിക്കൂലിയും വാഹന ഉടമകള്‍ക്ക് ആശങ്കയായി മാറിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് ശേഷം എന്ത് സംഭവിക്കുമെന്നും അറ്റകുറ്റപ്പണികള്‍ക്കായി എത്ര രൂപ ചെലവഴിക്കേണ്ടിവരുമെന്നും വാഹന ഉടമകള്‍ക്ക് ആശങ്കയുണ്ട്.

ഭാഗികമായോ പൂര്‍ണ്ണമായോ വെള്ളപ്പൊക്കത്തില്‍ അകപ്പെടുന്നത് ഒരു വാഹനത്തില്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും. അത്തരം സാഹചര്യങ്ങളില്‍ ഹൈഡ്രോലോക്ക് ഒരു സാധാരണ പ്രശ്‌നമാണ്. അതില്‍ എയര്‍ ഇന്‍ടേക്ക് വഴി വെള്ളം എന്‍ജിനിലേക്ക് പ്രവേശിക്കുകയും പിസ്റ്റണുകള്‍ക്കും സിലിണ്ടറുകള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു.

വെള്ളവും ലോഹവും തമ്മില്‍ അത്ര നല്ല ബന്ധമല്ല. ഇത് വാഹനത്തിന്റെ സുപ്രധാന ഭാഗങ്ങള്‍ തുരുമ്പെടുക്കുന്നതിന് കാരണമാകുന്നു. ഡാഷ്ബോര്‍ഡ്, റേഡിയോ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡോറുകള്‍, സീറ്റുകള്‍, ലൈറ്റുകള്‍ എന്നിവയുടെ വൈദ്യുത വയറുകള്‍ എന്നിവയിലും വെള്ളം കയറുന്നത് ദോഷകരമാണ്. ബ്രേക്ക്, ക്ലച്ച്, ആക്‌സിലറേറ്റര്‍ തുടങ്ങിയ ഭാഗങ്ങളും തകരാറിലാകുന്നു.

വെള്ളപ്പൊക്കം വന്നാല്‍ തെരുവുകളില്‍ വെള്ളം നിറയുന്നതോടൊപ്പം ഗതാഗതക്കുരുക്കിന്റെ പ്രശ്‌നങ്ങളും നേരിടുന്നു. പാര്‍ക്കിങ്ങില്‍ വെള്ളം കയറുകയോ വെള്ളപ്പൊക്കമുള്ള ഒരു തെരുവിലൂടെ വാഹനമോടിക്കേണ്ടി വരികയോ ചെയ്താല്‍, നിങ്ങളുടെ കാറിനെ പരമാവധി സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ചില കാര്യങ്ങളുണ്ട്. മനസ്സില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ വിവരിക്കുകയാണ് ചുവടെ:

മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ പാര്‍ക്കിംഗ് സ്ഥലം ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റുക. നിങ്ങളുടെ കാര്‍ ഒരു സെഡാനോ ഹാച്ച്ബാക്കോ ആണെങ്കില്‍ ഇത് ഉറപ്പായും പാലിക്കുന്നത് നല്ലതാണ്. കാരണം അത് നിലത്തോട് കൂടുതല്‍ അടുത്ത് ഇരിക്കുന്നതിനാലാണിത്.

കാറിന്റെ വിന്‍ഡോകള്‍ മുഴുവനായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഫാബ്രിക് അല്ലെങ്കില്‍ ലെതര്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രോണിക് ഘടകങ്ങള്‍ എന്നിവ മഴ കാരണം നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒരൊറ്റ വിന്‍ഡോ പോലും അടക്കാന്‍ മറക്കരുത്.

കാര്‍ ടയര്‍ മുങ്ങുന്നത് കണ്ടാലോ എക്‌സ്‌ഹോസ്റ്റ് പൈപ്പ് വെള്ളത്തിനടിയിലായാലോ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്യുന്നത് വായുവിലൂടെയോ എക്‌സ്‌ഹോസ്റ്റിലൂടെയോ എഞ്ചിനിലേക്ക് വെള്ളം കടത്തിവിടും. വെള്ളം സിലിണ്ടറുകളില്‍ പ്രവേശിച്ചാല്‍, അത് പിസ്റ്റണുകളും വാല്‍വുകളും കേടുവരുത്തും. അത്തരം സാഹചര്യത്തില്‍ വെള്ളം പൂര്‍ണ്ണമായും ഇറങ്ങുന്നതുവരെ കാത്തിരിക്കുക.

വെള്ളപ്പൊക്കമുള്ള ഒരു തെരുവില്‍ കാര്‍ സ്തംഭിച്ചാല്‍ ഇതുതന്നെയാണ് ചെയ്യേണ്ടത്. ടയറിന്റെയോ എക്‌സ്‌ഹോസ്റ്റിന്റെയോ പകുതി വരെ കാര്‍ മുങ്ങിയാല്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. മിക്ക ഇന്‍ഷുറന്‍സ് പോളിസികളും മഴ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളാല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങള്‍ ഒരു വെള്ളപ്പൊക്കമുള്ള തെരുവിലൂടെ ഡ്രൈവ് ചെയ്യേണ്ടതുണ്ടെങ്കില്‍, ആദ്യത്തെ ടിപ്- അങ്ങനെ ചെയ്യാതിരിക്കുക എന്നതാണ്. വളരെ അത്യാവശ്യമല്ലെങ്കില്‍ വെള്ളപ്പൊക്കത്തിലൂടെയുള്ള ഡ്രൈവിംഗ് പരമാവധി ഒഴിവാക്കുക. ലോഹം, ഇലക്ട്രോണിക്‌സ്, എഞ്ചിനുകള്‍, എക്‌സ്‌ഹോസ്റ്റുകള്‍ എന്നിവ വെള്ളം അത്ര ഇഷ്ടപ്പെടുന്നില്ല. അത്യാവശ്യങ്ങള്‍ ഇല്ലെങ്കില്‍ കഴിയുന്നതും വീട്ടില്‍ തന്നെ തുടരുക. സാധിക്കുമെങ്കില്‍ റൂട്ട് മാറ്റി പോകുക.

വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കല്‍ അത്യാവശ്യമാണെങ്കില്‍. വെള്ളക്കെട്ടിന്റെ ആഴം ആദ്യം നിര്‍ണയിക്കുക. ശേഷം നിങ്ങളുടെ കാര്‍ ഫസ്റ്റ് ഗിയറില്‍ നിര്‍ത്തി പതുക്കെ എടുക്കുക. നിങ്ങള്‍ ഉയര്‍ന്ന വേഗതയില്‍ വെള്ളത്തിലേക്ക് വാഹനം ഇറക്കുകയാണെങ്കില്‍ ട്രാക്ഷനും നിയന്ത്രണവും നഷ്ടപ്പെടുകയും ചെയ്യും.
വെള്ളപ്പൊക്കത്തിലൂടെ സാവധാനം നീങ്ങുമ്പോള്‍ എഞ്ചിന്‍ സജീവമാക്കുക. ഇത് എക്‌സ്‌ഹോസ്റ്റില്‍ നിന്ന് വെള്ളം ഒഴിവാക്കാന്‍ സഹായിക്കും.

വെള്ളക്കെട്ടില്‍ നിന്ന് പുറത്തെത്തിയാല്‍ അടുത്തതായി ചെയ്യേണ്ടത് ബ്രേക്കുകള്‍ ഉണക്കുകയാണ്. ഡിസ്‌കുകളില്‍ നിന്നും കാലിപ്പറുകളില്‍ നിന്നോ ഡ്രം ബ്രേക്കില്‍ നിന്നോ വെള്ളം വറ്റിക്കാന്‍ വാഹനം പതുക്കെ ഡ്രൈവ് ചെയ്യുക. ഡ്രൈവിനിടെ ലഘുവായി മാത്രമേ ബ്രേക്ക് ഉപയോഗിക്കാവൂ.


Click it and Unblock the Notifications








