Taigun എസ്‌യുവിയ്ക്കായി പുത്തൻ TVC പങ്കുവെച്ച് Volkswagen
ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവി മോഡലായ ടൈഗൂൺ കഴിഞ്ഞ വർഷമാണ് വിപണിയിൽ അവതരിപ്പിച്ചത്. സെഗ്‌മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ തുടങ്ങിയ കാറുകളോടാണ് ഇത് മത്സരിക്കുന്നത്.

ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള ഫോക്‌സ്‌വാഗന്റെ ആദ്യ ഉൽപ്പന്നമാണിത്, കുഷാഖ്, സ്ലാവിയ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ വിർട്ടസ് സെഡാൻ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.

10.49 ലക്ഷം രൂപ മുതലാണ് ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ എക്‌സ് ഷോറൂം വില. ഫോക്‌സ്‌വാഗൺ ഇപ്പോൾ ടൈഗൂൺ എസ്‌യുവിക്കായി ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്.

ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ ആദ്യമായി പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചത്. എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് ഏതാണ്ട് പ്രൊഡക്ഷൻ റെഡി മോഡലായിരുന്നു.

ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രത്യേകം പരിഷ്കരിച്ച MQB A0-IN പ്ലാറ്റ്ഫോമിലാണ് വാഹനം വരുന്നത്. ഈ TVC -ൽ, ടൈഗൂൺ ഡ്രൈവ് ചെയ്യാൻ രസകരവും ഊർജ്ജസ്വലവുമായ കാറായി ചിത്രീകരിച്ചിരിക്കുന്നു, അത് ഹൃദയം കൊണ്ട് ചെറുപ്പം നിലനിർത്തുന്നവർക്ക് വേണ്ടിയുള്ളതാണ്.

ഫാമിലിയിലെ മറ്റ് കാറുകളോട് സാമ്യമുള്ള ഡിസൈനാണ് ഫോക്‌സ്‌വാഗൺ ടൈഗൂണിനുള്ളത്. ബോൾഡ്, ബോക്‌സി ഡിസൈനും പ്രീമിയം ലുക്കും നൽകുന്ന സ്ടെയിറ്റ് ലൈനുകൾ വാഹനത്തിൽ ധാരാളം ഉണ്ട്.

ഫ്രണ്ട് ഗ്രില്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹെഡ്‌ലാമ്പിനെ അഭിമുഖീകരിക്കാൻ നീളുന്ന ഫോക്‌സ്‌വാഗൺ ഗ്രില്ലാണ് കാറിന് മുൻവശത്ത് ലഭിക്കുന്നത്. ടോപ്പ് എൻഡ് പതിപ്പിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ ലഭ്യമാണ്.

ഗ്രില്ലിലും ബമ്പറിലും മാന്യമായ അളവിൽ ക്രോം ഫിനിഷ് കാണാം. ഫോക്‌സ്‌വാഗൺ ടൈഗൂൺ ഒരു മസ്‌കുലർ എന്നാൽ പ്രീമിയം ലുക്ക് ബമ്പറുമായാണ് വരുന്നത്, അതിൽ സംയോജിത ഫോഗ് ലാമ്പുകളും നൽകിയിരിക്കുന്നു.

സൈഡ് പ്രൊഫൈലിൽ, ടൈഗൂണിന് ഡ്യുവൽ ടോൺ അലോയി വീലുകൾ ലഭിക്കുന്നു, കാറിന്റെ താഴത്തെ ഭാഗത്തിന് ചുറ്റും കട്ടിയുള്ള ബ്ലാക്ക് ക്ലാഡിംഗ് കാണാം. എന്നിരുന്നാലും, ടൈഗൂണിന്റെ രൂപകൽപ്പനയുടെ പ്രധാന ആകർഷണം പിൻഭാഗമാണ്.

ഇതിന് സവിശേഷമായ ഒരു റിയർ ഡിസൈൻ ലഭിക്കുന്നു. ഇത് വളരെ ഫ്യൂച്ചറിസ്റ്റിക്കാണ്, കൂടാതെ കാണാൻ വളരെ മസ്കുലാറുമാണ്. വാഹനത്തിന് സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകളുണ്ട്.
ഈ എൽഇഡി ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്നത് ടെയിൽ ഗേറ്റിന് കുറുകെ പ്രവർത്തിക്കുന്ന ഒരു റിഫ്ലക്ടർ എൽഇഡി ബാറാണ് വാഹനത്തിൽ വരുന്നത്. ടെയിൽ ഗേറ്റിൽ ടൈഗൂൺ ബ്രാൻഡിംഗ് ഉണ്ട്, ഫോക്‌സ്‌വാഗൺ ലോഗോയും ഇവിടെ കാണാം. കൂടാതെ പിൻ ബമ്പറിൽ ഒരു ക്രോം ഗാർണിഷും നൽകിയിരിക്കുന്നു.

ഫോക്‌സ്‌വാഗൺ ടൈഗൂൺ ഏറ്റവും ഫീച്ചർ ലോഡഡായ കാറല്ല, പക്ഷേ, ഇത് മാന്യമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങി പല സവിശേഷതകളോടെയാണ് ടൈഗൂണിന്റെ ഉയർന്ന വേരിയന്റ് വരുന്നത്.

എഞ്ചിൻ ഓപ്ഷനിലേക്ക് വരുമ്പോൾ. പെട്രോൾ എഞ്ചിനുകളിൽ മാത്രമാണ് ടൈഗൂൺ വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവിയിൽ രണ്ട് എഞ്ചിനുകൾ ലഭ്യമാണ്. 1.0 ലിറ്റർ TSI എഞ്ചിൻ ഡൈനാമിക് ലൈനിലും 1.5 TSI എഞ്ചിൻ പെർഫോമൻസ് ലൈനിലും വാഗ്ദാനം ചെയ്യുന്നു.

1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 115 PS കരുത്തും 178 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയിൽ ഇത് ലഭ്യമാണ്. 150 PS പവറും 250 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് അടുത്ത എഞ്ചിൻ ഓപ്ഷൻ. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് DSG ട്രാൻസ്മിഷൻ എന്നിവയിൽ ലഭ്യമാണ്.


Click it and Unblock the Notifications