ഇന്ത്യയില്‍ നിര്‍മ്മിച്ച T-Cross -ന്റെ കയറ്റുമതി ആരംഭിച്ച് Volkswagen
ആഭ്യന്തരമായി നിര്‍മ്മിക്കുന്ന ടി-ക്രോസിന്റെ കയറ്റുമതി ആരംഭിച്ചതായി അറിയിച്ച് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. മഹാരാഷ്ട്രയിലെ പുനെയ്ക്കടുത്തുള്ള ചക്കനിലുള്ള ബ്രാന്‍ഡിന്റെ നിര്‍മ്മാണ യൂണിറ്റില്‍ നിന്നാണ് വാഹനം പുറത്തിറക്കുന്നത്.

ആദ്യ ബാച്ചില്‍ ടി-ക്രോസിന്റെ 1,232 യൂണിറ്റുകള്‍ ഉള്‍പ്പെടുന്നുവെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഇത് മുംബൈ തുറമുഖത്ത് നിന്ന് തെക്കേ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലേക്കാണ് കയറ്റി അയയ്ക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ടൈഗൂണ്‍ മിഡ്സൈസ് എസ്‌യുവിയുമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ടി-ക്രോസിന് ധാരാളം സാമ്യമുണ്ട്.

ടി-ക്രോസ് ഒരു ലെഫ്റ്റ്-ഹാന്‍ഡ്-ഡ്രൈവ് കോണ്‍ഫിഗറേഷന്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇതിന് ടൈഗൂണിന് പകരം ടി-ക്രോസ് ബാഡ്ജ് നല്‍കിയിരിക്കുന്നു. കനത്ത പ്രാദേശികവല്‍ക്കരിച്ച MQB A0 IN പ്ലാറ്റ്ഫോമിലാണ് മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

സ്‌കോഡ കുഷാക്കിലും വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയ മിഡ്സൈസ് സെഡാനിലും ഇതേ ആര്‍ക്കിടെക്ചര്‍ തന്നെയാണ് അടിവരയിടുന്നത്. മെക്സിക്കോയ്ക്കുള്ള ടി-ക്രോസ് യൂറോപ്പില്‍ റീട്ടെയില്‍ ചെയ്യുന്ന ടി-ക്രോസില്‍ നിന്ന് വ്യത്യസ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്ന് മറ്റൊരിടത്തേക്ക് കയറ്റുമതി ചെയ്യുന്ന MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലാണ് മെക്‌സിക്കോ-സ്‌പെക്ക് ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്.

മുമ്പ്, ബ്രസീലിലെ ജര്‍മ്മന്‍ നിര്‍മ്മാതാവിന്റെ ഉല്‍പ്പാദന പ്ലാന്റില്‍ നിന്നാണ് ഇത് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആഗോള വിപണികളിലേക്ക് കയറ്റുമതി ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ടി-ക്രോസും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ പാസഞ്ചര്‍ കാറുകള്‍ കയറ്റുമതി ചെയ്യുന്ന കമ്പനികളിലൊന്നാണ് ഫോക്‌സ്‌വാഗന്റെ ഇന്ത്യ ഡിവിഷന്‍. അതിന്റെ യാത്ര 2011-ല്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്ന് ലോകമെമ്പാടുമുള്ള 61 രാജ്യങ്ങളിലേക്ക് ഫോക്‌സ്‌വാഗണ്‍ കയറ്റുമതി ചെയ്യുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 5,45,653 യൂണിറ്റുകള്‍ 2021 ഡിസംബര്‍ വരെ കമ്പനി കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. കയറ്റുമതിക്കൊപ്പം രാജ്യത്തെ വില്‍പ്പനയും വര്‍ധിപ്പിക്കാനുള്ള തത്രപ്പാടിലാണ് കമ്പനി ഇപ്പോള്‍. ഇതിന്റെ ഭാഗമായി ഏതാനും പുതിയ മോഡലുകളെയും കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

പോയ വര്‍ഷം ജര്‍മന്‍ ബ്രാന്‍ഡ് അവതരിപ്പിച്ച് ടൈഗൂണ്‍ ആണ് ഇതില്‍ പ്രധാനി. ഇന്ത്യയില്‍, ടൈഗൂണ്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോളും 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

ആദ്യത്തേത് പരമാവധി 115 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തേത് 150 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

അതേസമയം ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ചെറിയ ഗ്യാസോലിന്‍ യൂണിറ്റില്‍ ഒരു ഓപ്ഷനാണ്, കൂടാതെ 1.5 ലിറ്റര്‍ എഞ്ചിന് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കും.

മാത്രമല്ല, ഏറെ നാളായി വിപണിയില്‍ ഉള്ള വെന്റോയ്ക്ക് ഒരു പകരക്കാരനെയും ഇക്കൊല്ലം കമ്പനി നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുകയാണ്. ലഭിക്കുന്ന സൂചനകള്‍ ശരിയാണെങ്കില്‍, വിര്‍ചസ് എന്നൊരു മോഡലിനെയും കമ്പനി രാജ്യത്ത് എത്തിക്കുക. മോഡലിന്റെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ നിരത്തുകളില്‍ സജീവമാണ്.

ബ്രാന്‍ഡില്‍ നിന്നുള്ള ഈ കോംപാക്ട് സെഡാന്‍ 2022 മാര്‍ച്ചില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

വാഹനത്തിന്റെ ഡിസൈനിനെക്കുറിച്ചോ സ്‌റ്റൈലിംഗിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ജര്‍മ്മന്‍ കാര്‍ നിര്‍മാതാവിന്റെ ഏറ്റവും പുതിയ ഓഫര്‍ പുതിയ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഇത് വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയ്ക്കും അടിവരയിടുന്നു.


Click it and Unblock the Notifications








