Virtus സെഡാന്റെ പുതിയ ടീസര്‍ ചിത്രവുമായി Volkswagen; അരങ്ങേറ്റം അടുത്ത മാസം
സ്‌കോഡ തങ്ങളുടെ വരാനിരിക്കുന്ന മിഡ്-സൈസ് സെഡാനായ സ്ലാവിയ സംബന്ധിച്ച് വളരെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിനിടെ, മറുവശത്ത് ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അവരുടെ വരാനിരിക്കുന്ന മിഡ്-സൈസ് സെഡാനായ വിര്‍ചസിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ ലോഞ്ച് തീയതി വെളിപ്പെടുത്തിയെങ്കില്‍, ഇപ്പോള്‍ വരാനിരിക്കുന്ന വിര്‍ചസ് മിഡ്-സൈസ് സെഡാന്റെ പുതിയൊരു ടീസര്‍ ചിത്രം വെളിപ്പെടുത്തിയിരിക്കുകയാണ്. 'ദി ന്യൂ ഗ്ലോബല്‍ സെഡാന്‍' എന്ന് വിളിക്കപ്പെടുന്ന ഫോക്‌സ്‌വാഗണ്‍ വിര്‍ചസില്‍ സംയോജിത എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും സൈഡ് പ്രൊഫൈലിന്റെ ഭാഗവും മുന്‍ ബമ്പറും ടീസര്‍ ചിത്രത്തില്‍ കാണാം.

മസ്‌കുലര്‍ ബോണറ്റ് താഴേക്ക് താഴ്ന്നിരിക്കുന്നതും ചിത്രം വെളിപ്പെടുത്തുന്നു. അത് ഉള്ളില്‍ നിന്ന് നല്ല റോഡ് വ്യൂ അനുവദിക്കുമെന്ന് വേണം പറയാന്‍. വരാനിരിക്കുന്ന വിര്‍ചസിന്റെ ആഗോള അരങ്ങേറ്റം 2022 മാര്‍ച്ച് 8-ന് ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കും.

അഞ്ച് സീറ്റര്‍ ഇതിനകം ദക്ഷിണ അമേരിക്കന്‍ വിപണിയില്‍ ലഭ്യമാണ്. അവിടെ നവീകരണങ്ങളോടെ അവതരിപ്പിക്കുന്ന മോഡലാണ് ഇന്ത്യയില്‍ ഇപ്പോള്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ലാറ്റിനമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മെയ് മൂന്നാം വാരത്തില്‍ ഇത് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കും.

ഇന്ത്യ-സ്‌പെക് പതിപ്പിന് സ്‌കോഡ സ്ലാവിയയുമായി നിരവധി സാമ്യങ്ങളുണ്ടെന്ന് ഇതിനോടകം തന്നെ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ 2.0 പ്രൊജക്ടിന്റെ ഭാഗമാണ് വിര്‍ചസും സ്ലാവിയയും. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ ഒരു ബില്യണ്‍ യൂറോയില്‍ കൂടുതല്‍ നിക്ഷേപം നടത്തി.

സ്‌കോഡ സ്ലാവിയ ഫെബ്രുവരി 28-ന് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മോഡലും, മാര്‍ച്ച് 3-ന് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും രാജ്യത്ത് വില്‍പ്പനയ്ക്കെത്തും. നിലവില്‍ വിപണിയില്‍ ഉള്ള റാപ്പിഡിന് പകരക്കാരനായി സ്ലാവിയ എത്തുമ്പോള്‍, വെന്റോയുടെ പിന്‍ഗാമിയായിട്ടാണ് വിര്‍ചസ് വിപണിയില്‍ എത്തുന്നത്.

അവതരണത്തിന് മുന്നോടിയെന്നവണ്ണം വെന്റോയില്‍ നിന്നും ഏതാനും വേരിയന്റുകള്‍ ഇതിനോടകം തന്നെ കമ്പനി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ സ്ലാവിയ, സ്‌കോഡ കുഷാക്ക് തുടങ്ങിയ കാറുകള്‍ക്ക് അടിവരയിടുന്ന അതേ MQB-A0 IN പ്ലാറ്റ്ഫോമിലാണ് വരാനിരിക്കുന്ന വിര്‍ചസ് മിഡ്-സൈസ് സെഡാനും ഒരുങ്ങുന്നത്.

ഒരോ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതുവഴി വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയും ഫോക്‌സ്‌വാഗണ്‍ വിര്‍ചസ് സെഡാനും ഏകദേശം ഒരേ അളവുകളും സവിശേഷതകളും പവര്‍ട്രെയിന്‍ ഓപ്ഷനുകളും പങ്കിട്ടാകും വിപണിയില്‍ എത്തുക.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വലിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകളോടെയാകും പുതിയ വാഹനം വരുന്നത്. ഓട്ടോമാറ്റിക് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഇരുമോഡലുകളിലും പ്രതീക്ഷിക്കാം.

കൂടാതെ, 6 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ (TC) തുടങ്ങിയ മുന്‍നിര സുരക്ഷാ ഫീച്ചറുകളും ഫോക്‌സ്‌വാഗണ്‍ വിര്‍ചസ് സെഡാനില്‍ പ്രതീക്ഷിക്കാം.

സ്ലാവിയായില്‍ കണ്ടതിന് സമാനമായ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാകും വരാനിരിക്കുന്ന വിര്‍ചസിലും കാണാന്‍ സാധിക്കുക. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ 1.0 ലിറ്റര്‍ TSI പെട്രോള്‍, 1.5 ലിറ്റര്‍ TSI പെട്രോള്‍ എന്നിവ ഉള്‍പ്പെടും.

ഇതില്‍ ചെറിയ എഞ്ചിന്‍ 113 bhp കരുത്തും 178 Nm torque ഉം ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ട്. അതേസമയം വലിയ 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ ഏകദേശം 150 bhp പവറും 250 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

എല്ലാ എഞ്ചിന്‍ ഓപ്ഷനുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. എന്നാല്‍ 1.5 ലിറ്റര്‍ TSI യൂണിറ്റ് 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായും ജോടിയാക്കും.

വില സംബന്ധിച്ച് പറയുകയാണെങ്കില്‍, സ്ലാവിയായുടെ വിലയ്ക്ക് സമാനമായിരിക്കും വിര്‍ചസിലും. എന്നാല്‍ വില ഉയരുകയാണെങ്കില്‍ അതിനെ ന്യായികരിക്കാന്‍ കഴിയുന്ന ഫീച്ചറും കമ്പനി വിര്‍ചസില്‍ ഉള്‍പ്പെടുത്തും.

ഇന്ത്യയില്‍ ജര്‍മ്മന്‍ വാഹന നിര്‍മാതാവിന് ഫോക്‌സ്‌വാഗണ്‍ വെന്റോ ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും, അതിന്റെ എതിരാളി ബ്രാന്‍ഡുകള്‍ രാജ്യത്ത് നവീകരിച്ച മോഡലുകള്‍ പുറത്തിറക്കിയതിനാല്‍ ഇടത്തരം സെഡാന്റെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചു. ഇതോടെയാണ് നിര്‍മാതാക്കള്‍ മാറ്റത്തിന് തയ്യാറെടുത്തത്.


Click it and Unblock the Notifications








