ഇന്ത്യൻ വിപണിയ്ക്കായി കച്ചകെട്ടി Mahindra; അണിയറയിൽ ഒരുങ്ങുന്നത് 7 മോഡലുകൾ
ഇന്ത്യൻ വിപണിയിൽ മൊത്തത്തിൽ ഒരു അപ്പ്ഗ്രേഡ് നടപ്പിലാക്കുകയാണ് മഹീന്ദ്ര. നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളും പുത്തൻ പുതു മോഡലുകളുമായി രാജ്യത്ത് വാഹന രംഗത്ത് വലിയൊരു തരംഗം തന്നെയാണ് പ്രാദേശിക യൂട്ടിലിറ്റി വാഹന ഭീമന്മാർ ഒരുക്കുന്നത്.

മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ പുതിയ സ്കോർപിയോ-N എസ്‌യുവിയുടെ ഡെലിവറികൾ 2022 സെപ്റ്റംബർ 26 മുതൽ ആരംഭിക്കും. 2022 സെപ്തംബർ 8 -ന് ഒരു പുതിയ XUV400 ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

XUV300, ബൊലേറോ നിയോ എന്നിവയുൾപ്പെടെ നിലവിലുള്ള മോഡലുകളുടെ പുതിയ പതിപ്പുകൾ അവതരിപ്പിക്കാനും കമ്പനി തയ്യാറെടുക്കുന്നു. ഈ ലേഖനത്തിൽ, 2024 അവസാനത്തോടെ രാജ്യത്ത് അവതരിപ്പിക്കുന്ന ഏഴ് പുതിയ മഹീന്ദ്ര എസ്‌യുവികളെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്.

1. മഹീന്ദ്ര XUV400
2022 സെപ്റ്റംബർ 8 -ന് അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പുതിയ മഹീന്ദ്ര XUV400 അടിസ്ഥാനപരമായി XUV300 ICE മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് പതിപ്പാണ്. 3.9 മീറ്റർ നീളമുള്ള XUV300 കോംപാക്ട് എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഏകദേശം 4.2 മീറ്റർ നീളമുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്.

വലിപ്പം കൂടുന്നത് ക്യാബിനിനുള്ളിലും ബൂട്ടിലും കൂടുതൽ ഇടം സൃഷ്ടിക്കാൻ മഹീന്ദ്രയെ സഹായിക്കും. ADAS ടെക്‌നോളജിയും അഡ്രിനോ X കണക്റ്റഡ് കാർ AI സാങ്കേതികവിദ്യയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉൾപ്പെടെ നിരവധി നൂതന സവിശേഷതകളും പുതിയ മോഡലിന് ലഭിക്കും.

LG Chem -ൽ നിന്നുള്ള ഹൈ എനർജി ഡെൻസ് NMC ബാറ്ററിയാണ് എസ്‌യുവിയുടെ സവിശേഷത. ടാറ്റയുടെ നെക്‌സോൺ ഇവിയിൽ ഉപയോഗിക്കുന്ന സിലിണ്ടർ ആകൃതിയിലുള്ള LFP സെല്ലുകളേക്കാൾ മികച്ചതാണ് ഈ സെല്ലുകൾ എന്നാണ് റിപ്പോർട്ട്. ഫുൾ ചാർജിൽ 400 കിലോമീറ്ററിലധികം സഞ്ചരിക്കാൻ ഇവയ്ക്കാവും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2. മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റ്
ഈ വർഷം അവസാനത്തോടെ പുതിയ XUV300 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്. എഞ്ചിൻ മെക്കാനിസത്തിനൊപ്പം ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ക്യാബിനുമായാണ് പുതിയ മോഡൽ എത്തുന്നത്.

ഇതിന് മുമ്പത്തേക്കാൾ കൂടുതൽ ടർബോ പവർ ഉണ്ടാകും. 130 bhp കരുത്തും 230 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ T-GDI എംസ്റ്റാലിയൺ മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനേക്കാൾ 20 bhp കരുത്തും 30 Nm torque ഉം കൂടുതലാണ് ഇതിന്.

നിലവിലെ പെട്രോൾ എൻജിൻ 110 bhp പവർ ഉത്പാദിപ്പിക്കും. അതോടൊപ്പം 115 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് AMT -യും ഉൾപ്പെടും.

3. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്
ഇന്ത്യൻ വിപണിയിൽ പുതിയതും വലുതുമായ ബൊലേറോ നിയോ പ്ലസ് മഹീന്ദ്ര ഒരുക്കുന്നുണ്ട്. ഥാർ ഓഫ്-റോഡ് എസ്‌യുവിയുമായി ഇത് അതിന്റെ എഞ്ചിൻ പങ്കിടും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളോട് കൂടിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് ലഭിക്കുക.

മൂന്ന് നിരകളുള്ള ബൊലേറോ നിയോയുടെ മോട്ടോർ കമ്പനി ഡീട്യൂൺ ചെയ്തേക്കാം. P4, P10 ട്രിമ്മുകളിൽ ഏഴ്, ഒമ്പത് എന്നിങ്ങനെ രണ്ട് സീറ്റിംഗ് ലേയൗട്ടുകളിലും ഇത് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

നാല് സീറ്റുകളുള്ള ആംബുലൻസ് എഡിഷനും ഇതിന് ഉണ്ടാകും. വാഹനത്തിന് ഏകദേശം 4,400 mm നീളവും 1,795 mm വീതിയും 1,812 mm ഉയരവും 2,680 mm വീൽബേസും ഉണ്ടാകും.

4. മഹീന്ദ്ര ഥാർ ഫൈവ്-ഡോർ
2023 -ൽ ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ പുതിയ ഫൈവ്-ഡോർ പതിപ്പ് അവതരിപ്പിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു. ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ത്രീ-ഡോർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് നീളമുള്ള വീൽബേസുമായി വരും.

ഇത് ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സജ്ജമാക്കാൻ സഹായിക്കും. ഫൈവ്-ഡോർ മോഡൽ മസ്കുലാർ ലുക്ക്, പിന്നിലെ യാത്രക്കാർക്ക് കൂടുതൽ ഇടം എന്നിങ്ങനെ രണ്ടും കൂടിച്ചേർന്നതാണ്. മെറ്റൽ ഹാർഡ് ടോപ്പുമായി എസ്‌യുവി വരാനും സാധ്യതയുണ്ട്.

ത്രീ-ഡോർ ഥാറിന് കരുത്ത് പകരുന്ന അതേ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾക്കൊപ്പം ഫൈവ്-ഡോർ മഹീന്ദ്ര ഥാറും വാഗ്ദാനം ചെയ്യും. അധിക പവറിനും torque -നുമായി എഞ്ചിനുകൾ കാലിബ്രേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ്-സ്പീഡ് മാനുവലും ആറ്-സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും.

5. പുതുതലമുറ മഹീന്ദ്ര ബൊലേറോ
അടുത്ത തലമുറ ബൊലേറോ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയും മഹീന്ദ്ര വികസിപ്പിക്കുന്നുണ്ട്, ഇത് 2023-24 -ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ ഷാസിയെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയുള്ളതും സുരക്ഷിതവുമായ പുതിയ സ്കോർപിയോയുടെ ലാഡർ-ഓൺ-ഫ്രെയിം ഷാസിയിലാണ് പുതിയ മോഡൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത്.

അടുത്ത തലമുറ മഹീന്ദ്ര ബൊലേറോയും വലുപ്പത്തിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കാൻ അനുവദിക്കും. 2.2 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ മഹീന്ദ്ര ഇത് വാഗ്ദാനം ചെയ്യും.

കമ്പനിക്ക് മറാസോയുടെ 1.5 ലിറ്റർ ടർബോ ഡീസൽ, പുതിയ 1.5 ലിറ്റർ എംസ്റ്റാലിയൺ ടർബോ പെട്രോൾ എഞ്ചിനുകളും ഉപയോഗിക്കാം. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്‌ഷനുകൾ ഓഫറിൽ ലഭിക്കാൻ സാധ്യതയുണ്ട്.

6. അടുത്ത തലമുറ മഹീന്ദ്ര XUV500 (ക്രേറ്റ എതിരാളി)
XUV500 എസ്‌യുവിക്ക് പകരം XUV700 ആണ് മഹീന്ദ്ര ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരാളിയായി മഹീന്ദ്ര ഒരു പുതിയ എസ്‌യുവി തയ്യാറാക്കുന്നു.

ഈ എസ്‌യുവിയെ പുതിയ മഹീന്ദ്ര XUV500 എന്ന് വിളിക്കുമെന്നും 2024 -ൽ വാഹനം വിപണിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. ഇത് ഒരു ഫ്രണ്ട്-വീൽ-ഡ്രൈവ് മോഡലായിരിക്കും കൂടാതെ XUV300 -നും XUV700 -നും ഇടയിൽ സ്ഥാനം പിടിക്കും. പുതിയ മോഡൽ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

7. മഹീന്ദ്ര XUV700 ഇലക്ട്രിക് (XUV.e8)
യുകെയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര അഞ്ച് ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ വെളിപ്പെടുത്തിയിരുന്നു. ബ്രാൻഡിന്റെ പുതിയ INGLO മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, കൂടാതെ ബ്ലേഡ്, പ്രിസ്മാറ്റിക് എന്നീ രണ്ട് സെൽ ആർക്കിടെക്ചറുകളെ അടിസ്ഥാനമാക്കിയുള്ള ഒരു കോമൺ ബാറ്ററി പായ്ക്ക് ഡിസൈൻ ഇതിന് ഉണ്ടായിരിക്കും.

പ്രൊഡക്ഷൻ-റെഡി XUV.e മോഡൽ 2024 ഡിസംബറിൽ എത്തുമെന്നും ആദ്യത്തെ BE ഇലക്ട്രിക് എസ്‌യുവി 2025 ഒക്ടോബറിൽ നിരത്തിലെത്തുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. അനുപാതത്തിന്റെ അടിസ്ഥാനത്തിൽ, പുതിയ മഹീന്ദ്ര XUV.e8 -ന് 4740 mm നീളവും 1900 mm വീതിയും 1760 mm ഉയരവും 2762 mm വീൽബേസുമുണ്ട്.

XUV700 -നേക്കാൾ 45 mm നീളവും 10 mm വീതിയും 5 mm ഉയരവുമുണ്ട്. പ്രൊഡക്ഷൻ-റെഡി XUV.e8 -ന് 80 kWh വരെയുള്ള ബാറ്ററി പാക്കും AWD സിസ്റ്റവും ഉണ്ടായിരിക്കും. ഇതിന്റെ പവർ ഔട്ട്പുട്ട് 230 bhp മുതൽ 350 bhp വരെ ആയിരിക്കും.


Click it and Unblock the Notifications








