12 ലക്ഷം രൂപ വിലയുള്ള ഈ Maruti കാര്‍ ഇപ്പോള്‍ വാങ്ങരുത്! കാരണമുണ്ട്
ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ കാറുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കാറുകളുടെ പട്ടിക എടുത്താല്‍ അതില്‍ ഭൂരിഭാഗവും മാരുതിയുടെ കാറുകളാകും. എന്നാല്‍ മാരുതിയുടെ മോഡല്‍ നിരയില്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഷ്ട്ടപ്പെടുന്ന ഒരാളുണ്ട്- മാരുതി സുസുക്കി സിയാസ്.

സിയാസ് വളരെ യോഗ്യനായ ഒരു സെഡാന്‍ ആണ്. എന്നാല്‍ 12 ലക്ഷം രൂപ വിലവരുന്ന ഈ സെഡാന്‍ ഇപ്പോള്‍ വാങ്ങരുതെന്നേ ഞങ്ങള്‍ പറയൂ. അതിന് ചില കാരണങ്ങളുമുണ്ട്. മാരുതി സുസുക്കി സിയാസിനെ കുറിച്ചുള്ള കുറച്ച് കാര്യങ്ങള്‍ നമുക്ക് പറയാം.

ഇപ്പോള്‍ വാങ്ങരുതെന്ന് പറയാന്‍ കാരണം
2014-ലാണ് മാരുതി സുസുക്കി സിയാസ് പുറത്തിറക്കിയത്. ഈ മോഡല്‍ കാലഹരണപ്പെട്ട് തുടങ്ങി എന്നതാണ് സിയാസ് ഒഴിവാക്കാനുള്ള ഏറ്റവും വലിയ കാരണം. 2018-ലാണ് അവസാനമായി മോഡലിന് ഒരു മുഖംമിനുക്കല്‍ മാരുതി നല്‍കിയത്. അതായത് അവസാനത്തെ ഫെയ്സ്ലിഫ്റ്റ് കഴിഞ്ഞ് ഏകദേശം നാല് വര്‍ഷം പിന്നിട്ടു.

സിയാസ് എന്ന ഒരു മോഡല്‍ അതിന്റെ നിരയിലുണ്ടെന്ന് മാരുതി മറന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ന് ഈ സെഗ്മെന്റിലെ മറ്റെല്ലാ വാഹനങ്ങളും ഒന്നുകില്‍ പുതിയതോ അല്ലെങ്കില്‍ വലിയ രീതിയില്‍ നവീകരണം നടത്തിയതോ ആണ്. ആ സ്ഥാനത്താണ് സിയാസ് നാല് വര്‍ഷത്തോളമായി യാതൊരു അപ്‌ഡേറ്റും നടത്താതെ ഇരിക്കുന്നത്. ഇതോടൊപ്പം ഒരു ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യാത്തതും പോരായ്മയാണ്.

സിയാസ് മുഖംമിനുക്കുമോ?
സിയാസിന്റെ ഭാവിയെ സംബന്ധിച്ച് മാരുതി വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. സാധാരണ നിലയില്‍ സിയാസിന് അടുത്ത് തന്നെ മുഖംമിനുക്കല്‍ നടത്തേണ്ടതാണ്. എന്നാല്‍ മാര്‍ക്കറ്റിലെ മാറുന്ന ട്രെന്‍ഡ് അതിന് തടയിടുമോ എന്ന കാര്യം വ്യക്തമല്ല. എക്സിക്യുട്ടീവ് സെഡാന്‍ സെഗ്മെന്റിന്റെ വളര്‍ച്ചക്ക് എസ്‌യുവികള്‍ തടയിടുകയാണ്. ഹാച്ച്ബാക്ക്, സെഡാന്‍ വില്‍പ്പന കുറയുമ്പോള്‍ ജനങ്ങള്‍ എസ്‌യുവികളോടാണ് താല്‍പ്പര്യം കാണിക്കുന്നത്.

പുതിയ ബലേനോയിലും ബ്രെസയിലും ചെയ്തതുപോലെ മാരുതി സിയാസിനും ഒരു ഡിസൈന്‍ മേക്ക് ഓവര്‍ നല്‍കുകയും പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുകയും വേണം. സിയാസ് ഒഴികെ മാരുതിയുടെ മുഴുവന്‍ മോഡല്‍ നിരയും നവീകരിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഒരു നെക്‌സ ഷോറൂമിലേക്ക് കടന്ന് വരുന്ന ഏതൊരു ഉപഭോക്താവും സിയാസിനെ അവിടെ നിര്‍ത്തി ഗ്രാന്‍ഡ് വിറ്റാര എസ്‌യുവി എടുത്ത് പോകാനാണ് കൂടുതല്‍ സാധ്യതയെന്നും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം.

സിയാസ് ഫെയ്സ്ലിഫ്റ്റിനെക്കുറിച്ച് മാരുതി ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. സിയാസ് ഒഴികെയുള്ള എല്ലാ കാറുകളും മാരുതി പരിഷ്‌കരിച്ചിട്ടുണ്ട്. അതിനാല്‍ 2023-ല്‍ എപ്പോഴെങ്കിലും ഇതിന് രണ്ടാമത്തെ മുഖം മിനുക്കല്‍ നടത്തിയേക്കും. സിയാസിന്റെ ഫെയസ്‌ലിഫ്റ്റ് പതിപ്പിന് ഡിസൈനും ഫീച്ചറുകളുമെല്ലാം പരിഗണിക്കുമ്പോള്‍ വില അല്‍പം കൂടാന്‍ സാധ്യതയുണ്ട്.
വേരിയന്റുകളെ ആശ്രയിച്ച് 40,000 മുതല്‍ 50,000 രൂപ വരെ വില വര്‍ധനവ് പ്രതീക്ഷിക്കാം. ഫോക്സ്വാഗണ്‍ വിര്‍ടസ്, സ്‌കോഡ സ്ലാവിയ, ഹോണ്ട സിറ്റി, പുതിയ ഹ്യുണ്ടായി വെര്‍ണ എന്നിവരാകും സിയാസിന്റെ എതിരാളികള്‍.

ഹാച്ച്ബാക്കുകളില്‍ നിന്ന് മാറി എസ്‌യുവി, സിഎന്‍ജി മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുകയാണെന്ന് മാരുതി കഴിഞ്ഞ ദിവസം പ്രഖ്യപിച്ചിരുന്നു. എങ്കിലും സിയാസിന് സിഎന്‍ജി ഓപ്ഷന്‍ നല്‍കില്ലെന്നും മാരുതി വ്യക്തമാക്കി.
സെഡാന്‍ സെഗ്മെന്റ് മാരുതി സുസുക്കി തന്നെയാണ് ഇപ്പോഴും ഭരിക്കുന്നത്. ഡിസയറിന്റെ മികവിലാണ് ഇത് സാധ്യമാകുന്നത്.

അതിനാല്‍ തന്നെ എന്‍ട്രി ലെവല്‍ സെഡാനാണ് മാരുതി പ്രധാന്യം കല്‍പ്പിക്കുന്നത്. ഫ്ലീറ്റുകളായാലും സ്വകാര്യ ഉടമസ്ഥതയായാലും അവിടെയാണ് സിഎന്‍ജിക്ക് കൂടുതല്‍ പ്രാധാന്യമെന്നും മാരുതി കൂട്ടിച്ചേര്‍ത്തു. പ്രീമിയം മിഡ്-സൈസ് സെഡാനുകളുടെ വിപണി വിഹിതം കുറയുന്നതാണ് സിയാസില്‍ എസ്-സിഎന്‍ജി വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് മാരുതി സുസുക്കി പിന്നാക്കം പോകാനുള്ള കാരണം.


Click it and Unblock the Notifications