Tata Tiago EV യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡാകുന്നു; ബുക്കിംഗ് കണക്കുകളിലെ രസകരമായ വസ്തുതകള്‍ നോക്കാം...
ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാര്‍ എന്ന നിലയിലാണ് ടാറ്റ മോട്ടോര്‍സ് ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചത്. ഇവിയുടെ അവതരണത്തിന് പിന്നാലെ വണ്ടി ബുക്ക് ചെയ്യാനായി ആളുകള്‍ ഇടിച്ചു കയറിയതോടെ കമ്പനി വെബ്‌സൈറ്റ് വരെ ഡൗണ്‍ ആയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
മികച്ച വിലയില്‍ സ്വന്തമാക്കാവുന്ന വാഹനം ബുക്ക് ചെയ്യാന്‍ ആളുകള്‍ തിരക്ക് കൂട്ടി. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. താങ്ങാവുന്ന വിലയില്‍ ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചതോടെ ഇവി വാങ്ങാന്‍ ഒരുങ്ങന്നവരുടെ മനസ്സില്‍ ലഡ്ഡു പൊട്ടിയിരുന്നു. അതിന്റെ വില തന്നെയാണ് അതിന് പ്രധാന കാരണം. 8.49 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയിലാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

അധികം വൈകാതെ തന്നെ വാഹനത്തിന്റെ വില വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളോട് പ്രത്യേക മമത കാണിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഉണ്ട്. എന്നാല്‍ ചില പുതിയ സംസ്ഥാനങ്ങളും മറ്റും ടാറ്റയുടെ കാറുകളോട് കൂടുതല്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയതായാണ് ബുക്കിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 'ടിയാഗോ ഇവിയില്‍ ഞങ്ങള്‍ കാണുന്ന പാറ്റേണ്‍ മറ്റ് ഇവികളില്‍ നിന്ന് വ്യത്യസ്തമാണ്. അതില്‍ വളരെ നേരത്തെ തന്നെ ഇലക്ട്രിക് വാഹന നയങ്ങള്‍ പ്രഖ്യാപിച്ച മഹാരാഷ്ട്ര, ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളെ കൂടാതെ ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് തുടങ്ങിയ ചില പുതിയ സംസ്ഥാനങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു'.
ടിയാഗോ ഇവിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ വെച്ച് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ്, ടാറ്റ പാസഞ്ചേഴ്സ് ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞതാണ് മേൽപ്പറഞ്ഞ വാക്കുകൾ. ടാറ്റ ടിയാഗോയുടെ ബുക്കിംഗ് പാറ്റേണുകള്‍ വിശകലനം ചെയ്യുന്നതില്‍ നിന്ന് മറ്റ് ചില കാര്യങ്ങള്‍ കൂടി മനസ്സലാക്കാന്‍ സാധിക്കും. ഏറ്റവും അടുത്ത കാലത്തായി ഇവി നയങ്ങള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ടിയാഗോക്കാണ് ഡിമാന്‍ഡ് കൂടുതല്‍.
അതില്‍ 24kWh ബാറ്ററിപാക്കാണ് വരുന്നത്. അതോടൊപ്പം തന്നെ നേരത്തെ ഇവി നയം സ്വീകരിച്ച സംസ്ഥാനങ്ങളില്‍ കൂടുതല്‍ താങ്ങാനാവുന്ന മീഡിയം റേഞ്ച് പതിപ്പിന് (19.2kWh ബാറ്ററി) നല്ല ഡിമാന്‍ഡുണ്ട് എന്നതാണ് മറ്റൊരു രസകരമായ വസ്തുത. നേരത്തെ ഇവി പോളിസികള്‍ സ്വീകരിച്ചിരുന്ന മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മികച്ചതും വികസിതവുമായ ചാര്‍ജിംഗ് ശൃംഖലയാണ് ഉപഭോക്താക്കളെ മീഡിയം റേഞ്ച് പതിപ്പ് തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നുവെന്നതാണ് വസ്തുതയെന്ന് ശൈലേഷ് ചന്ദ്ര പറയുന്നു.
ഈ സംസ്ഥാനങ്ങളില്‍ ടാറ്റ ടിയാഗോ ഇവി ഒരു സിറ്റി കാറായി ഉപയോഗിക്കാന്‍ പറ്റുമെന്നതിനാല്‍ റേഞ്ച് അത്ര വിഷയമായി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ടാറ്റ ടിയാഗോ ഇവി ബുക്കിംഗ് കണക്കില്‍ നിന്ന് ടാറ്റ മോട്ടോര്‍സ് മനസ്സിലാക്കിയ മറ്റൊരു രസകരമായ വസ്തുത എന്തെന്നാല്‍ 50 ശതമാനത്തിലധികം ഉപഭോക്താക്കളും 40 വയസ്സിന് താഴെയുള്ളവരും 25 ശതമാനം പേര്‍ ആദ്യമായി കാര്‍ വാങ്ങുന്നവരുമായിരുന്നു എന്നതാണ്. നെക്സണ്‍, ടിഗോര്‍ ഇവികളുടെ കാര്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് കൂടുതലാണെന്നും ചന്ദ്ര പറയുന്നു.
ഒരു ഹാച്ച്ബാക്ക് ആയതിനാലാണ് ഇത്. ഇലക്ട്രിക് കാര്‍ ഒരു പ്രാഥമിക വാഹനമായി കൂടുതലായി പരിഗണിക്കപ്പെടുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ചന്ദ്ര കൂട്ടിച്ചേര്‍ത്തു. നിലവില്‍ വിപണിയില്‍ ഉള്ള പെട്രോള്‍ പതിപ്പിന്റെ അതേ ഡിസൈനില്‍ തന്നെയാണ് ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇലക്ട്രിക് വാഹനത്തിന്റേതായ ചെറിയ കോസ്മെറ്റിക് മാറ്റങ്ങള്‍ ഇവി ഹാച്ച്ബാക്കില്‍ കാണാന്‍ പറ്റും.19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ ഇവി ലഭ്യമാണ്.
ആദ്യത്തേത് 60 bhp കരുത്തും 110 Nm ടോര്‍ക്കും നല്‍കുന്നു്. ഒപ്പം ഇത് ഫുള്‍ചാര്‍ജില്‍ 250 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ ബാറ്ററി പായ്ക്ക് 74 bhp കരുത്തും 114 Nm ടോര്‍ക്കും വികസിപ്പിക്കുന്നു, പൂര്‍ണ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ചാണ് ഈ ബാറ്ററി പായ്ക്കില്‍ കമ്പനി അവകാശപ്പെടുന്നത്. രണ്ട് ബാറ്ററി പാക്കുകളും DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 57 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം 7.2 kW എസി ചാര്‍ജറിന് 0 മുതല്‍ 100 ശതമാനം വരെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 36 മിനിറ്റും എടുക്കും.


Click it and Unblock the Notifications








