ഫോർ-വീലർ വിപണിയ്ക്ക് ഫെബ്രുവരിയിലും വളർച്ച തന്നെ; വിൽപ്പനയിൽ തിളങ്ങിയ ടോപ്പ് 10 കാർ ബ്രാൻഡുകൾ
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷൻസ് (FADA) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 2023 ഫെബ്രുവരിയിൽ 282,799 യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. 2022 ഫെബ്രുവരിയെ അപേക്ഷിച്ച് ചില്ലറ വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യൻ ഫോർ-വീലർ മാർക്കറ്റ് രാജ്യത്തെ ടു-വീലർ, ത്രീ-വീലർ സെഗ്മെന്റുകളെ പോലെ വളർച്ചയാണ് കൈവരിച്ചത്.
2022 ഫെബ്രുവരിയിൽ വിറ്റഴിച്ച 250,146 യൂണിറ്റ് ഫോർ-വീലറുകളെ അപേക്ഷിച്ച് വാർഷിക വിൽപ്പന 13.05 ശതമാനം (32,653 യൂണിറ്റ്) വളർച്ച പ്രാപിച്ചു. എന്നിരുന്നാലും, 335,644 യൂണിറ്റുകൾ വിറ്റുപോയ വർഷത്തിലെ ആദ്യ മാസത്തെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പനയിൽ 15.74 ശതമാനം (52,845 യൂണിറ്റ്) ഇടിവ് രേഖപ്പെടുത്തി.

2023 ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന കൈവരിച്ച 10 കാർ ബ്രാൻഡുകളെ നമുക്ക് ഒന്നു സൂക്ഷ്മമായി നോക്കാം, വർഷത്തിലെ ഏറ്റവും ചെറിയ മാസത്തിൽ അവയുടെ പെർഫോമെൻസ് എങ്ങനെയുണ്ടായിരുന്നു എന്നും വിശകലനം ചെയ്യാം.
1. മാരുതി സുസുക്കി - 118,892 യൂണിറ്റുകൾ
FADA പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ 2023 ഫെബ്രുവരിയിൽ മൊത്തം 118,892 യൂണിറ്റുകളുടെ വിൽപ്പനയാണ് നേടിയത്. 2022 ഫെബ്രുവരിയിൽ വിറ്റഴിച്ച 109,611 യൂണിറ്റുകളെ അപേക്ഷിച്ച് മാരുതിയുടെ വാർഷിക വിൽപ്പന (YoY) കണക്കുകൾ 8.47 ശതമാനം (9,281 യൂണിറ്റ്) വർധിച്ചു.

എന്നിരുന്നാലും, ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളുടെ പ്രതിമാസ വിൽപ്പന (MoM) കണക്കുകൾ അത്ര തൃപ്തികരമല്ല, 2023 ജനുവരിയിൽ വിറ്റ 150,046 യൂണിറ്റുകളെ അപേക്ഷിച്ച് 20.76 ശതമാനം അല്ലെങ്കിൽ 31,154 യൂണിറ്റുകളുടെ കുറവാണ് കമ്പനി നേരിട്ടത്.
2. ഹ്യുണ്ടായി - 39,106 യൂണിറ്റ്
ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി വീണ്ടും ടാറ്റ മോട്ടോഴ്‌സിനെ പിന്തള്ളി വിൽപ്പന ചാർട്ടിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്, 2023 ഫെബ്രുവരിയിൽ 39,106 യൂണിറ്റുകളാണ് ബ്രാൻഡ് വിറ്റത്. 2022 -ൽ ഇതേ കാലയളവിലെ 38,688 യൂണിറ്റുകളെ അപേക്ഷിച്ച് ഹ്യുണ്ടായിയുടെ YoY കണക്കുകൾ 1.08 ശതമാനം (418 യൂണിറ്റുകൾ) വർധിച്ചു. ജനുവരിയിലെ 45,799 യൂണിറ്റുകളെ അപേക്ഷിച്ച് MoM വിൽപ്പന 14.61 ശതമാനം (6,693 യൂണിറ്റുകൾ) കുറഞ്ഞു എന്നതാണ് സത്യം.

3. ടാറ്റ മോട്ടോർസ് - 38,965 യൂണിറ്റുകൾ
FADA -യുടെ കണക്കുകൾ പ്രകാരം 2023 ഫെബ്രുവരിയിൽ ടാറ്റ മോട്ടോർസ് 38,965 യൂണിറ്റുകൾ വിറ്റു. ടാറ്റയുടെ YoY വിൽപ്പന 2022 ഫെബ്രുവരിയിൽ വിറ്റ 34,055 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 14.42 ശതമാനം (4,910 യൂണിറ്റുകൾ) വർധനവ് കൈവരിച്ചു. ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള മറ്റുള്ള നിർമ്മാതാക്കളെപ്പോലെ ടാറ്റയുടെ MoM വിൽപ്പന 13.53 ശതമാനം (6,096 യൂണിറ്റുകൾ) കുറഞ്ഞു. 2023 ജനുവരിയിൽ ടാറ്റ മോട്ടോർസിന്റെ വിൽപ്പന 45,061 യൂണിറ്റുകളായിരുന്നു.
4. മഹീന്ദ്ര - 29,356 യൂണിറ്റുകൾ
കഴിഞ്ഞ മാസം 29,356 യൂണിറ്റുകളാണ് മഹീന്ദ്ര ഇന്ത്യയിൽ വിറ്റഴിച്ചത്. 2022 ഫെബ്രുവരിയെ അപേക്ഷിച്ച് എസ്‌യുവി സ്പെഷ്യലിസ്റ്റുകളുടെ റീട്ടെയിൽ കണക്കുകൾ 60.73 ശതമാനം (11,092 യൂണിറ്റ്) വർധിച്ചു. എന്നിരുന്നാലും, മറ്റ് മൂന്ന് നിർമ്മാതാക്കളെപ്പോലെ, മഹീന്ദ്രയുടെ MoM വിൽപ്പന 12.91 ശതമാനം (4,350 യൂണിറ്റ്) കുറഞ്ഞു. 2023 -ലെ ആദ്യ മാസത്തിൽ 33,706 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്.

5. കിയ - 19,554 യൂണിറ്റുകൾ
കഴിഞ്ഞ മാസം 19,554 യൂണിറ്റ് വാഹനങ്ങളുടെ വിൽപ്പനയോടെ YoY, MoM സെയിൽസിന്റെ കാര്യത്തിൽ നേട്ടം കൈവരിച്ച് ഈ ലിസ്റ്റിലെ ചുരുക്കം ചില നിർമ്മാതാക്കളിൽ ഒന്നാണ് കിയ എന്നത് ശ്രദ്ധിക്കണം. 2022 ഫെബ്രുവരിയിൽ 13,623 വാഹനങ്ങൾ വിറ്റഴിച്ച കിയയുടെ വാർഷിക വിൽപ്പന കണക്കുകൾ 43.54 ശതമാനം അല്ലെങ്കിൽ 5,931 യൂണിറ്റുകൾ വർധിച്ചു. 2023 ജനുവരിയിൽ വിറ്റ 19,297 വാഹനങ്ങളെ അപേക്ഷിച്ച് MoM സംഖ്യകളും 1.33 ശതമാനം (257 യൂണിറ്റുകൾ) വർധിച്ചു.
6. ടൊയോട്ട - 12,068 യൂണിറ്റുകൾ
ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട 2023 -ലെ ഏറ്റവും ചെറിയ മാസത്തിൽ മൊത്തം 12,068 പാസഞ്ചർ വാഹനങ്ങൾ വിറ്റു. കിയയെപ്പോലെ, YoY, MoM വിൽപ്പനകളുടെ അടിസ്ഥാനത്തിൽ വളർച്ച കൈവരിച്ച ചുരുക്കം ചില നിർമ്മാതാക്കളിൽ ഒന്നാണ് ടൊയോട്ട. 2022 ഫെബ്രുവരിയിലെ 8,019 യൂണിറ്റുകളെ അപേക്ഷിച്ച് ടൊയോട്ടയുടെ YoY കണക്കുകൾ 50.49 ശതമാനം (4,049 യൂണിറ്റുകൾ) വർധിച്ചു. ജനുവരിയിലെ 10,941 യൂണിറ്റുകളിൽ നിന്ന് MoM സംഖ്യകൾ 10.30 ശതമാനം (1,127 യൂണിറ്റുകൾ) വർധിച്ചു.

7. സ്കോഡ-ഫോക്‌സ്‌വാഗണ്‍ - 6,711 യൂണിറ്റുകൾ
സ്കോഡയുടെ നേതൃത്വത്തിൽ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കഴിഞ്ഞ മാസം 6,711 വാഹനങ്ങൾ വിറ്റഴിച്ചു. 2022 ഫെബ്രുവരിയിൽ 5,390 യൂണിറ്റുകൾ വിറ്റിരുന്ന VW ഗ്രൂപ്പിന്റെ YoY വിൽപ്പനയിൽ 24.51 ശതമാനം (1,321 യൂണിറ്റുകൾ) വർധനയുണ്ടായി. VW ഗ്രൂപ്പ് 8,841 കാറുകളും എസ്‌യുവികളും വിറ്റ ജനുവരിയെ അപേക്ഷിച്ച് MoM കണക്കുകൾ 20.87 ശതമാനം (1,770 യൂണിറ്റുകൾ) കുറഞ്ഞു എന്നത് മറ്റൊരു വസ്തുത.
8. ഹോണ്ട - 5,744 യൂണിറ്റുകൾ
ജാപ്പനീസ് കാർ നിർമ്മാതാക്കളായ ഹോണ്ടയ്ക്ക് 2023 ഫെബ്രുവരിയിൽ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്, YoY, MoM സംഖ്യകൾ കീഴേക്ക് കൂപ്പുകുത്തി. 2023 ഫെബ്രുവരിയിൽ 5,744 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു. 2022 ഫെബ്രുവരിയിൽ 8,284 കാറുകൾ വിറ്റതുമായി കംപെയർ ചെയ്യുമ്പോൾ ഹോണ്ടയുടെ YoY വിൽപ്പന 30.66 ശതമാനം (2,540 യൂണിറ്റുകൾ) കുറഞ്ഞു. 2023 ജനുവരിയിൽ വിറ്റ 7,408 വാഹനങ്ങളെ അപേക്ഷിച്ച് MoM കണക്കുകൾ 22.46 ശതമാനം (1,664 യൂണിറ്റുകൾ) കുറഞ്ഞു.
9. റെനോ - 4,916 യൂണിറ്റുകൾ
ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ 2023 ഫെബ്രുവരിയിൽ 4,916 യൂണിറ്റുകൾ വിറ്റഴിച്ച് ഒമ്പതാം സ്ഥാനത്താണ്. 2022 ഫെബ്രുവരിയിൽ വിറ്റ 6,385 വാഹനങ്ങളെ അപേക്ഷിച്ച് റെനോയുടെ YoY കണക്കുകൾ 23.01 ശതമാനം (1,469 യൂണിറ്റ്) കുറഞ്ഞു. ജനുവരി 2023 -ലെ 7,296 യൂണിറ്റുകളെ അപേക്ഷിച്ച് MoM വിൽപ്പന 32.62 ശതമാനം (2,380 യൂണിറ്റ്) കുറഞ്ഞു.
10. എംജി മോട്ടോർ - 3,604 യൂണിറ്റ്
ഫെബ്രുവരിയിൽ 3,604 യൂണിറ്റുകൾ വിറ്റഴിച്ച് ഈ ലിസ്റ്റിൽ YoY, MoM വിൽപ്പന എന്നിവയിൽ നേട്ടം കൊയ്ത കാർ നിർമ്മാതാക്കളിൽ മൂന്നാമനാണ് എംജി. 2022 ഫെബ്രുവരിയിൽ 3,568 യൂണിറ്റുകൾ വിറ്റതിൽ നിന്ന് YoY വിൽപ്പന 1.01 ശതമാനം അല്ലെങ്കിൽ 36 യൂണിറ്റുകൾ വർധിച്ചു. കഴിഞ്ഞ മാസം വിറ്റ 3,279 ഇവികളും എസ്‌യുവികളുമായി താരതമ്യം ചെയ്യുമ്പോൾ എംജിയുടെ MoM വിൽപ്പന 9.91 ശതമാനം അല്ലെങ്കിൽ 325 യൂണിറ്റുകൾ വർധിച്ചു.


Click it and Unblock the Notifications








