ബെറ്റർ പ്രൊട്ടക്ഷൻ; കൂടുതൽ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളുമായി 2023 ക്രെറ്റ & അൽകസാർ എസ്‌യുവികൾ
ദക്ഷിണ കൊറിയൻ വാഹന ഭീമനായ ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ പുതുക്കിയ 2023 ക്രെറ്റയും അൽകസാറും പുറത്തിറക്കി. പുതിയ 2023 അപ്‌ഡേറ്റിനൊപ്പം രണ്ട് എസ്‌യുവി മോഡലുകളിലെയും സേഫ്റ്റി ഫീച്ചറുകളുടെ എണ്ണവും കമ്പനി വർധിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. കൂടാതെ, കമ്പനി ഇപ്പോൾ വരാനിരിക്കുന്ന RDE റെഗുലേഷനുകൾക്ക് അനുസൃതമായി എഞ്ചിനുകൾ അപ്‌ഗ്രേഡ് ചെയ്യുകയും അവ E20 (20 ശതമാനം എഥനോൾ മിക്സ്) ഫ്യുവൽ റെഡിയാക്കുകയും ചെയ്തിട്ടുണ്ട്.
ഒരു ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപനമെന്ന നിലയിൽ, തങ്ങളുടെ ഉപഭോക്താക്കൾക്ക് മാതൃകാപരമായ മൊബിലിറ്റി എക്സ്പീരിയൻ നൽകാൻ തങ്ങൾ എപ്പോഴും ശ്രമിച്ചിട്ടുണ്ട് എന്ന് 2023 ക്രെറ്റയുടെയും അൽകസാറിന്റെയും ലോഞ്ചിനെക്കുറിച്ച് ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരുൺ ഗാർഗ് പറഞ്ഞു. ഹ്യുണ്ടായിയുടെ മുൻനിര എസ്‌യുവി ശ്രേണിയെക്കുറിച്ചുള്ള തങ്ങളുടെ MY'23 അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്നതിലൂടെ, സേഫ്റ്റിയും സൗകര്യവും പെർഫോമെൻസും ഉൾക്കൊള്ളുന്ന കൂടുതൽ ആരോഗ്യകരമായ പാക്കേജ് തങ്ങൾ ഉറപ്പാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, തങ്ങൾ ഗവൺമെന്റിന്റെ നിർദ്ദേശവുമായി കൈകോർത്ത്, ബ്രാൻഡിന്റെ പവർട്രെയിനുകൾ RDE കംപ്ലയിന്റ് ആണെന്നും E20 ഫ്യുവൽ റെഡിയാണെന്നും ഉറപ്പാക്കിയിട്ടുണ്ട്. ഈ പുതിയ സുപ്രധാന അപ്‌ഡേറ്റുകൾക്കൊപ്പം, ഹ്യുണ്ടായിയുടെ MY'23 എസ്‌യുവികളായ വെന്യു, ക്രെറ്റ, അൽകസാർ എന്നിവ ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യം വാഗ്ദാനം ചെയ്യും എന്നും ഗാർഗ് വ്യക്തമാക്കി.
പുതിയ 2023 മോഡൽ ഇയർ ക്രെറ്റ ഇപ്പോൾ സ്റ്റാൻഡേർഡായി സമഗ്രമായ ആക്ടീവ് & പാസ്സീവ് സേഫ്റ്റി ഫീച്ചറുകളാൽ സജ്ജീകരിച്ചിരിക്കുന്നു. ആറ് എയർബാഗുകൾ (ഡ്രൈവർ, പാസഞ്ചർ, സൈഡ് & കർട്ടൻ), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC), റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റ് ബെൽറ്റ്, ISOFIX എന്നിവ ഉൾപ്പെടുന്നു. അതേസമയം, അൽകാസർ ഇപ്പോൾ ഡ്രൈവർ, പാസഞ്ചർ, സൈഡ് & കർട്ടൻ എന്നിങ്ങനെ സ്റ്റാൻഡേർഡായി ആറ് എയർബാഗുകളാൽ ഹ്യുണ്ടായി സജ്ജീകരിച്ചിരിക്കുന്നു.
കൂടാതെ, അടുത്തിടെ നിർമ്മാതാക്കൾ പുറത്തിറക്കിയ 2023 വെന്യുവിന്റെ പ്രധാന വോളിയം വിൽപ്പന നേടുന്ന വേരിയന്റുകളായ S (O), SX & SX (O) എന്നിവയിൽ ഇപ്പോൾ നാല് എയർബാഗുകളും (ഡ്രൈവർ, പാസഞ്ചർ & സൈഡ്) സ്റ്റാൻഡേർഡ് സേഫ്റ്റി ഫിറ്റ്‌മെന്റായി സജ്ജീകരിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ, 2023 വെന്യു ഇപ്പോൾ കൂടുതൽ ശക്തമായ 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യും, ഇത് ഇപ്പോൾ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളുടെ VGT സാങ്കേതികവിദ്യയ്ക്കൊപ്പം വരും. യൂണിറ്റ് 116 PS മാക്സ് പവറും 250 Nm പീക്ക് torque ഉം പുറപ്പെടുവിക്കും.
സേഫ്റ്റി പാക്കേജ് അപ്പ്ഡേറ്റിനുപുറമെ, തങ്ങളുടെ എസ്‌യുവികളുടെ ശ്രേണി ഇപ്പോൾ ഐഡിൽ സ്റ്റോപ്പ് & ഗോ (ISG) സവിശേഷതയോടെ സജ്ജീകരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കൂടാതെ, പുതിയ അപ്‌ഡേറ്റുകളുടെ ഭാഗമായി 2023 ക്രെറ്റയ്ക്ക് ഇപ്പോൾ 60:40 സ്പ്ലിറ്റ് റിയർ സീറ്റ് ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ലഭ്യമാകും.

മറ്റ് ഹ്യുണ്ടായി ക്രെറ്റ വാർത്തകളിൽ, രാജ്യത്തെ ഇലക്ട്രിക് വാഹന വിഭാഗത്തിലെ തങ്ങളുടെ പങ്ക് കൂടുതൽ വർധിപ്പിക്കുന്നതിനായി കമ്പനി ഒരു ഓൾ ഇലക്ട്രിക് ക്രെറ്റ വികസിപ്പിക്കുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. 2025 ഓട്ടോ എക്‌സ്‌പോയിൽ പ്രൊഡക്ഷൻ റെഡി ഇവി എസ്‌യുവി കമ്പനി അൺവെയിൽ ചെയ്യാൻ സാധ്യതയുണ്ടെന്നും 2024 അവസാന പാദത്തോടെ സീരീസ് ഉൽപ്പാദനം പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഈ എസ്‌യുവിയുടെ വികസനത്തിന് പ്രോജക്റ്റ് SU2i EV എന്ന രഹസ്യനാമം കമ്പനി നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2025 ഓട്ടോ എക്‌സ്‌പോയിൽ കാർ ആദ്യം അവതരിപ്പിക്കപ്പെടും, അതിനു ശേഷം ഔപചാരികമായ ആമുഖം അതേ വർഷം അവസാനത്തോടെ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, പുതുതായി ഇപ്പോൾ വെബ്ബിൽ പ്രചരിക്കുന്ന YY8 എന്ന കോഡ് നേമിൽ അറിയപ്പെടുന്ന മാരുതി ഇവി എസ്‌യുവിയുമായി മത്സരിക്കാൻ ഹ്യുണ്ടായി ഈ എസ്‌യുവി അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്നു.
2025 ഓട്ടോ എക്‌സ്‌പോയിൽ ക്രെറ്റയും മാരുതി YY8 -യും അരങ്ങേറ്റം കുറിക്കും. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, രാജ്യത്ത് പ്രതിവർഷം 20,000 മുതൽ 25,000 യൂണിറ്റ് ക്രെറ്റ EV വിൽക്കാൻ ഹ്യുണ്ടായി പ്രതീക്ഷിക്കുന്നു, ഇത് മാരുതി സുസുക്കി YY8 EV എസ്‌യുവിയുടെ വോളിയം പ്രൊജക്ഷനുമായി മാച്ച് ആവുന്നു എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications