iMT ഗിയര്‍ ബോക്‌സും പുത്തന്‍ ടര്‍ബോ എഞ്ചിനും; കൂടുതല്‍ പവര്‍ഫുളായി കിയ കാരെന്‍സ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7 സീറ്റര്‍ കാറുകളില്‍ ഒന്നാണ് കിയ കാരെന്‍സ്. ഇപ്പോള്‍ പുതിയ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കാര്‍ പരിഷ്‌കരിച്ച് വിപണിയിലെത്തിച്ചിരിക്കുകയാണ് കൊറിയന്‍ വാഹന നിര്‍മാതാക്കള്‍. iMT ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യ അവതരിപ്പിച്ചുവെന്നതാണ് പുതിയ കിയ കാരെന്‍സിന്റെ പ്രത്യേകത.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കിയ കാരെന്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. സാധാരണ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവക്കൊപ്പം പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലായിരിക്കും കാര്‍ വാഗ്ദാനം ചെയ്യുന്നത്. പഴയ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന് പകരമാണ് പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 7 സ്പീഡ് DCT ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. കിയ കാരെന്‍സിന്റെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പ് 9 വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും. അവയില്‍ ആറ് വേരിയന്റുകള്‍ iMT ഗിയര്‍ബോക്സ് സാങ്കേതികവിദ്യയുമായി വരും. അതേസമയം മൂന്നെണ്ണം DCT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ എത്തും. പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ കൊറിയന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.
12 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയില്‍ 6 സ്പീഡ് iMT ഗിയര്‍ബോക്സോട് കൂടിയ കിയ കാരെന്‍സ് 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പ് സ്വന്തമാക്കാം. iMT വേരിയന്റുകളുടെ പട്ടികയെടുത്താല്‍ ടോപ് സ്‌പെക് ലക്ഷ്വറി പ്ലസ് 7 വേരിയന്റിന് 17.55 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെ വില ഉയരുന്നു. DCT ഗിയര്‍ബോക്സുമായി വരുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പതിപ്പിന്റെ പ്രാരംഭ വില 15.55 ലക്ഷം (എക്സ്-ഷോറൂം) രൂപയാണ്.

ഇതിന്റെ ടോപ്പ് സ്‌പെക് വേരിയന്റ് സ്വന്തമാക്കാന്‍ 18.45 ലക്ഷം രൂപ (എക്സ്-ഷോറൂം) മുടക്കണം. സെഗ്‌മെന്റില്‍ കിയ കാരെന്‍സിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നാണ് ഹ്യുണ്ടായി അല്‍കസാര്‍. അടുത്തിടെയാണ് അല്‍കസാറിന് 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നല്‍കി ഹ്യുണ്ടായി പരിഷ്‌കരിച്ചത്. ഈ എഞ്ചിന്‍ 160 bhp പവര്‍ പുറപ്പെടുവിക്കുന്നു. പവര്‍ കണക്കുകള്‍ നോക്കിയാല്‍ 1.4 ലിറ്റര്‍ എഞ്ചിനേക്കാള്‍ 20 bhp കൂടുതലാണ് ഇവ ഉത്പാദിപ്പിക്കുന്നത്.
കാരെന്‍സിന്റെ മറ്റ് വേരിയന്റുകളും RDE മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പരിഷ്‌കരിച്ചിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്ത ഡീസല്‍ എഞ്ചിന്‍ ഇപ്പോള്‍ iMT ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിട്ടുണ്ട്. നേരത്തെയുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ തുടര്‍ന്നും ഓഫറിലുണ്ടാകും. അതേസമയം മാനുവല്‍ ഡീസല്‍ പതിപ്പുകള്‍ ഇനി വാങ്ങാന്‍ സാധിക്കില്ല. അവ കിയ പിന്‍വലിച്ചു. പരിഷ്‌കാരത്തിന് വിധേയമായ ഡീസല്‍ എഞ്ചിന്‍ ഇപ്പോള്‍ കുറച്ച് കൂടി പവര്‍ഫുളാണ്.

116 bhp പവറാണ് ഇതിപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. കിയ കാരെന്‍സിന്റെ 1.5 ലിറ്റര്‍ പെട്രോള്‍ വേരിയന്റുകള്‍ അതേപടി തുടരുന്നു. RDE മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പരിഷ്‌കരണത്തിന് വിധേയമായതിനാല്‍ കാരെന്‍സിന്റെ എല്ലാ വേരിയന്റുകളുടെയും വില മാറിയിട്ടുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായി എത്തുന്ന കാരെന്‍സിന്റെ വില ഇപ്പോള്‍ 10.45 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി 11.65 ലക്ഷം രൂപ വരെ പോകുന്നു. ഏകദേശം 25,000 രൂപയാണ് കൂടിയത്.
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നു വരി പാസഞ്ചര്‍ കാറുകളില്‍ ഒന്നാണിപ്പോള്‍ കാരന്‍സ്. ലോഞ്ച് ചെയ്ത് ഒരു വര്‍ഷം കൊണ്ട് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ അത് ഇടം നേടി. നിരത്തിലിറങ്ങി ഒരു വര്‍ഷം കൊണ്ട് രാജ്യത്ത് 76,904 യൂണിറ്റ് കരെന്‍സാണ് കിയ വിറ്റഴിച്ചത്. കഴിഞ്ഞ മാസം 6,248 യൂണിറ്റ് കരെന്‍സാണ് കിയ വില്‍പ്പന നടത്തിയത്. അടുത്ത് തന്നെ കാരെന്‍സിന്റെ 5 സീറ്റര്‍ പതിപ്പ് പുറത്തിറക്കാന്‍ കിയ പദ്ധതിയിടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ വില്‍പ്പന ചാര്‍ട്ടുകള്‍ വീണ്ടും കാരെന്‍സ് പിടിച്ച് കുലുക്കും.


Click it and Unblock the Notifications








