പുത്തൻ ഡിസൈനും ഫീച്ചറുകളും കൈ പൊള്ളിക്കുമോ അതോ കഴിച്ചിലാക്കുമോ? ടാറ്റ എസ്‌യുവികളുടെ വില പ്രഖ്യാപനം നാളെ
ടാറ്റ മോട്ടോർസ് 2023 ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവികൾ നാളെ അതായത് ഒക്ടോബർ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കും. അടുത്തിടെ വെളിപ്പെടുത്തിയ രണ്ട് എസ്‌യുവികളും പുതിയ ഡിസൈൻ ശൈലിയും ADAS ടെക്‌നോളജി ഉൾപ്പെടെയുള്ള അഡ്വാൻസ്ഡ് ഫീച്ചറുകളുമായാണ് വരുന്നത്. വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ മോട്ടോർസ് ഹാരിയറും സഫാരിയും ഗണ്യമായി നിലയിൽ പരിഷ്‌കരിച്ചിട്ടുണ്ടെങ്കിലും, ഹുഡിന് കീഴിൽ കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നു.
ടാറ്റ പെട്രോൾ ഓപ്ഷനുകൾ നൽകാത്തത് തുടരുകയും രണ്ട് എസ്‌യുവികൾക്ക് കരുത്ത് പകരാൻ 2.0 ലിറ്റർ ഡീസൽ എഞ്ചിനെ മാത്രം വിശ്വസിക്കുകയും ചെയ്യുന്നു. ടാറ്റയുടെ ഈ രണ്ട് മുൻനിര മോഡലുകളുടെ വിലകൾ ഉൾപ്പെടെ എന്താണ് നാം പ്രതീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് ഒന്ന് ഓടിച്ചു പരിശോധിച്ചാലോ?

ടാറ്റ ഹാരിയർ & സഫാരി ഡിസൈൻ അപ്‌ഡേറ്റുകൾ: പുതിയ ഹാരിയർ, സഫാരി എസ്‌യുവികളിൽ ടാറ്റ മോട്ടോർസ് കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അവയുടെ രൂപഭാവത്തിലുള്ള അപ്പ്ഡേറ്റാണ്. ഹാരിയറിന്റെയും സഫാരിയുടെയും പുതിയ ഡിസൈൻ ശൈലിയിലെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നത് പുതിയ പാരാമെട്രിക് ഗ്രില്ലും കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളുമാണ്. ഇരു എസ്‌യുവികൾക്കും പുനർരൂപകൽപ്പന ചെയ്ത അലോയി വീലുകൾ നിർമ്മാതാക്കൾ നൽകുന്നുണ്ട്. രണ്ടിന്റെയും മൊത്തത്തിലുള്ള സിലൗട്ട് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.
ടാറ്റ ഹാരിയർ & സഫാരി ഫീച്ചർ അപ്‌ഡേറ്റുകൾ: പുതിയ ഹാരിയറിലും സഫാരിയിലും ടാറ്റ പായ്ക്ക് ചെയ്‌തിരിക്കുന്ന സവിശേഷതകൾ ഇവയുടെ ചില കൊറിയൻ എതിരാളികളെ ഒരല്പം ആശങ്കയിലാക്കുന്നതാണ്. ഇല്യുമിനേറ്റഡ് ലോഗോയുള്ള പുതിയ ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡിലെ ടച്ച് ബേസ്ഡ് HVAC കൺട്രോളുകൾ, പുതിയ 12.30 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ സപ്പോർട്ട് ചെയ്യുന്ന അപ്‌ഡേറ്റ് ചെയ്‌ത 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചർ ഹൈലൈറ്റുകൾ.

സഫാരിയിൽ, രണ്ടാം നിര സീറ്റുകൾക്കും വെന്റിലേറ്റഡ് ഫംഗ്ഷൻ ലഭിക്കുന്നു, അതേസമയം രണ്ട് എസ്‌യുവികളിലെയും ഡ്രൈവർ സീറ്റ് മെമ്മറി ഫംഗ്ഷനുമായി വരുന്നു, കൂടാതെ ഇലക്ട്രോണിക് ആയി ഇവ അഡ്ജസ്റ്റ് ചെയ്യാനും കഴിയും. യാത്രയിൽ മ്യൂസിക്ക് ഇഷ്ടപ്പെടുന്നവർക്കായി, ഹർമാൻ ഓഡിയോവർഎക്‌സിനൊപ്പം 10 JBL സ്പീക്കർ സൗണ്ട് സിസ്റ്റവുമായാണ് എസ്‌യുവികൾ ഇപ്പോൾ വിപണിയിൽ എത്തുന്നത്.
ടാറ്റ ഹാരിയർ & സഫാരി സേഫ്റ്റി ഫീച്ചറുകൾ: ഹാരിയർ, സഫാരി എസ്‌യുവികൾ ഭാരത് NCAP -ൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് എസ്‌യുവികളും ഡ്രൈവറുടെ കാൽമുട്ടുകൾക്ക് ഉൾപ്പെടെ ഏഴ് എയർബാഗുകൾ വരെ വാഗ്ദാനം ചെയ്യും. എയർബാഗുകളുടെ ചുറ്റപ്പെട്ട സുരക്ഷയ്ക്ക് പുറമേ, എസ്‌യുവികളിൽ ലെവൽ-2 ADAS ടെക്നോളജി ടാറ്റ സജ്ജീകരിച്ചിരിക്കുന്നു.

ആയാസരഹിതമായ ഡ്രൈവിംഗിനായി 17 അസിസ്റ്റീവ് ഫീച്ചറുകൾ വാഹനം വാഗ്ദാനം ചെയ്യുന്നു. ABS + EBD, ESP, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഡ്രൈവർ അറ്റൻഷൻ അലർട്ട്, ഹിൽ ഡിസന്റ് കൺട്രോൾ, എമർജൻസി കോൾ, ബ്രേക്ക്‌ഡൗൺ അലർട്ട് എന്നിവയാണ് മറ്റ് സേഫ്റ്റി ഫീച്ചറുകൾ.
ടാറ്റ ഹാരിയർ & സഫാരി പവർട്രെയിൻ: പുതിയ ഹാരിയർ, സഫാരി എസ്‌യുവികൾ ടാറ്റ മോട്ടോർസിന്റെ വിശ്വസനീയമായ 2.0 ലിറ്റർ ഡീസൽ എഞ്ചിനിൽ മാത്രമായി വാഗ്ദാനം ചെയ്യുന്നത് തുടരും. ആറ് സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി കണക്ട് ചെയ്തിരിക്കുന്നു.

ഈ എഞ്ചിന് 167.6 bhp മാക്സ് പവറും 350 Nm പീക്ക് torque ഉം സൃഷ്ടിക്കാൻ കഴിയും. ഇത് ഇക്കോ, സിറ്റി, സ്പോർട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. അത് കൂടാതെ നോർമൽ, വെറ്റ്, റഫ് എന്നീ മൂന്ന് ട്രാക്ഷൻ മോഡുകളും ടാറ്റ വാഗ്ദാനം ചെയ്യും.
ടാറ്റ ഹാരിയർ & സഫാരി പ്രതീക്ഷിക്കുന്ന വിലകൾ: 2023 ഹാരിയർ എസ്‌യുവിയുടെ എക്സ്-ഷോറൂം വില ഏകദേശം 15.50 ലക്ഷത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള പതിപ്പിന് 15.20 ലക്ഷം മുതൽ 24.27 ലക്ഷം രൂപ വരെയാണ് വില. ഔട്ട്‌ഗോയിംഗ് സഫാരിയുടെ എക്സ്-ഷോറൂം വില 15.85 ലക്ഷം മുതൽ 25.21 ലക്ഷം രൂപ വരെയാണ്. പുതിയ പതിപ്പിൽ ഈ മൂന്ന് വരി എസ്‌യുവിയുടെ വില ഏകദേശം 16 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








