റിയർ എസി വെന്റുകൾ ഉൾപ്പടെ ഫീച്ചർ റിച്ച് തന്നെ! 2024 സോനെറ്റ് ബേസ് മോഡലും കിടിലമാണ്
ഇന്ത്യൻ വിപണിയിൽ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ എൻട്രി ലെവൽ മോഡലാണ് കിയ സോനെറ്റ് സബ് ഫോർ മീറ്റർ എസ്‌യുവി. 2020 -ൽ വിപണിയിൽ എത്തിയ നാൾ മുതൽ വളരെ ജനപ്രിയമായ മോഡലാണിത്. ഇന്ത്യയിൽ കിയയുടെ വളർച്ചയ്ക്ക് വലിയ പങ്ക് വഹിച്ചിട്ടുള്ള മോഡൽ പ്രതിമാസവും വിൽപ്പനയിൽ വലിയ ഒരു പങ്ക് നൽകുന്നു എന്ന് നിസംശയം പറയാം.
നാളിതുവരെ കാര്യമായ മാറ്റങ്ങളോ അപ്പ്ഡേറ്റുകളോ ലഭിക്കാതിരുന്ന സോനെറ്റിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വാഗ്ദാനം ചെയ്യുകയാണ് കിയ. ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന ഈ മോഡിന്റെ വിലകൾ 2024 -ന്റെ തുടക്കത്തിൽ ഇന്ത്യയിൽ നിർമ്മാതാക്കൾ ഔദ്യോഗികമായി വെളിപ്പെടുത്തും. ടാറ്റ നെക്സോൺ, മാരുതി ബ്രെസ എന്നിവയുമായി നേരിട്ട് മത്സരിക്കുന്ന 2024 കിയ സോനെറ്റിന്റെ പ്രീ-ബുക്കിംഗ് ഡിസംബർ 20 -ന് ആരംഭിക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടാതെ K-കോഡുള്ള ഉപയോക്താക്കൾക്ക് മുൻഗണനാ ഡെലിവറി ലഭിക്കും എന്നും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും വാഹനങ്ങൾ വെളിപ്പെടുത്തുമ്പോൾ നിർമ്മാതാക്കൾ ഫുള്ളി ലോഡ് ചെയ്ത ടോപ്പ് സ്പെക്ക് പതിപ്പുകളുടെ ചിത്രങ്ങളും വീഡിയോകളുമാവും പുറത്തുവിടുന്നത്. പലപ്പോഴും ബേസ് സ്പെക്ക് മോഡലുകൾ എങ്ങനെ എന്ന് നാം ഡീലർഷിപ്പിൽ അല്ലെങ്കിൽ യാർഡിൽ പോയി കാണേണ്ട സ്ഥിതിയാണ്.
എന്നാൽ ഇപ്പോൾ, ഫെയ്‌സ്‌ലിഫ്റ്റ്ഡ് 2024 കിയ സോനെറ്റിന്റെ അടിസ്ഥാന വേരിയന്റിന്റെ ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരിക്കുകയാണ്. ഏഴ് വേരിയന്റുകളിലും 11 നിറങ്ങളിലും മോഡൽ ലഭ്യമാകും. എൻട്രി ലെവൽ HTE വേരിയന്റിൽ ഇവിടെയുള്ള ചിത്രങ്ങളിൽ കാണുന്നത് പോലെ, ബേസിക്ക് എങ്കിലും കുറച്ച് ഫീച്ചറുകൾ ലഭിക്കുന്നു.

ഡിസൈനിന്റെ കാര്യത്തിൽ, ഫെയ്‌സ്‌ലിഫ്റ്റഡ് 2024 സോനെറ്റിൽ ഹാലജൻ ഹെഡ്‌ലാമ്പുകളും ടെയിൽലൈറ്റുകളും ലഭിക്കുന്നു, അതോടൊപ്പം ടെയിൽഗേറ്റിൽ കണക്റ്റഡ് റിഫ്‌ളക്ടർ, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, സിൽവർ വീൽ കവറുകളുള്ള 15 ഇഞ്ച് സ്റ്റീൽ വീലുകളും ഈ ബേസ് സ്പെക്ക് മോഡലിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
അത് കൂടാതെ സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, പോൾ ടൈപ്പ് ആന്റിന, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു. അകത്ത്, മോഡലിൽ ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, റിയർ എസി വെന്റുകൾ, സ്റ്റോറേജുള്ള ഫിക്സഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

അടുത്തതായി സേഫ്റ്റിയുടെ കാര്യത്തിലും വളരെ മികവോടെയാണ് 2024 സോനെറ്റ് വരുന്നത്. സുരക്ഷാ ഫീച്ചറുകളിൽ ആറ് എയർബാഗുകൾ, ABS + EBD, ഹൈലൈൻ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), BAS, ESC, HAC എന്നിവ ഉൾപ്പെടുന്നു.
ടോപ്പ് സ്പെക്ക് X -ലൈൻ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് HTE വേരിയന്റിന് ഫോർ വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 360 -ഡിഗ്രി ക്യാമറ, ലെവൽ 1 ADAS, റിയർ പാഴ്‌സൽ ട്രേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ ഡിസ്ക് ബ്രേക്കുകൾ, OTA അപ്ഡേറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി മാത്രമേ ബേസ് സ്പെക്ക് 2024 കിയ സോനെറ്റ് ലഭ്യമാകൂ. പെട്രോൾ മോട്ടോർ 82 bhp മാക്സ് പവറും 115 Nm പീക്ക് torque ഉം സൃഷ്ടിക്കുമ്പോൾ ഡീസൽ യൂണിറ്റ് 114 bhp പവറും 250 Nm torque ഉം സൃഷ്ടിക്കുന്നു.


Click it and Unblock the Notifications








