40 കി.മീ മൈലേജ് പറയുന്ന മാരുതി കാറിന്റെ ലോഞ്ച് വിവരങ്ങള്‍ പുറത്ത്! ഇത്ര വേഗം വരുമെന്നോ?
ഇന്ത്യന്‍ വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കാറാണ് ന്യൂ ജെന്‍ മാരുതി സുസുക്കി സ്വിഫ്റ്റ്. ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ച ജനപ്രിയ ഹാച്ച്ബാക്കിന്റെ പുത്തന്‍ പതിപ്പിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് മാരുതി ഫാന്‍സ്. വിവിധ അപ്ഡേറ്റുകളോടെ അവതരാരപ്പിറവിയെടുക്കാന്‍ പോകുന്ന വാഹനത്തെ കുറിച്ച് ചില അപ്‌ഡേറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. അത് തുടര്‍ന്ന് വായിക്കാം.
ഇക്കഴിഞ്ഞ മാസം ടോക്കിയോയില്‍ നടന്ന ഇവന്റില്‍ വെച്ചാണ് സുസുക്കി നാലാം തലമുറ സ്വിഫ്റ്റിന്റെ കണ്‍സെപ്റ്റ് പതിപ്പ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഇവന്റില്‍ വെച്ച് കാറിനെ കുറിച്ച് നിരവധി വിവരങ്ങള്‍ നിര്‍മാതാക്കള്‍ പങ്കുവെച്ചതോടെ ജനങ്ങളില്‍ വന്‍ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. സമീപഭാവിയില്‍ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരില്‍ പലരും ഇനി സ്വിഫ്റ്റ് വന്നിട്ട് നോക്കാമെന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ എത്തി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 2024 മാരുതി സുസുക്കി സ്വിഫ്റ്റ് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. പരീക്ഷണയോട്ടം തകൃതിയായതിനാല്‍ തന്നെ അടുത്ത വര്‍ഷം കാര്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊട്ടുപിന്നാലെ ഇത് ഇന്ത്യയിലെത്തും. സ്റ്റാന്‍ഡേര്‍ഡ് മോഡലിനൊപ്പം സ്വിഫ്റ്റ് സ്‌പോര്‍ട് എന്ന പുത്തന്‍ വേരിയന്റും കാറിന് സുസുക്കി സമ്മാനിക്കുന്നുണ്ട്.
സ്വിഫ്റ്റ് കാറിന്റെ സ്പോര്‍ട്സ് പതിപ്പായിരിക്കും ഇത്. ഈ കാറിന്റെ ലോഞ്ച് സംബന്ധിച്ച പുത്തന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജപ്പാനിലെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വിഫ്റ്റ് സ്പോര്‍ട് കാര്‍ 2024 മധ്യത്തോടെ അതായത് ഏപ്രിലിലോ മെയ് മാസത്തിലോ വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഈ കാര്‍ വില്‍പ്പനക്കെത്തുമെന്നാണ് സൂചന.

മൊത്തത്തിലുള്ള സ്‌പോര്‍ട്ടിയര്‍ അപ്പീല്‍ ഉയര്‍ത്തുന്നതിനായി സാധാരണ മോഡലില്‍ നിന്ന് വ്യത്യസ്തമായ അഗ്രസീവ് ഡിസൈന്‍ ഭാഷയാണ് സ്വിഫ്റ്റ് സ്‌പോര്‍ടില്‍ സുസുക്കി സ്വീകരിക്കുക. സ്വിഫ്റ്റിന്റെ അതേ ഹാര്‍ഡ്ടെക് പ്ലാറ്റ്ഫോമാണ് ഈ മോഡലിനും അടിവരയിടുക. മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമായിരിക്കും പുതിയ സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഒരു സുപ്രധാന സവിശേഷത.
നിലവിലെ മോഡലിലുള്ള 1.4 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കും. ഇവ രണ്ടും ചേര്‍ന്ന് കാറിന് 140 bhp പവറും 230 Nm ടോര്‍ക്കും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം കാറില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എഞ്ചിന്‍ പഴയതാണെങ്കിലും ചില്ലറ മാറ്റങ്ങളോടെയാകും വരിക.

കുറഞ്ഞ ടോര്‍ക്ക് സവിശേഷതകളുള്ള ഉയര്‍ന്ന മൈലേജുള്ള കാറായി ഇതിനെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും. വലിപ്പത്തിന്റെ കാര്യത്തില്‍ പുതിയ സ്വിഫ്റ്റ് സ്‌പോര്‍ട് നിലവിലെ മോഡലിന് സമാനമായിരിക്കുമെങ്കിലും മെച്ചപ്പെട്ട പെര്‍ഫോമന്‍സിനായി ഭാരം കുറക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സാധാരണ സ്വിഫ്റ്റിനെ പോലെ തന്നെ സ്വിഫ്റ്റ് സ്‌പോര്‍ട് കാറും മികച്ച മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷ.
പുതുതലമുറ സ്വിഫ്റ്റിലെ Z സീരീസ് എഞ്ചിന്‍ ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഹൈബ്രിഡ് സ്വിഫ്റ്റ് വിപണിയില്‍ വലിയ ഓളമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബൈക്കിന്റെ മൈലേജുള്ള കാര്‍ അതും മാരുതിയില്‍ നിന്ന് എന്ന വസ്തുതയാണ് ഹൈപ്പ് വാനോളം ഉയര്‍ത്തുന്നത്.

അതേസമയം ഹൈബ്രിഡ് സിസ്റ്റം സജ്ജീകരിച്ച സ്വിഫ്റ്റിന് അതിനൊത്ത വിലയുമുണ്ടാകുമെന്ന കാര്യം കൂടി ശ്രദ്ധയില്‍ വേണം. ഏതായാലും അടുത്ത കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നാലാം തലമുറ സ്വിഫ്റ്റ് അരങ്ങേറും. അതിന് പിന്നാലെ തന്നെ സ്വിഫ്റ്റ് സ്‌പോര്‍ടും വിപണിയില്‍ എത്തും. എന്നാല്‍ ഈ മോഡല്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ നമ്മുടെ രാജ്യത്ത് പുറത്തിറക്കുമോ എന്ന കാര്യം ഉറപ്പില്ല. അതിന് വേണ്ടില്‍ കുറച്ച് മാസങ്ങള്‍ കൂടി കാത്തിരിക്കാം.


Click it and Unblock the Notifications