26 വേരിയന്റുകള്‍ പടിയിറങ്ങി; ഹാരിയറിന്റെയും സഫാരിയുടെയും വില വീണ്ടും കൂട്ടി ടാറ്റ; കാരണം ഇതാണ്
ദിവസങ്ങള്‍ മാത്രം മുമ്പാണ് ടാറ്റ മോട്ടോര്‍സ് എസ്‌യുവി ഇരട്ടകളായ ഹാരിയറിന്റെയും സഫാരിയുടെയും റെഡ് ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയത്. തൊട്ടുപിന്നാലെ തന്നെ വേരിയന്റ് ലൈനപ്പില്‍ വെട്ടിനിരത്തലും വില വര്‍ധനവും കൊണ്ടുവന്നിരിക്കുകയാണ് ടാറ്റ. തങ്ങളുടെ കാറുകളുടെ കൂടെ കൂടുതല്‍ വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്.
ഒരു ഘട്ടത്തില്‍, ടാറ്റ നെക്സോണ്‍ 77 വേരിയന്റുകളോടെയാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് ഓര്‍ക്കണം. ടാറ്റ മോട്ടോര്‍സ് ഇതുവരെ, ഹാരിയര്‍ എസ്‌യുവി 30 വേരിയന്റുകളോടെയും സഫാരി എസ്‌യുവി 36 വേരിയന്റുകളിലുണ് വാഗ്ദാനം ചെയ്തിരുന്നത്. ഇരു എസ്‌യുവികള്‍ക്കുമായി മൊത്തം 66 വേരിയന്റുകള്‍ ഓഫര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഈ പട്ടികയില്‍ ഉണ്ടായിരുന്ന 26 വേരിയന്റുകളാണ് ടാറ്റ ഇപ്പോള്‍ നിര്‍ത്തലാക്കിയത്.

രണ്ട് പുതിയ റെഡ് ഡാര്‍ക്ക് വേരിയന്റുകള്‍ കൂടി എത്തുന്നതോടെ ഹാരിയറിന്റെ മൊത്തം വേരിയന്റുകളുടെ എണ്ണം 20 ആയി മാറി. 4 പുതിയ റെഡ് ഡാര്‍ക്ക് വേരിയന്റടക്കം 26 വേരിയന്റുകളിലാണ് സഫാരി ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുക. സങ്കീര്‍ണത കുറക്കാന്‍ വേണ്ടിയാണ് ടാറ്റ വേരിയന്റ് നിര പുതുക്കിപ്പണിതത്. ഇത് CAFE (കോര്‍പ്പറേറ്റ് ശരാശരി ഇന്ധന സമ്പദ്വ്യവസ്ഥ) സ്‌കോര്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
2023 മുതല്‍ ശരാശരി CAFE കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഉദ്വമനം ഒരു കിലോമീറ്ററിന് 113 gm-ല്‍ താഴെയായിരിക്കണം. കാര്‍ബണ്‍ഡൈഓക്‌സൈഡ് ഉദ്‌വമന കണക്കുകള്‍ ശരാശരിയില്‍ നിലനിര്‍ത്താന്‍ ബ്രാന്‍ഡ് ട്രിം ലെവലുകള്‍ പവര്‍ട്രെയിനുകളും വെട്ടിച്ചുരുക്കുകയാണ്. ഇത്രയധികം വേരിയന്റുകള്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കാനുള്ള കാരണം ഇതാണ്. ഹാരിയറിന്റെ XT, XZS, XZS DT, XZS ഡാര്‍ക്ക് എഡിഷന്‍, XZ+ കാസിരംഗ, XZ+ ജെറ്റ് എന്നിവ മാനുവല്‍ ട്രാന്‍സ്മിഷനില്‍ നിര്‍ത്തലാക്കി.

XMA, XZAS, XZAS DT, XZAS ഡാര്‍ക്ക്, XZA+ കാസിരംഗ, XZA+ ജെറ്റ് എന്നീ ഓട്ടോമറ്റിക് ഓപ്ഷനുകളും ഒഴിവാക്കി. മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ സഫാരിയുടെ XT, XZ+ ജെറ്റ്, XZ+ കാസിരംഗ, XZ+ ഗോള്‍ഡ് വിത്ത് 6S വേരിയന്റുകള്‍ ഇനിയുണ്ടാകില്ല. XMA, XZA+ Jet, XZA+ കാസിരംഗ, XZA+ ഗോള്‍ഡ് എന്നീ ഓട്ടോമറ്റിക് വേരിയന്റുകളും നിര്‍ത്തലാക്കിയവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
കാസിരംഗ, ജെറ്റ്, ഗോള്‍ഡ് എഡിഷനുകള്‍ നിര്‍ത്തലാക്കിയതിനാല്‍ ഉപഭോക്താക്കള്‍ പുതിയ ടോപ്പ്-സ്‌പെക്ക് വേരിയന്റായ റെഡ് ഡാര്‍ക്ക് എഡിഷനിലേക്ക് മാറുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. ഗോള്‍ഡ് എഡിഷന്‍ നിര്‍ത്തിയതോടെ ഇനിമുതല്‍ സഫാരിക്ക് പിന്നില്‍ വെന്റിലേറ്റഡ് സീറ്റുകളുണ്ടാവില്ല ഫെബ്രുവരി മാസം ഇത് രണ്ടാം തവണയാണ് ടാറ്റ വില കൂട്ടുന്നത്. മാസത്തിന്റെ തുടക്കത്തിലായിരുന്നു 25,000 രൂപ വരെയുള്ള ആദ്യ വര്‍ധന. അതേസമയം ഫെബ്രുവരിയിലെ രണ്ടാമത്തെ വര്‍ധന അതിനേക്കാള്‍ കുറച്ച് കൂടും.

ഇക്കുറി ഹാരിയറിന് 47,000 രൂപയും സഫാരിക്ക് 66,000 രൂപയുമാണ് ഉയര്‍ത്തിയത്. തെരഞ്ഞെടുത്ത വേരിയന്റുകളില്‍ ADAS, വലിയ ടച്ച്സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ് വില കൂട്ടിയത്. മറ്റ് ടാറ്റ കാറുകള്‍ക്കൊന്നും വില വര്‍ധനവില്ല. ഹാരിയറില്‍ നിന്ന് തുടങ്ങിയാല്‍ മോഡലിന്റെ XMS, XT+, XT+ ഡാര്‍ക്ക് എഡിഷന്‍ ട്രിമ്മുകള്‍ക്ക് 14,000 രൂപ കൂടി.
XZ, XZ DT വേരിയന്റുകള്‍ക്ക് 9,000 രൂപ വര്‍ധിപ്പിച്ചു. ഹാരിയര്‍ ലൈനപ്പില്‍ XZ+, XZ+ DT, XZ+ ഡാര്‍ക്ക് ട്രിമ്മുകള്‍ക്കാണ് ശ്രദ്ധിക്കേണ്ട വര്‍ധനവ് ഉള്ളത്. ഇവക്ക് 37,000 രൂപയാണ് കൂടുന്നത്. XZ+ ട്രിമ്മിന്റെ വില ഇപ്പോള്‍ ആരംഭിക്കുന്നത് 21.32 ലക്ഷം രൂപ മുതലാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന്റെ വിലയാണിത്. ഓട്ടോമറ്റിക് വേരിയന്റ് കിട്ടാന്‍ 22.62 ലക്ഷം രൂപ മുടക്കണം. ഡ്യുവല്‍ ടോണ്‍ വേരിയന്റുകള്‍ക്ക് 20,000 രൂപയാണ് കൂടിയത്.
ഇനി ടാറ്റ സഫാരിയുടെ വില വര്‍ധനവ് എങ്ങനെയെന്ന് നോക്കാം. സഫാരിയുടെ XMS ട്രിമ്മിന് ഇപ്പോള്‍ 14,000 രൂപ കൂടി. 14000 രൂപ XT+ ട്രിമ്മിന് വര്‍ധിച്ചപ്പോള്‍ XTA+ ട്രിമ്മിന് 15,000 രൂപ കൂടി. XT+ ഡാര്‍ക്കിന് 19,000 രൂപയാണ് വര്‍ധനവ്. ഇത് XTA+ ഡാര്‍ക്കില്‍ 20,000 രൂപയാണ് കൂടുക. XZ ട്രിമ്മിന്റെ മാനുവല്‍, ഓട്ടോമറ്റിക് വേരിയന്റുകള്‍ക്ക് 10,000 രൂപ വര്‍ധിപ്പിച്ചു. ഇരുമോഡലുകളിലെയും ഏറ്റവും ചെറിയ വര്‍ധനവാണിത്. XZ+, XZ+ അഡ്വഞ്ചര്‍, XZ+ ഡാര്‍ക്ക് എന്നിവയ്ക്ക് 66,000 രൂപ കൂടി.
7S, 6S വേരിയന്റുകളിലും MT, AT വേരിയന്റുകളിലും ഒരേ വിലവര്‍ധന ബാധകമാണ്. ഫലത്തില്‍, മാനുവല്‍ ട്രാന്‍സ്മിഷനുള്ള 6 വേരിയന്റുകള്‍ക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള 6 വേരിയന്റുകള്‍ക്കും സമാനമായ വില വര്‍ധനവ് ലഭിക്കും.ADAS അടക്കമുള്ള ഫീച്ചറുകളുമായി എത്തുന്ന ടാറ്റ എസ്‌യുവികള്‍ വിപണിയില്‍ ഇനി മഹീന്ദ്ര എസ്‌യുവികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. എന്നാല്‍ ഇപ്പോള്‍ നടത്തിയ ഈ വില വര്‍ധനവ് വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് വൈകാതെ അറിയാം.


Click it and Unblock the Notifications








