വരാനിരിക്കുന്നത് അതിമനോഹരം; അടുത്ത വര്‍ഷം കാര്‍ വാങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ ഇവ നോക്കിവെച്ചോളൂ...
2023 തീരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 2024-ല്‍ മുന്‍നിര വാഹന നിര്‍മാതാക്കള്‍ പുത്തന്‍ ലോഞ്ചുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാര്‍ ലോഞ്ചുകള്‍ ഏതൊക്കെയെന്ന് നോക്കാം.
രണ്ട് മാസവും ഏതാനും ദിവസങ്ങളും കൂടി കഴിഞ്ഞാല്‍ പുതുവത്സരം പിറക്കുകയാണ്. വാഹന പ്രേമികളും ഉപഭോക്താക്കളും വളരെ പ്രതീക്ഷയോടെയാണ് പുതിയ വര്‍ഷത്തെ കാത്തിരിക്കുന്നത്. കണ്ടത് മനോഹരമെങ്കില്‍ കാണാനിരിക്കുന്നത് അതിമനോഹരമെന്നല്ലേ പറയാറ്. ഇക്കുറി ഉത്സവ സീസണില്‍ മികവുറ്റ നിരവധി കാറുകള്‍ വിപണിയില്‍ എത്തി. അടുത്ത വര്‍ഷവും പല കമ്പനികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലുകള്‍ പുറത്തിറക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

ഹ്യുണ്ടായി ക്രെറ്റ ഫെയ്സ്ലിഫ്റ്റ്: ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന മോഡലാണ് ക്രെറ്റ. ജനപ്രിയ മിഡ്-സൈസ് എസ്യുവി അടുത്ത വര്‍ഷം മുഖംമിനുക്കി വിപണിയില്‍ എത്താന്‍ പോകുകയാണ്. എസ്യുവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് ഇതിനകം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. ഈ കാറിന്റെ പുറംമോടിയില്‍ ഹ്യുണ്ടായി വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോകുകയാണ്.
നീളമേറിയ ഹെഡ്ലൈറ്റും പരിഷ്‌കരിച്ച ഗ്രില്ലുമടക്കം ഡിസൈനിലടക്കം സമൂല മാറ്റങ്ങള്‍ പ്രകടമാകും. കാറിന്റെ ഇന്റീരിയറില്‍ ചില മാറ്റങ്ങള്‍ വരുത്തും. 360-ഡിഗ്രി ക്യാമറയും ADAS സേഫ്റ്റി കിറ്റും കാറിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 160 bhp പവറും 253 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായിട്ടായരിക്കും എസ്യുവി വരിക. ഈ എഞ്ചിന്‍ 6-സ്പീഡ് IMT അല്ലെങ്കില്‍ 7-സ്പീഡ് DCT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയേക്കും. അടുത്ത വര്‍ഷം ജനുവരിയില്‍ എസ്‌യുവി വിപണിയില്‍ എത്തിയേക്കും.

ന്യൂ ജെന്‍ മാരുതി സ്വിഫ്റ്റ്: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ നാലാം തലമുറ പതിപ്പ് കഴിഞ്ഞ ദിവസം ജപ്പാനില്‍ നടന്ന ഇവന്റില്‍ വെച്ച് അവതരിപ്പിച്ചിരുന്നു. മിനി കൂപ്പര്‍ ലുക്കില്‍ വരുന്ന കാറിന്റെഹെഡ്ലൈറ്റുകള്‍, ഗ്രില്‍, ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ കാണാം.
ഈ കാറിന്റെ ഫീച്ചറുകളെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുമായി കാര്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുത്തന്‍ എഞ്ചിന്റെ മികവില്‍ പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഈ കാര്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂ ജെന്‍ മാരുതി ഡിസയര്‍: പുതിയ തലമുറ സ്വിഫറ്റിന് പിന്നാലെ അതിന്റെ സെഡാന്‍ സഹോദരനായ ഡിസയറും ഇന്ത്യയില്‍ എത്തും. സ്വിഫ്റ്റിന്റെ അതേ എഞ്ചിന്‍ ഓപ്ഷനുകളും ഹൈബ്രിഡ് പവര്‍ട്രെയിനും ഡിസയറിലും ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. പുതിയ തലമുറ ഡിസയറിന് 35 മുതല്‍ 40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപ്റ്റേഡ് സ്വിഫ്റ്റ് ഡിസയര്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മഹീന്ദ്ര ഥാര്‍ 5 ഡോര്‍: ആഭ്യന്തര വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ജനപ്രിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് ഥാര്‍. എതിരാളിയായി മാരുതി ജിംനി അരങ്ങേറിയതോടെ ഥാറിന്റെ 5-ഡോര്‍ പതിപ്പ് അടുത്ത വര്‍ഷം വില്‍പ്പനയ്ക്കെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഥാര്‍ 5 ഡോര്‍ പരീക്ഷണയോട്ടം നടത്തുന്ന സ്‌പൈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിലവിലുള്ള 3 ഡോര്‍ ഥാറിനേക്കാള്‍ പ്രീമിയം ഇന്റീരിയര്‍ ആയിരിക്കും എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പില്‍ വരിക.

എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്‍ സിംഗിള്‍ പെയിന്‍ സണ്‍റൂഫ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകളുടെ സാന്നിധ്യം സ്‌പൈ ചിത്രങ്ങള്‍ ഉറപ്പിക്കുന്നുണ്ട്. 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളുമായി ജോടിയാക്കും.
ടാറ്റ കര്‍വ് കൂപ്പെ എസ്‌യുവി: തങ്ങളുടെ എസ്‌യുവി ലൈനപ്പ് വിപുലീകരിക്കാനൊരുങ്ങുന്ന ടാറ്റ മോട്ടോര്‍സ് കര്‍വ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പ് അടുത്ത വര്‍ഷം അവതരിപ്പിച്ചേക്കും. ഇലക്ട്രിക്, പെട്രോള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ കൂപ്പെ എസ്‌യുവി വാഗ്ദാനം ചെയ്യും. ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ചായിരിക്കും കര്‍വിന്റെ ഇലക്ട്രിക് പതിപ്പ് നല്‍കുക.

ഐസിഇ വേരിയന്റുകളിലേക്ക് വരുമ്പോള്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ ഓഫര്‍ ചെയ്‌തേക്കും. 2024-ല്‍ കാര്‍ വിപണി വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. പ്രത്യേകിച്ച് ഇവി വിപണി. അതിനാല്‍ നിങ്ങള്‍ ഉടന്‍ കാര്‍ വാങ്ങാന്‍ പോകുന്നവരാണെങ്കില്‍ അല്‍പ്പം കൂടി ക്ഷമിക്കുന്നത് നന്നാകും. അടുത്ത വര്‍ഷം കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരാണ് നിങ്ങളെങ്കില്‍ മനസ്സില്‍ കണ്ട മോഡല്‍ ഞങ്ങളുമായി പങ്കുവെക്കൂ.


Click it and Unblock the Notifications