ഡീസല്‍ കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഈ 5 കാര്യങ്ങള്‍ പരിഗണിച്ചില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരും
ഇന്ന് ലോകത്തെ കുഴക്കുന്ന വിഷയങ്ങളാണ് അന്തരീക്ഷ മലിനീകരണവും ആഗോള താപനവുമെല്ലാം. ഡീസല്‍ വാഹനങ്ങളാണ് ഇതിന് ഏറ്റവും വലിയ സംഭാവന നല്‍കുന്നതെന്ന് ശാസ്ത്രവും വിവിധ പഠനങ്ങളും അടിവരയിടുന്നു. എങ്കിലും ഇന്നും പെട്രോള്‍, ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ മുകളില്‍ ഡീസല്‍ വാഹനങ്ങളെ പ്രതിഷ്ഠിക്കുന്ന നിരവധി ആളുകളുണ്ട്.
നിങ്ങള്‍ ഈ വര്‍ഷം ഒരു ഡീസല്‍ വണ്ടി വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അതിന് മുമ്പ് പരിഗണിക്കേണ്ട ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ഈ ലേഖനത്തിലൂടെ. സര്‍ക്കാര്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കടുപ്പിച്ചതോടെ സുവര്‍ണ കാലം പിന്നിട്ട ഡീസല്‍ വാഹനങ്ങളുടെ ജനപ്രീതിയില്‍ ക്രമേണ ഇടിവ് നേരിട്ട് കൊണ്ടിരിക്കുകയാണ്. പെര്‍ഫോമന്‍സ് കൊണ്ടും ഇന്ധനക്ഷമത കൊണ്ടും പെട്രോള്‍ കാറുകളെ ഡീസല്‍ കാറുകള്‍ കവച്ച് വെക്കുന്നു.

അതിനാല്‍ തന്നെ ദൈനംദിന ആവശ്യങ്ങള്‍ക്ക് വാഹനം നോക്കുന്നവരെ ആദ്യം ആകര്‍ഷിക്കുക ഡീസല്‍ വാഹനങ്ങള്‍ ആയിരിക്കും. എന്നിരുന്നാലും 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്കുള്ള നിരോധനവും 2027-ഓടെ എല്ലാ ഡീസല്‍ കാറുകള്‍ക്കും ഈയിടെ നിര്‍ദേശിച്ച ബ്ലാങ്കറ്റ് നിരോധനവുമെല്ലാം കാരണം പുതുതായി വാഹനം വാങ്ങാന്‍ വരുന്നവര്‍ യൂടേണ്‍ എടുക്കുന്നു. അതിനാല്‍ നിങ്ങള്‍ ഈ വര്‍ഷം ഒരു ഡീസല്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പരിഗണിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ചുവടെ വിവരിക്കാം.
റീസെയില്‍ വാല്യു: 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ കാര്‍ നിരോധനവും 2027-ഓടെ പ്രധാന നഗരങ്ങളില്‍ എല്ലാ ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താനുമുള്ള സാധ്യതയുമെല്ലാം ഡീസല്‍ കാറുകളുടെ റീസെയില്‍ വാല്യു കുറച്ചിട്ടുണ്ട്. നിലവിലെ സര്‍ക്കാര്‍ നയങ്ങള്‍ പ്രകാരം ഒരു ഡീസല്‍ കാര്‍ 10 വര്‍ഷത്തെ ഉപയോഗത്തിന് ശേഷം അതിന്റെ അന്ത്യം കുറിക്കുന്നതിന് മുമ്പുതന്നെ സ്‌ക്രാപ്പ് ചെയ്യപ്പെടണം എന്നതാണ്.

മാത്രമല്ല ഒരു അറിയിപ്പും കൂടാതെ ഈ കാറുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. പെട്രോള്‍, ഹൈബ്രിഡ് കാറുകള്‍ 15 വര്‍ഷത്തേക്ക് ഓടിക്കാം. ഒപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇതുവരെ സമയപരിധി നിശ്ചിയിച്ചിട്ടുമില്ല. നിങ്ങള്‍ ദീര്‍ഘനാളത്തേക്ക് ഉപയോഗിക്കാനായി ഒരു ഡീസല്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അത് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെച്ചേക്കാം.
ഉയര്‍ന്ന വില: സര്‍ക്കാര്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതോടെ എഞ്ചിന്‍ അതിന് അനുസൃതമായി പരിഷ്‌കരിക്കാനായി വാഹന നിര്‍മാതാക്കള്‍ക്ക് നല്ല ചെലവ് വരുന്നുണ്ട്. എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി വാഹന നിര്‍മ്മാതാക്കള്‍ സങ്കീര്‍ണവും ചെലവേറിയതുമായ സാങ്കേതികവിദ്യ കൊണ്ടുവരേണ്ടതായി വരും. അത് കാരണം കാറുകളുടെ വിലയും സ്വാഭാവികമായും വര്‍ധിക്കും. എഞ്ചിന്‍ പരിഷ്‌കരിക്കുന്നതോടൊപ്പം മെയിന്റനന്‍സ് കോസ്റ്റും കൂടുമെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ധന വില: ഡീസല്‍ വാഹനങ്ങള്‍ ആളുകള്‍ വാങ്ങാനുള്ള മറ്റൊരു കാരണം രണ്ടിന്റെയും വിലയിലുള്ള മാറ്റമായിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്ത് ഇന്ധന വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞ് വരികയാണ്.
ഇന്ന് വിപണിയില്‍ എത്തുന്ന പെട്രോള്‍, ഹൈബ്രിഡ് കാറുകള്‍ ഡീസല്‍ കാറുകളുടെ അത്രയും തന്നെ മൈലേജ് തരുന്നുണ്ടെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. പുതിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്നിവ കാര്യക്ഷമമാണെന്നതും കൂടി കണക്കിലെടുക്കുമ്പോള്‍ ഈ വ്യത്യാസങ്ങള്‍ കുറഞ്ഞ് വരികയാണ്.
ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കാന്‍ സാധ്യത: പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ടാറ്റ മോട്ടോര്‍സും മഹീന്ദ്രയുമടക്കം ചില നിര്‍മാതാക്കളാണ് ഇപ്പോള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്.
എങ്കിലും 10 കൊല്ലം മാത്രം റണ്ണിംഗ് ലൈഫ് ഉള്ള ഒരു വാഹനത്തിനായി വലിയൊരു സംഖ്യ നിക്ഷേപിക്കുന്നത് അത്ര സുഖകരമാണോ എന്ന് ചിന്തിക്കണം. കാരണം എമിഷന്‍ മാനദണ്ഡങ്ങള്‍ ഇനിയും കള്‍ശനമാക്കുന്നതോടെ ഡീസല്‍ എഞ്ചിന്‍ നിര്‍ത്താന്‍ പല നിര്‍മാതാക്കളും നിര്‍ബന്ധിതരാകും. അത്തരം സാഹചര്യത്തില്‍ റീസെയില്‍ വാല്യു കുറയുമെന്ന് മാത്രമല്ല സ്പെയര്‍ പാര്‍ട്സ് ലഭ്യത കുറയാനും മെയിന്റനന്‍സ് ചെലവ് കൂടാനും സാധ്യതയുണ്ട്.

ഇന്‍ഷുറന്‍സ് ചെലവുകള്‍: ഡീസല്‍ കാറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഉയര്‍ന്ന തലത്തിലുള്ള അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. ഇത് കാരണം ഇന്‍ഷൂറന്‍സിന് എപ്പോഴും ചെലവ് കൂടുതലായിരുന്നു. നിലവിലുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡീസല്‍ കാറുകള്‍ക്ക് കൂടുതല്‍ പ്രീമിയം ഈടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരു കാര്‍ വാങ്ങി കൊണ്ടുനടക്കുമ്പോള്‍ ഇന്‍ഷൂര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. അപ്പോള്‍ നിങ്ങള്‍ ഡീസല്‍ കാര്‍ എടുക്കുമ്പോള്‍ ഇത് കൂടി പരിഗണിക്കണം.
വളരെ പെട്ടെന്ന് മൊത്തത്തില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്ന ഒരു സാഹചര്യമുണ്ടാകില്ല. ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഏറ്റവും ഫോസില്‍ ഇന്ധനത്തിന്റെ ഏകദേശം 40 ശതമാനവും ഡീസല്‍ ആണ്. വാണിജ്യ വാഹനങ്ങളില്‍ ബഹു ഭൂരിപക്ഷവും ഡീസല്‍ വാഹനങ്ങള്‍ ആയതിനാല്‍ ഒറ്റയടിക്ക് നിരോധനം ഏതായാലും നടപ്പാകില്ല. അത് ഘട്ടംഘട്ടമായി മാത്രമേ നടപ്പാകൂ. മുകളില്‍ പറഞ്ഞ കാര്യങ്ങളും നിങ്ങളുടെ സാമ്പത്തിക നിലയുമെല്ലാം പരിഗണിച്ച് ഒരു തീരുമാനത്തിലേക്ക് എത്തുക.


Click it and Unblock the Notifications