അങ്ങനെയൊന്നും പിൻമാറില്ല! സെഡാൻ സെഗ്മെന്റിന്റെ പുനരുദ്ധാരണം ഇനി ഇവയിലൂടെ
എസ്‌യുവികൾക്ക് ഉയർന്ന ജനപ്രീതി ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ വിപണിയിൽ ഇന്നും സെഡാനുകൾക്ക് ഒരു പ്രത്യേക ഫാൻബേസുണ്ട്. അതിനാൽ തന്നെ പല പ്രമുഖ വാഹന നിർമ്മാതാക്കളും ഈ സെഗ്മെന്റിൽ മോഡലുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. വരും വർഷങ്ങളിൽ പുതിയ സെഡാനുകളുടെ വരവിനു രാജ്യം സാക്ഷ്യം വഹിക്കും. വരാനിരിക്കുന്ന അഞ്ച് സെഡാനുകളെക്കുറിച്ച് നമുക്ക് നോക്കാം:
1. ഹ്യുണ്ടായി വെർണ N ലൈൻ: ഏതാനും മാസങ്ങൾക്ക് മുമ്പ്, ഹ്യുണ്ടായി വെർണയുടെ പുതിയ തലമുറ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. സെഡാന് ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. N ലൈൻ വേരിയന്റിനൊപ്പം മിഡ് സൈസ് സെഡാന്റെ മോഡൽ നിര വിപുലീകരിക്കാനാണ് ദക്ഷിണ കൊറിയൻ നിർമ്മാതാക്കളുടെ പ്ലാൻ.

1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ പതിപ്പ് ലഭ്യമാവുകയുള്ളൂ. സ്പോർട്ടിയർ ഹാൻഡ്ലിംഗ് വാഗ്ദാനം ചെയ്യുന്നതിനായി മെക്കാനിക്കൽ മാറ്റങ്ങൾക്കൊപ്പം അകത്തും പുറത്തും കോസ്മെറ്റിക് അപ്ഡേറ്റുകളും പ്രതീക്ഷിക്കാം. പെർഫോമെൻസ് സെഡാൻ വിഭാഗത്തിലേക്ക് ഒരു ചുവടു വെയ്പ്പും ഹ്യുണ്ടായിക്ക് ഇതിന്റെ വരവോടെ സാധിക്കും.
2. ന്യൂ ജെൻ മാരുതി സുസുക്കി ഡിസയർ: മൂന്നാം തലമുറ മാരുതി സുസുക്കി ഡിസയർ വിപണിയിൽ ഉടൻ എത്തും എന്ന അഭ്യൂഹങ്ങൾ വളരെക്കാലമായി നിലവിലുണ്ട്, അപ്പ്ഡേറ്റ് ചെയ്ത മോഡൽ അടുത്ത വർഷം വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ന്യൂ ജെൻ സ്വിഫ്റ്റിന്റെ രൂപകൽപ്പന ഇതിനെ വളരെയധികം സ്വാധീനിക്കും.
അതേസമയം ക്യാബിൻ കൂടുതൽ അപ്പ്മാർക്കറ്റ് ആയിരിക്കും. ലിറ്ററിന് 35 മുതൽ 40 കിലോമീറ്റർ എന്ന വളരെ ആകർഛകമായ മൈലേജ് അവകാശപ്പെടുന്ന പുതിയ 1.2 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ന്യൂ ജെൻ പതിപ്പിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. എക്കാലത്തും മാരുതിയ്ക്ക് മികച്ച വിൽപ്പന കണക്കുകൾ വാഗ്ദാനം ചെയ്തിട്ടുള്ള ഡിസയറിന്റെ പുതിയ തലമുറയ്ക്കായി രാജ്യം കാത്തിരിക്കുകയാണ്.
3. ന്യൂ ജെൻ ഹോണ്ട അമേസ്: 2024 -ൽ ഹോണ്ട, പുതിയ അമേസിന്റെ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന മാരുതി സുസുക്കി ഡിസയറിനെതിരെ മത്സരിക്കാൻ, വർഷത്തിന്റെ രണ്ടാം പകുതിയിൽ അമേസ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

എന്നിരുന്നാലും വാഹനത്തിന്റെ വരവിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഹോണ്ട ഗ്ലോബൽ സെഡാനുകളിൽ നിന്ന് എക്സ്റ്റീരിയർ ഡിസൈൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരിക്കും, അതോടൊപ്പം ഇന്റീരിയറിന് കൂടുതൽ അപ്പ്മാർക്കറ്റ് ഫീൽ നൽകും. നിലവിലുള്ള പെട്രോൾ എൻജിൻ ഓപ്ഷനിൽ തന്നെ സെഡാനിൽ നിലനിർത്താനാണ് സാധ്യത.
4. ന്യൂ ജെൻ സ്കോഡ സൂപ്പർബ്: ബിഎസ് VI സ്റ്റേജ് II എമിഷൻ സ്റ്റാൻഡേർഡുകൾ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സൂപ്പർബ്, ഒക്ടാവിയ സെഡാനുകൾ സ്കോഡ ഇന്ത്യ നിർത്തലാക്കിയിരുന്നു. ഇത് ബ്രാൻഡിന്റെ ആഭ്യന്തര മോഡൽ ലൈനപ്പിൽ സെഡാൻ വിഭാഗത്തിൽ സ്ലാവിയ മാത്രം അവശേഷിപ്പിച്ചു. എന്നിരുന്നാലും, പുതുക്കിയ പവർട്രെയിനോടെയാണ് പുതുതലമുറ സൂപ്പർബ് അവതരിപ്പിക്കുന്നതെന്ന് ചെക്ക് വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. നാലാം തലമുറ സൂപ്പർബ് ഈ വർഷാവസാനം വേൾഡ് പ്രീമിയർ നടത്തും, ഉടൻ ഇന്ത്യയിലും എത്തും.
5. സ്കോഡ ഒക്ടാവിയ: ഒക്ടാവിയയും പുതുക്കിയ രൂപഭാവത്തിൽ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. ബ്രാൻഡിന് രാജ്യത്തുള്ള വളരെ ജനപ്രിയ നെയിംപ്ലേറ്റുകളിൽ ഒന്നാണിത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ അപ്പ്ഡേറ്റുകളും വരാനിരിക്കുന്ന മോഡലിലുണ്ടാവും. അതോടൊപ്പം പെർഫോമെൻസ് സ്പെക്ക് ഒക്ടാവിയ RS iV പതിപ്പും നിർമ്മാതാക്കൾ വിപണിയിൽ എത്തിച്ചേക്കാം.


Click it and Unblock the Notifications








