ടാറ്റ പോലും ചിന്തിക്കാത്ത നീക്കവുമായി മഹീന്ദ്ര; ഈ സേഫ്റ്റി ഫീച്ചര്‍ കൂടുതല്‍ മോഡലുകളിലേക്ക്
അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തിന്റെ ചുരുക്കപ്പേരാണ് ADAS. വ്യത്യസ്ത ക്യാമറകളും സെന്‍സറുകളും എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു കാറിന് ഒരു നിശ്ചിത തലത്തിലുള്ള സ്വയംഭരണ ശേഷി നല്‍കുന്ന ഒരു റഡാര്‍ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ADAS. ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മാസ്-മാര്‍ക്കറ്റ് വാഹനമായിരുന്നു എംജി ഗ്ലോസ്റ്റര്‍.
എന്നാല്‍ ADAS ട്രെന്‍ഡിംഗാക്കിയ മോഡല്‍ മഹീന്ദ്ര XUV700 എസ്‌യുവിയാണ്. ലെവല്‍ 2 ADAS സാങ്കേതികവിദ്യയുമായിട്ടാണ്് മഹീന്ദ്ര XUV700 വിപണിയില്‍ എത്തിയത്. ഇന്ന് 20 ലക്ഷം രൂപക്ക് താഴെ വിലയില്‍ വരുന്ന നിരവധി വാഹനങ്ങളിലടക്കം ഈ ട്രെന്‍ഡിംഗ് ഫീച്ചര്‍ വരുന്നുണ്ട്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എസ്‌യുവികള്‍ വിറ്റഴിക്കുന്ന ഒരു ബ്രാന്‍ഡാണ് മഹീന്ദ്ര.

ADAS ഫീച്ചര്‍ ഇപ്പോള്‍ മഹീന്ദ്ര എസ്‌യുവി കസ്റ്റമേഴ്‌സിനിടയില്‍ വന്‍ സ്വീകാര്യതയാണ് നേടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് 1 ലക്ഷം യൂണിറ്റ് XUV700 വിറ്റഴിച്ച് അടുത്ത കാലത്ത് മഹീന്ദ്ര പുത്തന്‍ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും ADAS സജ്ജീകരിച്ച കാറാണ് തെരഞ്ഞെടുത്തതെന്നാണ് മഹീന്ദ്ര പറയുന്നത്.
ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഫ്രണ്ട് കൊളിഷന്‍ വാണിംഗ്, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് XUV700 എസ്‌യുവിയിലെ ADAS സ്യൂട്ട്. XUV700 എസ്‌യുവിയുടെ ADAS സിസ്റ്റങ്ങള്‍ ഇത്രയധികം ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് മഹീന്ദ്രയിലെ കുറച്ച് പേര്‍ പ്രതീക്ഷിച്ചിരുന്നു.

എസ്‌യുവിക്കുണ്ടായ വമ്പന്‍ ഡിമാന്‍ഡ് തന്നില്‍ ആശ്ചര്യമുളവാക്കിയെന്ന് കമ്പനിയുടെ ഓട്ടോമൊബൈല്‍ ബിസിനസ് ഇഡിയും സിഇഒയുമായ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു. ഉപഭോക്താവിന് കൂടുതല്‍ സൗകര്യവും സുരക്ഷിതത്വവും നല്‍കുവാനാണ് ADAS കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അതിനാല്‍ തന്നെയാണ് ഈ സാങ്കേതികവിദ്യയ്ക്കായി മഹീന്ദ്ര ഉപഭോക്താക്കള്‍ കൂടുതല്‍ പണം മുടക്കാന്‍ തയാറാകുന്നതെന്നുമാണ് രാജേഷ് ജെജുരീക്കര്‍ പറയുന്നത്.
നൂതനമായ സാങ്കേതികവിദ്യകള്‍ ആളുകള്‍ക്ക് താങ്ങാനാകുന്നതിനാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഇതിനായി താല്‍പര്യപ്പെട്ട് മുന്നോട്ട് വരുന്നുണ്ട്. ഇന്ത്യയിലെ ദുഷ്‌കരമായ റോഡ് സാഹചര്യങ്ങളില്‍ ഈ സിസ്റ്റങ്ങള്‍ വളരെ പ്രസക്തമായതിനാല്‍ കൂടുതല്‍ മഹീന്ദ്ര മോഡലുകളില്‍ ADAS ഉള്‍പ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി ജെജുരീക്കര്‍ കൂട്ടിച്ചേര്‍ത്തു.സ്‌കോര്‍പിയോ N, ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്ന സ്‌കോര്‍പിയോ പിക്കപ്പ് എന്നിവക്കായിരിക്കും ആദ്യം ADAS ലഭിക്കുക.

പിന്നീട് XUV300, XUV400 എന്നിവയിലും ടെക്‌നോളജി ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഭാവിയിലെ എസ്‌യുവികള്‍ SAE നിര്‍വചിച്ചിരിക്കുന്ന ലെവല്‍ 2 ഡ്രൈവിംഗ് ഓട്ടോമേഷനുമായി ഇവ പൊരുത്തപ്പെടുമെന്നും കമ്പനി സൂചന നല്‍കി. SAE ലെവല്‍ 2-ന് യോഗ്യത നേടുന്നതിന് സിസ്റ്റങ്ങളില്‍ ബ്രേക്ക്, ആക്സിലറേറ്റര്‍, സ്റ്റിയറിംഗ് ഇന്റര്‍വെന്‍ഷന്‍, ലെയ്ന്‍ സെന്റററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുത്തണം. എന്നിരുന്നാലും, വ്യവസ്ഥകള്‍ക്കനുസൃതമായി അല്ലെങ്കില്‍ നിര്‍ദേശ പ്രകാരം ഡ്രൈവര്‍ മേല്‍നോട്ടം വഹിക്കുകയും ഇടപെടുകയും ചെയ്യേണ്ടതായുണ്ട്.
കുറച്ച് നാള്‍ മുമ്പ് വരെ മെര്‍സിഡീസ് ബെന്‍സ്, വോള്‍വോ എന്നീ ലോകോത്തര കാര്‍ നിര്‍മാതാക്കളുടെ വാഹനങ്ങളില്‍ കണ്ടുവന്നിരുന്ന ഫീച്ചര്‍ ആയിരുന്നു ADAS. എന്നാല്‍ ഫീച്ചര്‍ ട്രെന്‍ഡിംഗായി മാറിയതോടെ പല ജനപ്രിയ മോഡലുകളിലും ADAS സാന്നിധ്യമറിയിച്ചു. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, എംജി ഹെക്ടര്‍, എംജി ആസ്റ്റര്‍, എംജി ZS ഇവി, ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി എന്നീ മോഡലുകളാണ് നിലവില്‍ ADAS ലഭ്യമായ താങ്ങാനാവുന്ന ചില കാറുകള്‍.
ഇന്ത്യയിലെ ഉപഭോക്താക്കള്‍ ADAS സാങ്കേതികവിദ്യയെ ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ട്രാഫിക് സിസ്റ്റത്തിന്റെ കുറവുകളും മറ്റും അതിനെ പൂര്‍ണ അളവില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. അതുപോലെ ചില ഡ്രൈവര്‍മാര്‍ ADAS-ന്റെ പരിമിതികള്‍ പൂര്‍ണമായി മനസ്സിലാക്കാത്തത് ദുരുപയോഗത്തിലേക്ക് നയിക്കുന്നു. ADAS ദുരുപയോഗം ചെയ്യുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അവയില്‍ ചിലത് ഞങ്ങള്‍ ഇതിനോടകം വാര്‍ത്തയാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതുകൂടാതെ ADAS സിസ്റ്റങ്ങളില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങളും ഒരു വെല്ലുവിളിയാണ്. ഓട്ടോണോമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയിലെ അതികായന്‍മാരായ ടെസ്ലയുടെ കാറുകള്‍ക്കെതിരെ വരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ADAS ദുരുപയോഗം ചെയ്യാതെ നല്ല നിലയില്‍ ശരിയായി ഉപയോഗിച്ചാല്‍ അത് കാറിന്റെ സുരക്ഷ കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. തങ്ങളുടെ മറ്റ് ജനപ്രിയ മോഡലുകളില്‍ കൂടി ADAS വരുന്നതോടെ വില്‍പ്പനയില്‍ ഉയര്‍ച്ച നേടാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലും മഹീന്ദ്രക്കുണ്ട്.


Click it and Unblock the Notifications








