1.60 ലക്ഷം രൂപ വരെ പോക്കറ്റിലാക്കാം; ഇത് നെക്‌സോണ്‍ ഇവി വാങ്ങാന്‍ പറ്റിയ സമയം
ഇലക്ട്രിക് കാറുകള്‍ സ്വന്തമാക്കാന്‍ തുടക്കത്തില്‍ അത്യാവശ്യം നല്ല പണം ഇറക്കണമെന്നതിനാല്‍ തന്നെ പലരും മടിച്ച് നില്‍ക്കാറുണ്ട്. എന്നാല്‍ വിവിധ സര്‍ക്കാറുകള്‍ നല്‍കുന്ന സബ്‌സിഡികള്‍ പരിഗണിച്ച് അതിനോട് അടുക്കുന്നവരും കുറവല്ല. സര്‍ക്കാര്‍ സബ്‌സിഡികള്‍ ഇവികളിലേക്ക് ചുവടുമാറുന്നതിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.
കേന്ദ്ര സര്‍ക്കാര്‍ ഫെയിം II (FAME II) പദ്ധതിക്ക് കീഴിലും വിവിധ സംസ്ഥാന സര്‍ക്കാറുകളും സബ്‌സിഡികള്‍ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പാ ഇവി നയം സ്വീകരിച്ച സംസ്ഥാനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളെ രജിസ്‌ട്രേഷന്‍ ഫീ, റോഡ് നികുതി എന്നിവയില്‍ നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ ഇവി വിപണിയിലെ അതികായന്‍മാരായ ടാറ്റ മോട്ടോര്‍സിന്റെ ബെസ്റ്റ് സെല്ലറാണ് നെക്‌സോണ്‍ ഇവി.

നെക്സോണ്‍ ഇവി സബ്സിഡിക്ക് കീഴില്‍ വന്നതോടെ ഉപഭോക്താക്കള്‍ക്ക് കീശയിലായത് ഏകദേശം 2 മുതല്‍ 3 ലക്ഷം വരെയാണ്. ഇതാണ് നെക്‌സോണ്‍ ഇവി വില്‍പ്പനയുടെ കാര്യത്തില്‍ മുന്നിലെത്താനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. നിലവില്‍ 80 ശതമാനത്തിലധികം വിപണി വിഹിതവുമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാറായി നെക്‌സോണ്‍ മാറിയത്. എന്നാല്‍ നെക്‌സോണ്‍ ഇവി സ്ബ്‌സിഡിക്ക് അര്‍ഹമല്ലാതായി മാറിയതോടെ ഓണ്‍ റോഡ് വിലയും കൂടി.
എങ്ങനെ നെക്‌സോണ്‍ ഇവി സബ്‌സിക്ക് അര്‍ഹമല്ലാതായി എന്നത് പിന്നാലെ പറയാം. സബ്‌സിഡി ലഭ്യമല്ലാതെ വന്നതോടെ വിലപ്പനയിലും ഇടിവ് നേരിട്ടു. എന്നാല്‍ ഇപ്പോള്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി പുതിയ തന്ത്രം സ്വീകരിച്ചിരിക്കുകയാണ് ടാറ്റ. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. നെക്സോണ്‍ ഇവി പ്രൈം ഇപ്പോള്‍ 90,000 രൂപ വരെ വിലക്കിഴിവില്‍ സ്വന്തമാക്കാം.

നെക്സോണ്‍ ഇവി മാക്‌സ് എടുത്താല്‍ 80,000 രൂപ വരെയാണ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. ടാറ്റ മോട്ടോര്‍സ് ഇക്കഴിഞ്ഞ ജനുവരിയില്‍ ഇലക്ട്രിക് കാറുകളുടെ വില കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍. 50,000 രൂപ വരെയാണ് നെക്‌സോണ്‍ ഇവി പ്രൈമിന്റെ വില കുറച്ചത്. നെക്‌സോണ്‍ ഇവി മാക്‌സിന് 85,000 രൂപ വരെ കുറഞ്ഞു. സര്‍ക്കാറിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയില്‍ പങ്കാളിയായതിന്റെ ബലത്തിലാണ് ടാറ്റ വിലകുറച്ച് വില്‍പ്പന നേടാനുള്ള അടവ് പയറ്റിയത്.
ഇലക്ട്രിക് വാഹനങ്ങളുടെയും ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഇവിയുടെയും (എഫ്സിഇവി) നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയാണിത്. ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ടാറ്റ തീരുമാനിക്കുകയായിരുന്നു. വില കുറച്ചതിന് പുറമെ ഡിസ്‌കൗണ്ടുകള്‍ കൂടിയാകുമ്പോള്‍ മൊത്തം ഏകദേശം 1.4 ലക്ഷം രൂപ ആനുകൂല്യത്തില്‍ ടാറ്റ നെക്സോണ്‍ ഇവി പ്രൈം സ്വന്തമാക്കാനാണ് അവസരം. നെക്‌സോണ്‍ ഇവി മാക്‌സിന്റെ കാര്യം പരിഗണിച്ചാല്‍ 1.65 ലക്ഷം രൂപ വരെയാണ് മോഡല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കീശയിലാക്കാനാവുക.

ഫെയിം, സംസ്ഥാന സബ്‌സിഡികള്‍ വഴി ലഭിച്ചിരുന്ന ആനുകൂല്യത്തിന്റെ ഏകദേശം പകുതിയോളം വരും ഇത്. ഫെയിം II പദ്ധതിയനുസരിച്ച് ഇലക്ട്രിക് കാറുകള്‍ക്ക് ഒരു kWh-ന് 10,000 രൂപയാണ് സബ്സിഡി. ഇവിയുടെ മൊത്തം വിലയുടെ 20 ശതമാനം വരെയാണ് പരമാവധി സബ്‌സിഡിയായി ലഭിക്കുക. എന്നാല്‍ സബ്‌സിഡിക്ക് അര്‍ഹത നേടാന്‍ ഇലക്ട്രിക് കാറിന്റെ വില 15 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണമെന്ന നിബന്ധനയുണ്ട്.
നേരത്തെ ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ നെക്സോണ്‍ ഇവി 15 ലക്ഷം രൂപയ്ക്കുള്ളില്‍ ലഭിക്കാതെ വന്നതോടെ സബ്‌സിഡിക്ക് അര്‍ഹതയില്ലാതായി. മഹാരാഷ്ട്ര പോലുള്ള ഇടങ്ങളിലും ടാറ്റ നെക്സോണ്‍ ഇവി സംസ്ഥാന സബ്സിഡി പരിധിയില്‍ നിന്നും പുറത്തായി. മഹാരാഷ്ട്രയില്‍ നേരത്തെ ഒരു kWh-ന് 5,000 രൂപയായിരുന്നു ഇവികളുടെ സബ്സിഡി. പരമാവധി 1.50 ലക്ഷം രൂപ വരെ സബ്‌സിഡി കിട്ടുമായിരുന്നു. ഇവി വാങ്ങുന്നവര്‍ക്കുള്ള സബ്‌സിഡികള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെ ലഭ്യമായിരുന്നു. പിന്നീട് ഇത് നിര്‍ത്തലാക്കുകയായിരുന്നു.
അടുത്തിടെ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയുടെ വരവ് ഭീഷണി ആയതിന് പിന്നാലെയാണ് ടാറ്റ ഇവികള്‍ക്ക് വില കുറച്ചത്. അഴകളവുകള്‍, പവര്‍, ടോര്‍ക്ക്, ആക്‌സിലറേഷന്‍ എന്നീ കാര്യങ്ങളില്‍ മഹീന്ദ്ര XUV400 ടാറ്റ ഇവികളെ പിന്നിലാക്കുന്നുണ്ട്. നെക്‌സോണിന് വില കുറക്കുകയും ഒപ്പം ഓഫറുകളും കൂടി നല്‍കുന്നതോടെ XUV400-ന്റെ ഭീഷണി ചെറുക്കാനാകുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. ഇതിനോടകം 15,000 ത്തിലധികം ബുക്കിംഗുകള്‍ സ്വന്തമാക്കി കുതിക്കുകയാണ് മഹീന്ദ്ര XUV400.


Click it and Unblock the Notifications








