പ്രതീക്ഷയോടെ ഔഡി കമ്പനി;ലക്ഷ്യമിടുന്നത് ഇരട്ടി വിൽപ്പന
കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ഇന്ത്യൻ വിപണി വളർന്നു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഭാവിയിൽ മികച്ച വിൽപ്പനയാണ് ഔഡി കമ്പനി ലക്ഷ്യം വച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലാണ് ഇപ്പോൾ കൂടുതൽ വിൽപ്പന നേടാൻ കമ്പനിയെ സഹായിക്കുന്നത്.
ഇനിയുളള ഭാവിയിൽ ആഡംബര കാറുകളിൽ തങ്ങളുടെ വിൽപ്പന ഉയർത്താനാണ് കമ്പനിയുടെ ശ്രമം. മറ്റൊന്നുമല്ല ആഡംബര കാറുകൾക്ക് അത് പോലെ വലിയ ഡിമാൻഡുണ്ട്. 2018 കാലഘട്ടത്തിൽ കമ്പനി നേടിയത് 41000 യൂണിറ്റുകളായിരുന്നു. ഈ വർഷവും അത് നിലനിർത്തി കൊണ്ട് പോകണം എന്നാണ് കമ്പനിയുടെ ലക്ഷ്യം. ഗ്രീൻ മൊബിലിറ്റിയിലേക്ക് ഒരുപാട് ഉപഭോക്താക്കളെ കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.

രാജ്യത്ത് ആഡംബര കാറുകൾ വിൽക്കുന്ന വാഹന നിർമാതാക്കളിൽ ഏറ്റവും പ്രധാനപ്പെട്ടവരാണ് ഔഡി, മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ജാഗ്വാർ ലാൻഡ് റോവർ, ലെക്‌സസ്, വോൾവോ, ലംബോർഗിനി, ഫെരാരി, റോൾസ് റോയ്‌സ്, ബെൻ്റലി
കൊവിഡ് മഹാമാരിക്ക് ശേഷമുളള കുതിച്ചു ചാട്ടത്തിൽ ഒരുപാട് മുന്നേറ്റം നടത്തിയ കമ്പനിയാണ് ഔഡി. അത് മാത്രമല്ല തങ്ങളുടെ ഡീസൽ മോഡലുകൾ എല്ലാം പിൻവലിക്കാനുളള നീക്കം വളരെ ധീരമായിരുന്നു എന്ന് വേണം കരുതാൻ, കാരണം ഇത്രയും ഡിമാൻഡ് കുറഞ്ഞ് നിൽക്കുന്ന സമയത്ത് പോലും ഇത്തരത്തിലൊരു തീരുമാനം എടുത്ത കമ്പനി തീർച്ചയായും പ്രശംസ അർഹിക്കുന്നുണ്ട്.ചിപ്പുകളുടെ ഒരു ക്ഷാമം മാത്രമാണ് എല്ലാ കമ്പനികൾക്കും തിരിച്ചടി ആയത്.

അടുത്തിടെയാണ് ഔഡി തങ്ങളുടെ പുതിയ മോഡൽ പുറത്തിറക്കിയത്.ലക്ഷ്വറി വാഹന പ്രേമികൾ കാത്തിരുന്ന ഔഡിയുടെ പുത്തൻ Q3 സ്പോർട്‌ബാക്ക്.51.43 ലക്ഷം രൂപയാണ് ഈ കൂപ്പെ പതിപ്പിന്റെ എക്സ്ഷോറൂം വില വരുന്നത്. ആദ്യ കാഴ്ച്ചയിൽ ഇത് സ്റ്റാൻഡേർഡ് മോഡലിന് സമാനമാണെന്ന് തോന്നുമെങ്കിലും ചില ശ്രദ്ധേയമായ പരിഷ്ക്കാരങ്ങൾ പുത്തൻ പതിപ്പിലേക്ക് ചേർക്കാൻ ജർമൻ ആഡംബര വാഹന നിർമാതാക്കൾ തയാറായിട്ടുണ്ട്. സ്ലോപ്പിംഗ് റൂഫ്‌ലൈൻ, ഹണികോംബ്-മെഷ് ഗ്രിൽ, ബ്ലാക്ക്ഡ്-ഔട്ട് ക്രോം ആക്‌സന്റുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയ്‌ക്കൊപ്പം തനതായ ശൈലി പിടിച്ചാണ് സ്പോർട്ബാക്കിന്റെ വരവ്.
വലുതും കൂടുതൽ സ്റ്റൈലിഷുമായ 18 ഇഞ്ച് അലോയ് വീലുകൾക്കൊപ്പം റെഡ് നിറത്തിൽ ഒരുക്കിയിരിക്കുന്ന ബ്രേക്ക് കാലിപ്പറുകൾ ഔഡി Q3 സ്പോർട്ബാക്ക് കൂപ്പെ എസ്‌യുവിക്ക് സ്പോർട്ടി ആകർഷണം നൽകിയിട്ടുണ്ടെന്നു വേണം പറയാൻ. ക്വാട്രോ ബാഡ്‌ജിംഗോടുകൂടിയ കൂറ്റൻ ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലിന് പുറമെ സ്റ്റൈലിഷ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ ചേർത്തിരിക്കുന്നതും ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണ്. മൂന്ന് വേരിയന്റുകളിലാണ് സ്പോർട്ട് യൂട്ടിലിറ്റി വാഹനം നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

പ്രീമിയം പ്ലസ് (44.89 ലക്ഷം), ടെക്‌നോളജി (50.39 ലക്ഷം), പുതിയ ടെക്‌നോളജി എസ്-ലൈൻ സ്പോർട്‌ബാക്ക് (51.43 ലക്ഷം) എന്നിവയാണ് അവ. എസ്-ലൈൻ പാക്കേജ് എന്ന പുതിയ കൂപ്പെ മോഡൽ സ്റ്റാൻഡേർഡ് Q3 മോഡലിൽ നിന്നും സ്‌പോർട്ടി ഫ്രണ്ട്, റിയർ ബമ്പറുകൾ ചേർത്താണ് ആഡംബരത്തം വിളിച്ചോതുന്നത്. സ്‌പോർട്‌ബാക്കിന്റെ ഷാർപ്പ് കട്ടുകളും ക്രീസുകളും മസ്ക്കുലർ രൂപത്തെ എടുത്തുകാണിക്കുന്നുമുണ്ട്. മുന്നിലും പിന്നിലും ഫെൻഡറുകളിൽ ശക്തമായ ക്യാരക്‌ടർ ലൈനുകളും കാണാം. ടർബോ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ക്രോണോസ് ഗ്രേ, മൈത്തോസ് ബ്ലാക്ക്, നവാര ബ്ലൂ എന്നീ വ്യത്യസ്‌തമായ അഞ്ച് കളർ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാം.
ലെതർ, ലെതറെറ്റ് കോമ്പിനേഷൻ ഉപയോഗിച്ചാണ് സീറ്റുകൾ അലങ്കരിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീലും ലെതറിൽ പൊതിഞ്ഞാണ് നൽകിയിരിക്കുന്നത്. Q3 എസ്‌യുവി ശ്രേണിക്ക് കരുത്ത് പകരുന്ന അതേ 2.0 ലിറ്റർ ഫോർ-സിലിണ്ടർ ടർബോചാർജ്ഡ് TFSI എഞ്ചിൻ തന്നെയാവും പുതിയ സ്പോർട്ബാക്ക് കൂപ്പെയ്ക്കും തുടിപ്പേകുക. 7-സ്പീഡ് എസ്-ട്രോണിക് ഗിയർബോക്സും ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് പരമാവധി 190 bhp പവറിൽ 320 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
വെറും 7.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈയെത്തിപ്പിടിക്കാനും ഔഡി Q3 സ്പോർട്ബാക്ക് പ്രാപ്‌തമാണ്. പാഡിൽ ഷിഫ്റ്ററുകളും കൂപ്പെ എസ്‌യുവിയുടെ ഭാഗമാണ്. ചരിഞ്ഞ റൂഫ് ഡിസൈനുള്ള കാറുകളെ പൊതുവേ വിശേഷിപ്പിക്കാറുള്ള പദങ്ങളാണ് സ്‌പോർട്‌ബാക്ക്, സ്റ്റൈൽബാക്ക്, ഫാസ്റ്റ്ബാക്ക്, കൂപ്പെ, റോഡ്‌സ്റ്റർ, എന്നിവ. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി പുത്തൻ കാർ ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം.


Click it and Unblock the Notifications








