2023 ഓട്ടോ എക്‌സ്‌പോക്ക് നാളെ തുടക്കം; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍
ഇന്ത്യയിലെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓട്ടോ എക്‌സ്‌പോ 2023-ന് നാളെ തുടക്കമാകും. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇവന്റുകളില്‍ ഒന്നായ ഓട്ടോ എക്‌സ്‌പോ 2023 ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് അരങ്ങുണരുന്നത്.
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ക്കൊപ്പം ഇലക്ട്രിക് മൊബിലിറ്റിയിലെ മുന്‍നിര കമ്പനികളും പരിപാടിയുടെ ഭാഗമാകുന്നതിനാല്‍ വാഹനപ്രേമികള്‍ക്ക് ഒരു അത്യുഗ്രന്‍ വിരുന്ന് തന്നെ പ്രതീക്ഷിക്കാം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കാരണം ഓട്ടോ എക്‌സ്‌പോയുടെ 2022 എഡിഷന്‍ റദ്ദാക്കിയിരുന്നു. അതിനാല്‍ തന്നെ മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഓട്ടോ എക്സ്പോക്കായി രാജ്യത്തെ ഓട്ടോമോട്ടീവ് പ്രേമികള്‍ ഏറെ നാളായി കാത്തിരിപ്പിലാണ്. ഓട്ടോ എക്‌സ്‌പോക്ക് നാളെ തിരശ്ശീല ഉയരവെ പരിപാടിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒറ്റനോട്ടത്തില്‍ നമുക്ക് നോക്കാം.

വേദി
ഓട്ടോ എക്‌സ്‌പോ 2023-ന് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ജെപി ഗോള്‍ഡ് കോഴ്‌സിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യ എക്‌സ്‌പോ മാര്‍ട്ട് ആണ് വേദിയാകുന്നത്. ഓട്ടോ എക്‌സ്‌പോയുടെ കഴിഞ്ഞ കുറച്ച് പതിപ്പുകള്‍ക്ക് ഇന്ത്യ എക്‌സ്‌പോ മാര്‍ട്ട് തന്നെയായിരുന്നു ആതിഥേയത്വം വഹിച്ചിരുന്നത്. ഓട്ടോ എക്സ്പോയുടെ കൂടെ സംഘടിപ്പിക്കുന്ന കംപോണന്റ് ഷോ ഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ നടക്കും.
തീയതിയും സമയവും
ജനുവരി 11 ബുധനാഴ്ച മുതലാണ് ഓട്ടോ എക്‌സ്‌പോ 2023 ആരംഭിക്കുന്നത്. എന്നാല്‍ ആദ്യത്തെ രണ്ട് ദിവസം മാധ്യമങ്ങള്‍ക്കാണ് പ്രാധാന്യം. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പന്ന ലോഞ്ചുകളും അവതരണങ്ങളും ഈ ദിവസങ്ങളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ജനുവരി 13 മുതല്‍ ജനുവരി 18 വരെ എക്‌സ്‌പോ മാര്‍ട്ട് സന്ദര്‍ശിക്കാനാകും. ജനുവരി 13 (വെള്ളി) രാവിലെ 11 മണി മുതല്‍ വൈകീട്ട് 7 മണി വരെയാണ് ബിസിനസ് അവേഴ്സ്. ജനുവരി 14 (ശനിയാഴ്ച), 15 (ഞായര്‍) തീയതികളില്‍ രാവിലെ 11 മുതല്‍ രാത്രി എട്ടു മണി വരെയാണ് സമയം.

എന്നാല്‍ ജനുവരി 16, 17 തീയതികളില്‍ അത് ഒരു മണിക്കൂര്‍ കുറഞ്ഞ് ക്ലോസിംഗ് സമയം വൈകീട്ട് ഏഴുമണിക്ക് അവസാനിക്കും. ഇവന്റിന്റെ അവസാന ദിവസമായ ജനുവരി 18 ബുധനാഴ്ച വൈകീട്ട് ആറുമണിയാകും ക്ലോസിംഗ് സമയം. എല്ലാ ദിവസവും ക്ലോസിംഗ് സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് പ്രവേശന കവാടങ്ങള്‍ അടയ്ക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ക്ലോസിംഗ് സമയത്തിന് 30 മിനിറ്റ് മുമ്പ് ഹാളുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.
ഓട്ടോ എക്‌സ്‌പോ നഗരിയില്‍ എങ്ങനെ എത്താം
ഓട്ടോ എക്‌സ്‌പോ 2023 ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ ആണ് നടക്കുന്നതെന്ന് കരുതി ബേജാറാകണ്ട. ദേശീയ തലസ്ഥാന മേഖലയുമായും (എന്‍സിആര്‍) നോയിഡ, ഗുരുഗ്രാം തുടങ്ങിയ ചുറ്റുമുള്ള മറ്റ് ഭാഗങ്ങളുമായും ഓട്ടോ എക്സ്പോ വേദി ബന്ധപ്പെട്ട് കിടക്കുന്നു. 53 കിലോമീറ്റര്‍ അകലെയുള്ള ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ട്രെയിന്‍ മാര്‍ഗം ഓട്ടോ എക്സ്പോക്ക് എത്തുന്നവര്‍ക്ക് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റില്‍ നിന്ന് എക്സ്പോ നഗരിയിലേക്ക് 40 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. എക്സ്പോ മാര്‍ട്ടിന് അടുത്തുള്ള ബസ് സ്റ്റോപ്പ് 1.3 കിലോമീറ്റര്‍ അകലെയാണ്. ഗല്‍ഗോട്ടിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിക്ക് സമീപമാണിത്. മെട്രോ അക്വാലൈന്‍ വഴി എക്സ്പോ നഗരിയില്‍ എത്തിച്ചേരാം. നോളജ് പാര്‍ക്ക് II, ജെയ്പീ ഗ്രീന്‍സ് പാരി ചൗക്ക് എന്നിവയാണ് ഏറ്റവും അടുത്തുള്ള സ്റ്റേഷനുകള്‍.
ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍
2023-ലെ ഏറ്റവും വലിയ ചില അവതരണങ്ങള്‍ ഓട്ടോ എക്‌സ്‌പോ 2023-ന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, BYD ഇന്ത്യ, എംജി, റെനോ, നിസാന്‍, കിയ എന്നീ കമ്പനികള്‍ ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. കൂടാതെ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഔഡി, ബിഎംഡബ്ല്യു, ജാഗ്വാര്‍, മെര്‍സിഡീസ് ബെന്‍സ് എന്നിവരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാന ആകര്‍ഷണങ്ങള്‍
മാരുതി സുസുക്കി ജിംനി 5 ഡോര്‍, ബലേനോ ക്രോസ് എന്നിവക്കൊപ്പം തങ്ങളുടെ ഇലക്ട്രിക് കാര്‍ കണ്‍സപ്റ്റ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് മൊത്തം 6 ഇലക്ട്രിക് കാറുകളടക്കം നിരവധി മോഡലുകള്‍ ഓട്ടോ എക്‌സ്‌പോയില്‍ എത്തിച്ചേക്കും. അതില്‍ ടാറ്റ പഞ്ച് ഇവിയുടെയും മുഖംമിനുക്കിയെത്തുന്ന ടാറ്റ എസ്‌യുവി സഹോദരന്‍മാരുടെയും അവതരണം ഇവന്റില്‍ വെച്ച് നടക്കാന്‍ സാധ്യതയുണ്ട്. ടാറ്റ അള്‍ട്രോസ്, ഹാരിയര്‍, സഫാരി എന്നിവയുടെ ഇലക്ട്രിക് പതിപ്പിന്റെ ടീസര്‍ ഓട്ടോ എക്‌സ്‌പോക്ക് മുന്നോടിയായി ടാറ്റ പുറത്ത് വിട്ടിരുന്നു.
ഈ മൂന്ന് മോഡലുകളുമായി ബന്ധപ്പെട്ട് ചില സര്‍പ്രൈസുകള്‍ ടാറ്റ കാത്തുവെച്ചിട്ടുണ്ട്. കൊറിയന്‍ വാഹന ഭീമന്‍മാരായ ഹ്യുണ്ടായി ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് അവതരിപ്പിക്കും. ഒപ്പം ഇന്ത്യയിലെ ഹ്യുണ്ടായിയുടെ രണ്ടാമത്തെ ഫുള്‍ ഇലക്ട്രിക് ഓഫറായ അയോണിക് 5-ന്റെ ലോഞ്ച് ഓട്ടോ എക്‌സ്‌പോയില്‍ നടക്കും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ വില പ്രഖ്യാപനവും ഉണ്ടാകും. കിയ മോട്ടോര്‍സും ഓട്ടോ എക്‌സ്‌പോയിലൂടെ ഒരുപിടി അവതരണങ്ങള്‍ നടത്തും.
പുതിയ തലമുറ കാര്‍ണിവലിനൊപ്പം സോറെന്‍േറാ എസ്‌യുവിയും കിയ ഇന്ത്യയില്‍ എത്തിക്കും. ഒപ്പം സെല്‍റ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പും കണ്ടേക്കാം. ജപ്പാനീസ് ഭീമന്‍മാരായ ടൊയോട്ടയും ഓട്ടോ എക്‌സ്‌പോ കളറാക്കാന്‍ എത്തുന്നുണ്ട്. ജനപ്രിയ എസ്‌യുവിയായ ലാന്‍ഡ് ക്രൂയിസര്‍ LC300-നൊപ്പം GR കൊറോള, ഇന്നോവ ഹൈക്രോസ്, പ്രിയസ്, മിറായ് തുടങ്ങി നിരവധി മോഡലുകള്‍ ടൊയോട്ട തങ്ങളുടെ പവലിയനില്‍ അണിനിരത്തും. ഹെക്ടര്‍ ഫെയ്‌സ്‌ലിഫ്റ്റ്, എംജി 6 സെഡാന്‍, എംജി4 ഇവി, എംജി സിറ്റി ഇവി എന്നീ മോഡലുകള്‍ എംജിയുടെ സ്റ്റാളില്‍ കാണാനായേക്കും.
ഇവികളുടെ ഓട്ടോ എക്‌സ്‌പോ
ഒരുപിടി ഇലക്ട്രിക് കാര്‍ ലോഞ്ചുകളും നമുക്ക് ഓട്ടോ എക്‌സ്‌പോയില്‍ കാണാം. എംജി എയര്‍ ഇവി, സിട്രണ്‍ eC3, ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യുണ്ടായി കോന എന്നിവ അതിലെ ചില പേരുകള്‍ മാത്രമാണ്. BYD ഇന്ത്യ, ടോര്‍ക്ക് മോട്ടോര്‍സ്, ഒഖിനാവ ഓട്ടോടെക്, ഹീറോ ഇലക്ട്രിക്, Log9 മെറ്റീരിയല്‍, ELമോട്ടോ, മാറ്റര്‍ മോട്ടോര്‍വര്‍ക്‌സ്, CE ഇന്‍ഫോ സിസ്റ്റംസ്, സിബ്രോസ് ടെക്‌നോളജീസ് ഇന്ത്യ, ഓംജേ ഈവി, ഓട്ടോലൈന്‍ ഇ-മൊബിലിറ്റി, ഹോപ് ഇലക്ട്രിക്, ഡെവറ്റ് മോട്ടോര്‍സ്, എംടിഎ ഇ-മൊബിലിറ്റി, ഗ്രീവ്‌സ് കോട്ടണ്‍, ഒമേഗ സെയ്കി മൊബിലിറ്റി, അള്‍ട്രാവയലറ്റ് എന്നിവയും പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രവേശനം ടിക്കറ്റ് മുഖേന
ഓട്ടോ എക്‌സ്‌പോയിയിലെ പ്രവേശനം ടിക്കറ്റ് മുഖേന നിയന്തിച്ചിരിക്കുന്നു. ഓട്ടോ എക്സ്പോ സന്ദര്‍ശിക്കാനായി ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങാം. വാരാന്ത്യ ടിക്കറ്റുകള്‍ക്ക് 475 രൂപയും ജനുവരി 16 മുതലുള്ള പ്രവൃത്തിദിന ടിക്കറ്റുകള്‍ക്ക് 350 രൂപയുമാണ് വില. ജനുവരി 13 വെള്ളിയാഴ്ചയിലെ ടിക്കറ്റുകള്‍ ഏറ്റവും ചെലവേറിയത്. 750 രൂപയാണ് മുടക്കേണ്ടത്. ഒരു ടിക്കറ്റില്‍ ഒരു ദിവസം എക്സ്പോ ആസ്വദിക്കാം. അതിനാല്‍ നിങ്ങള്‍ ഒന്നിലധികം ദിവസങ്ങളില്‍ എക്സ്പോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒന്നിലധികം ടിക്കറ്റുകള്‍ വാങ്ങേണ്ടിവരും.
ഓട്ടോ എക്‌സ്‌പോ 2023, വരാനിരിക്കുന്ന കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്‌ക്കൊപ്പം നിരവധി ആശയങ്ങളും സാങ്കേതിക കണ്ടുപിടുത്തങ്ങളും പ്രദര്‍ശിപ്പിക്കും. രാജ്യത്തുടനീളമുള്ള വണ്ടിപ്രാന്തന്‍മാര്‍ക്ക് ഓട്ടോ എക്‌സ്‌പോ ഒരു നല്ല അനുഭവമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഓട്ടോ എക്‌സ്‌പോ സംബന്ധിച്ച് വാര്‍ത്തകളും വിവരങ്ങളും ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം തത്സമയം വായനക്കാരിലേക്കെത്തിക്കുന്നതാണ്. ഓട്ടോ എക്‌സ്‌പോയുടെ സമഗ്ര കവറേജിനായി ഡ്രൈവ്‌സ്പാര്‍ക്കിന്റെ ഓട്ടോ എക്‌സ്‌പോ പേജും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സന്ദര്‍ശിക്കാം.


Click it and Unblock the Notifications








