ഫുള്‍ ചാര്‍ജില്‍ ഇത്ര ദൂരം ഓടുമെന്നോ? കോമെറ്റിന് ശേഷം തരംഗമാകാന്‍ മറ്റൊരു ചൈനീസ് ഇവി വരുന്നു
ഇലക്ട്രിക് സ്‌കൂട്ടര്‍ പോലെ ഇലക്ട്രിക് കാറുകളും ജനപ്രിയമാകണമെങ്കില്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയിലുള്ള മോഡലുകള്‍ വരണം. ടാറ്റ ടിയാഗോ ഇവിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറായി എംജി കോമെറ്റ് ഇവി അടുത്തിടെ മാറിയിരുന്നു. ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണുകളുടെ വില ഗണ്യമായി കുറയുന്ന സാഹചര്യമുണ്ടാക്കാന്‍ ഇടവരുത്തിയത് ചൈനീസ് കമ്പനികളുടെ കടന്ന് വരവായിരുന്നു.
അതിനാല്‍ ഇലക്ട്രിക് കാറുകള്‍ പോപ്പുലറാകാന്‍ ഇനിയും ഇവികള്‍ വിപണിയിലെത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതിന് പ്രതീക്ഷ നല്‍കിക്കൊണ്ട് ചില കാറുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എംജി കോമറ്റിന്റെ ഗ്ലോബല്‍ സ്‌മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ (GSEV) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബൗജന്‍ യെപ് (Baojun Yep) കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. ചൈനയിലാണ് കാര്‍ ആദ്യമായി അരങ്ങേറിയിരിക്കുന്നത്. ഇപ്പോള്‍ ട്രെന്‍ഡിംഗായ ADAS ഫീച്ചറടക്കം സജ്ജീകരിച്ചെത്തുന്ന കുഞ്ഞന്‍ ഇലക്ട്രിക് എസ്‌യുവി ഞെട്ടിക്കും.

കുഞ്ഞന്‍ കാറായതിനാല്‍ ആദ്യം വലിപ്പത്തില്‍ നിന്ന് തുടങ്ങാം 3,381 mm-ല്‍ താഴെ നീളവും 1,685 mm വീതിയും 1,721 mm ഉയരവും 2,110 mm വീല്‍ബേസും ഉള്ള വളരെ ചെറിയ എസ്‌യുവിയാണ് യെപ്. കോമെറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ യെപ്പിന് 407 mm നീളവും 180 mm വീതിയും 81 mm ഉയരവും കൂടുതലുണ്ട്. വീല്‍ബേസും 100 mm അധികം അളക്കുന്നു.
2,250 mm വീല്‍ബേസും 3,645 mm നീളവും 1,645 mm വീതിയും 1,725 mm ഉയരവുമുള്ള 3 ഡോര്‍ സുസുക്കി ജിംനിയെയാണ് യെപ് ചൈനയില്‍ ലക്ഷ്യമിടുന്നത്. യെപ്പിന് ജിംനിയേക്കാള്‍ 300 mm നീളവും 140 mm വീല്‍ബേസും കുറവാണ്. എന്നാല്‍ യെപ്പിന് ജിംനിയേക്കാള്‍ 40 mm വീതിയുണ്ട്. വെറും 4 mm മാത്രമാണ് ഉയരക്കുറവ്.

ഡിസൈന്‍ വശങ്ങള്‍ നോക്കിയാല്‍ കോമെറ്റ് ഇവിയെ പോലെ ബോക്‌സിയായാണ് കാണപ്പെടുന്നതെങ്കിലും റെട്രോ തീമിലാണ് യെപ്പിന്റെ നിര്‍മാണം. ചിത്രങ്ങള്‍ കാണുമ്പോള്‍ ചിലര്‍ക്ക് ഇത് നമ്മുടെ ജിംനിയല്ലേ എന്ന് തോന്നാം. ഇതിന്റെ ഹെഡ്ലൈറ്റുകള്‍ക്ക് ഓരോ യൂണിറ്റിലും ക്വാഡ്-എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഒപ്പം പോര്‍ഷെയെ അനുസ്മരിപ്പിക്കുന്ന ഗ്രാഫിക്‌സും ഉണ്ട്. യെപ് ഇലക്ട്രിക് എസ്‌യുവിക്ക് 15 ഇഞ്ച് അലോയ് വീലുകളുള്ള ചങ്കി വീല്‍ ആര്‍ച്ചുകള്‍ ലഭിക്കുന്നു.
കോമറ്റ് ഇവിയെ പോലെ ബൗജന്‍ യെപ്പിന് അസമമായ റിയര്‍ വിന്‍ഡോ ലഭിക്കുന്നില്ല. പിന്‍ശത്തേക്ക് വന്നാല്‍ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിക്ക് ലംബമായി ഘടിപ്പിച്ച ഓവല്‍ ഷെയ്പ്പിലുള്ള ടെയില്‍ ലാമ്പുകളാണ് നല്‍കിയിരിക്കുന്നത്. ഒപ്പം കാര്‍ വാച്ച് എന്ന് വിളിക്കപ്പെടുന്ന ഓപ്ഷനല്‍ എല്‍സിഡി സ്‌ക്രീനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ ഡിസ്‌പ്ലേ പേഴ്‌സണലൈസ് ചെയ്യാനുള്ള അവസരം ഉടമകള്‍ക്കുണ്ടാകും. എന്നാല്‍ മറ്റ് വാഹനത്തിലുള്ളവരുടെ ശ്രദ്ധ തെറ്റിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ ഫീച്ചറിന് ഭാവിയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

യെപ് കോംപാക്ട് എസ്‌യുവിയുടെ ഇന്റീരിയറിലേക്ക് കടന്നാല്‍ ഇതിന് 3 സ്പോക്ക് സ്റ്റിയറിംഗ് വീലാണ് ലഭിക്കുന്നത്. ഒപ്പം സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകളും ലഭിക്കുന്നു. കോമെറ്റ് ഇവിക്ക് സമാനമായാണ് ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍ ഡിസൈനുകള്‍. വിന്‍ഡോ സ്വിച്ചുകള്‍ക്ക് മുന്നില്‍ സെന്റര്‍ കണ്‍സോളില്‍ ഘടിപ്പിച്ചിരിക്കുന്ന സര്‍ക്കുലാര്‍ ഡ്രൈവ് സെലക്ടര്‍ യെപ്പിന് ലഭിക്കുന്നു. കോമെറ്റില്‍ നിന്ന് വിഭിന്നമായി എസി കണ്‍ട്രോളുകള്‍ക്കായി ഡയലുകള്‍ക്ക് പകരം സ്വിച്ചുകള്‍ ലഭിക്കുന്നു.
കോമെറ്റ് ഇവിക്ക് ക്യൂബിഹോള്‍ മാത്രം ലഭിക്കുമ്പോള്‍ ബൗജന്‍ യെപ്പിന് ഗ്ലൗബോക്സ് ലഭിക്കുന്നു. രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളുള്ള ഡ്യുവല്‍ സ്‌ക്രീന്‍ ലേഔട്ട് ഇതിന്റെ പ്രധാന ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഒന്നാണ്. ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി നീക്കിവെക്കുന്നു. ഫ്‌ലാഗ്ഷിപ്പ് എന്ന് വിളിക്കുന്ന എന്‍ട്രി ലെവല്‍ ട്രിമ്മില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ഇത് ഓഫര്‍ ചെയ്യുന്നു.

ബാറ്ററി ടെമ്പറേച്ചര്‍ മാനേജ്‌മെന്റ് സിസ്റ്റം, റിയര്‍വ്യൂ ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്ററിംഗ്, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയടങ്ങുന്ന ADAS സ്യൂട്ട് ടോപ് സ്‌പെക് ഡീലക്‌സ് ട്രിമ്മിലാണ് ലഭിക്കുക.
68 bhp പവറും 140 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ബൗജന്‍ യെപ് ഇലക്ട്രിക് എസ്‌യുവിക്ക് തുടിപ്പേകുന്നത്. മണിക്കൂറില്‍ 100 കിലോമീറ്ററായി ഇതിന്റെ പരമാവധി വേഗത പരിമിതപ്പെടുത്തിയിരിക്കുന്നു. 28.1kWh ലിഥിയം-അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 303 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ 35 മിനിറ്റിനുള്ളില്‍ ബാറ്ററി 30-80 ശതമാനം മുതല്‍ ചാര്‍ജ് ചെയ്യാം. എന്നാല്‍ AC ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ ബാറ്ററി 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 8.5 മണിക്കൂര്‍ എടുക്കും. ഈ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ എത്തുമോ എന്നാകും ഇനി ഏല്ലാവരുടെയും മനസ്സില്‍ ഉദിക്കുന്ന ചോദ്യം.
കോമെറ്റ് ഇവി പോലെ യെപ്പ് എസ്‌യുവിയും എംജി റീബാഡ്ജ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കോമെറ്റ് എസ്‌യുവി വരെ പ്രാദേശികവല്‍ക്കരിക്കാനാണ് എംജിയുടെ ശ്രമം. ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ എംജി നടത്തുന്ന നിക്ഷേപസമാഹരണത്തിന്റെ ചുവടുപിടിച്ചായിരിക്കും യെപ്പിന്റെ ഇന്ത്യന്‍ എന്‍ട്രി. ഏതായാലും നമുക്ക് കാത്തിരിക്കാം. വിലയുടെ കാര്യത്തില്‍ ബൗജന്റെ റീബാഡ്ജ്ഡ് പതിപ്പും തരംഗം സൃഷ്ടിക്കുമോ എന്ന്.


Click it and Unblock the Notifications








