Best Selling Cars എസ്‌യുവീസ് പ്ലീസ് സ്‌റ്റെപ്പ് ബാക്ക്; ഇന്ത്യക്കാര്‍ക്ക് പ്രിയം ചെറുകാറുകള്‍ തന്നെ
കോവിഡില്‍ നിന്ന് കരകയറിയെങ്കിലും ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വിപണിയെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതികൂലമായി ബാധിച്ച നിരവധി സംഗതികള്‍ ഉണ്ടായിരുന്നു. വിലക്കയറ്റം, ചിപ്പ് ക്ഷാമം മൂലം വിതരണ ശൃംഖലയില്‍ നേരിട്ട തടസ്സങ്ങള്‍ എന്ന് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടു. എന്നാല്‍ ഉത്സവ സീസണ്‍ എത്തിയതോടെ സീന്‍ മാറി. കോവിഡിന് ശേഷം വിപണി ഉണര്‍ന്ന കാലമായിരുന്നു അത്.
2023 ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് മുന്നോടിയായി നിര്‍മാതാക്കള്‍ നല്‍കിയ ഓഫറുകളും ഉപഭോക്താക്കള്‍ മുതലാക്കി. അതോടെ 30,86,969 യൂണിറ്റ് കാറുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റഴിച്ചത്. 2021-2022 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2022-2023 സാമ്പത്തിക വര്‍ഷം 26.14 ശതമാനമാണ് വളര്‍ച്ച. മുന്‍ സാമ്പത്തിക വര്‍ഷവുമായി തട്ടിച്ച് നോക്കുമ്പോള്‍ 6,39,756 യൂണിറ്റുകളാണ് അധിക വില്‍പ്പന.

ഇന്ന് വിപണി നിരീക്ഷിക്കുന്നവര്‍ക്കറിയാം ഇത് സ്പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍സ് അല്ലെങ്കില്‍ എസ്‌യുവി കളുടെ കാലമാണെന്ന്. വിപണി വിഹിതത്തിന്റെ മുഖ്യപങ്കും അവ വഹിക്കുന്നു. എന്നിരുന്നാലും ചെറുകാറുകളുടെ കാലം കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകളില്‍ ഇത് വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനും ഈ വര്‍ഷം മാര്‍ച്ചിനുമിടയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ മുന്നിലെത്തിയത് ചെറുകാറുകളാണ്.
ടോള്‍ബോയ് ഹാച്ച്ബാക്കായ വാഗണ്‍ആറിന്റെ നേതൃത്വത്തിലുള്ള മാരുതി സുസുക്കിയുടെ മോഡലുകളാണ് പട്ടിക കൈയ്യടക്കി വെച്ചിരിക്കുന്നത്. എസ്‌യുവികളുടെ കുത്തൊഴുക്കിനിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാരുതി സുസുക്കി വാഗണ്‍ആറിന്റെ രര്ണട് ലക്ഷത്തിലധികം യൂണിറ്റുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. പോയ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ 10 കാറുകളുടെ പട്ടികയില്‍ ഏഴെണ്ണം മാരുതി മോഡലുകളാണ്. അതില്‍ നാലെണ്ണം ചെറുകാറുകളാണെന്ന് എടുത്ത് പറയണം.

നാല് എസ്‌യുവികള്‍ ടോപ് 10 പട്ടികയിലുണ്ട്. അതില്‍ രണ്ടെണ്ണം ടാറ്റയുടെ കുഞ്ഞുങ്ങളാണ്. വാഗണ്‍ആര്‍ കഴിഞ്ഞാല്‍ കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ മോഡലുകളുടെ പട്ടികയില്‍ തൊട്ടടുത്ത സ്ഥാനത്ത് എത്തിയത് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ്. 2.02 ലക്ഷം ബലേനോയാണ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത്. ആള്‍ട്ടോ (1.79 ലക്ഷം യൂണിറ്റ്) മൂന്നാമതും സ്വിഫ്റ്റ് (1.76 ലക്ഷം യൂണിറ്റ്) ഹാച്ച് നാലാമതും എത്തി.
സബ് കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലെ മുമ്പനായ ടാറ്റ് നെക്‌സോണ്‍ 1.72 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി അഞ്ചാമതെത്തി. മാരുതി ഡിസയര്‍ (1.50 ലക്ഷം യൂണിറ്റ്), ഹ്യുണ്ടായി ക്രെറ്റ (1.50 ലക്ഷം യൂണിറ്റ്), മാരുതി ബ്രെസ (1.45 ലക്ഷം യൂണിറ്റ്), ടാറ്റ പഞ്ച് (1.33 ലക്ഷം യൂണിറ്റ്), മാരുതി ഇക്കോ (1.31 ലക്ഷം യൂണിറ്റ്) എന്നീ മോഡലുകളാണ് യഥാക്രമം അഞ്ച് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിലധികം വളര്‍ച്ചയോടെ വാഗണ്‍ആറിന്റെ 2.12 ലക്ഷം യൂണിറ്റുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാരുതി വിറ്റു. മറ്റ് ചില കാര്‍ നിര്‍മ്മാതാക്കളുടെ മൊത്തത്തിലുള്ള വില്‍പ്പന കണക്കുകളേക്കാള്‍ കൂടുതലാണ് മാരുതി വാഗണ്‍ആറിന്റെ മാത്രം വില്‍പ്പന എന്നറിയുമ്പോള്‍ മാരുതിയുടെ റേഞ്ച് മനസ്സിലാക്കാം. മാരുതിയുടെ മോഡല്‍ നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ജനപ്രിയനായ വാഗണ്‍ആര്‍ 1999-ലാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്.
മാരുതിയുടെ തന്നെ ആള്‍ട്ടോയ്ക്കൊപ്പം, രണ്ട് പതിറ്റാണ്ടിലേറെയായി വിപണിയില്‍ നിലനില്‍ക്കുന്ന ഏറ്റവും പഴയ മോഡലുകളില്‍ ഒന്നും കൂടിയാണ് വാഗണ്‍ആര്‍. വിപണന ശൃംഖലയിലെ പ്രതിസന്ധികള്‍ കാരണം പല കമ്പനികള്‍ക്കും തങ്ങളുടെ ഓര്‍ഡറുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഈ സമയത്ത് തന്നെ വേഗത്തിലുള്ള ഡെലിവറി സാധ്യമാക്കിയത് വാഗണ്‍ആറിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി മാറി.
സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യത, സര്‍വീസ് നെറ്റ്‌വര്‍ക്ക്, ഉടമസ്ഥാവകാശ ചെലവ് എന്നിവയാണ് വിജയത്തിന് നാന്നി കുറിച്ച മറ്റ് ഘടകങ്ങള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുത്തന്‍ അവതാരത്തില്‍ പുറത്തിറക്കിയ വാഗണ്‍ ആര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വില്‍പ്പന ചാര്‍ട്ടിലും മുന്‍പന്തിയില്‍ തുടരുകയാണ്. പെട്രോളിനൊപ്പം ടാള്‍ബോയ് ഹാച്ച് സിഎന്‍ജി ഓപ്ഷനിലും വാങ്ങാം.
5.54 ലക്ഷം രൂപ മുതലാണ് വാഗണ്‍ആറിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. 7.30 ലക്ഷം രൂപയാണ് ടോപ് എന്‍ഡ് വേരിയന്റിന്റെ എക്‌സ്-ഷോറൂം വില. വാഗണ്‍ആറിന്റെ സിഎന്‍ജി പതിപ്പ് 6.44 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്. 1.0 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ VVT, 1.2 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍ എഞ്ചിനിനൊപ്പമാണ് S-CNG വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








