ലാഭം 4.2 ലക്ഷം രൂപ വരെ! ഏറ്റവും മികച്ച ഇയര്‍ എന്‍ഡ് ഓഫറുള്ള ഇലക്ട്രിക് കാറുകള്‍ ഇതാ...
2023 അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പെട്രോളിനും ഡീസലിനും തീവിലയുള്ള ഇക്കാലത്ത് നിങ്ങള്‍ ദീര്‍ഘകാലം ഉപയോഗത്തിനായി ഒരു ഇലക്ട്രിക് കാര്‍ നോക്കുന്നുണ്ടോ?. ഉത്തരം അതെ എന്നാണെങ്കില്‍ രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കള്‍ ഇവികള്‍ക്കും ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി കിഴിവുകള്‍ നല്‍കുന്നുണ്ട്.
4.2 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുകളില്‍ വണ്ടി സ്വന്തമാക്കാമെന്നതിനാല്‍ ഇവി വാങ്ങാന്‍ ഇതിലും ബെസ്റ്റ് സമയമില്ലെന്ന് തന്നെ പറയാം. ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി ഏറ്റവും കൂടുതല്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ്. മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയായ XUV400 ഇവിയാണ് 4.2 ലക്ഷം ഡിസ്‌കൗണ്ടില്‍ ഡിസംബറില്‍ ഓഫര്‍ ചെയ്യുന്നത്. മഹീന്ദ്ര XUV400 EL ട്രിമ്മിനാണ് ഓഫര്‍.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ കാറിന് വമ്പന്‍ ഓഫറുകളാണ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. വര്‍ഷാവസാന ഓഫറുകളുടെ ഭാഗമായി മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്യുവിക്ക് 4 ലക്ഷം രൂപ വരെയാണ് ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്. 20,000 രൂപ എക്സ്ചേഞ്ച് ബോണസ് കൂടി ചേരുന്നതോടെ മൊത്തം ആനുകൂല്യം 4.2 ലക്ഷം രൂപയാകും. വിപണിയില്‍ മഹീന്ദ്ര XUV400 ഇവിയുടെ മുഖ്യ എതിരാളികളില്‍ ഒന്നാണ് എംജി ZS ഇവി.
വില്‍പ്പന കൂട്ടുന്നതിനായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇവിയുടെ വില കമ്പനി 2.2 ലക്ഷം രൂപ വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ എംജി ZS ഇവിക്ക് 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടിലാണ് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും ലഭിക്കും. മാത്രമല്ല കോര്‍പ്പറേറ്റ്, ലോയല്‍റ്റി ബോണസുകളും കാറിന് നല്‍കുന്നുണ്ട്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് എംജി ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ കോമറ്റ് ഇവി അവതരിപ്പിച്ചത്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറാണിത്. വേരിയന്റുകളെ ആശ്രയിച്ച് 65,000 രൂപ വരെയാണ് കോമെറ്റിന് ലഭിക്കുന്ന ഓഫര്‍. 20,000 രൂപ ലോയല്‍റ്റി ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ആദ്യ വര്‍ഷത്തെ ഇന്‍ഷൂറന്‍സും അടങ്ങുന്നതാണ് ഓഫര്‍.
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇവി നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിലേക്ക് വന്നാല്‍ ടാറ്റ ടിഗോര്‍ ഇലക്ട്രിക് സെഡാന്റെ തിരഞ്ഞെടുത്ത ട്രിമ്മുകളില്‍ ഡീലര്‍ഷിപ്പുകള്‍് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് സ്റ്റോക്ക് ലഭ്യതയും സ്ഥലവും അടിസ്ഥാനപ്പെടുത്തിയാകും ലഭിക്കുക. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലായ നെക്‌സോണ്‍ മുഖംമിനുക്കി വിപണിയില്‍ അവതരിപ്പിച്ചത്.

അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി വിപണിയിലെത്തിയ നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിന് ഇയര്‍ എന്‍ഡ് ഓഫറുകള്‍ ഒന്നും പ്രതീക്ഷിക്കരുത്. എന്നാല്‍ നെക്‌സോണ്‍ ഇവിയുടെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ ഡീലറുടെ വശമുണ്ടെങ്കില്‍ മികച്ച ഓഫറില്‍ അത് വില പേശി വാങ്ങാന്‍ അവസരമുണ്ട്. ടാറ്റയുടെ ഇലക്ട്രിക് ഹാച്ച്ബാക്ക് ടിയാഗോ ഇവിക്കും ഇപ്പോള്‍ ഓഫറില്ല.
അല്‍പ്പം കൂടി പ്രീമിയം ഇവി വേണമെന്ന് തോന്നുന്നവര്‍ക്ക് കിയ EV6 ഇലക്ട്രിക് ക്രോസ്ഓവര്‍ നല്ല ഡീലര്‍ഷിപ്പ് ഓഫറില്‍ സ്വന്തമാക്കാം. എന്നാല്‍ ഇതേപ്ലാറ്റ്‌ഫോമില്‍ വരുന്ന അയോണിക 5-ന് ഹ്യുണ്ടായി കാര്യമായ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നില്ല. വിപണിയിലെത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അയാണിക് 5 ഇവിയുടെ 1100 യൂണിറ്റ് വിറ്റഴിക്കാന്‍ ഹ്യുണ്ടായിക്ക് സാധിച്ചിരുന്നു. 1100-ാമത് യൂണിറ്റ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് കമ്പനി സമ്മാനിച്ചത് അടുത്തിടെയാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും സ്്‌റ്റോക്കിന്റെ ലഭ്യതക്കും പ്രദേശത്തിനും അനുസരിച്ച് വ്യത്യാസപ്പെടും. അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ കമ്പനികളുടെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കാം. ഇന്ന് ഇലക്ട്രിക് കാറുകള്‍ നോക്കുന്നവര്‍ക്ക് ഓപ്ഷനുകള്‍ വളരെ ചുരുക്കമാണ്. എന്നാല്‍ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍ വളര്‍ച്ചയാണ് നേടാന്‍ പോകുന്നതെന്നാണ് പ്രവചനം.
വരാന്‍ പോകുന്ന ചില വമ്പന്‍ ലോഞ്ചുകള്‍ തന്നെയാണ് ഇതിന് ആധാരം. ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി അടുത്ത സാമ്പത്തിക വര്‍ഷം സെഗ്‌മെന്റിലേക്ക് ചുവടുവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ തങ്ങളുടെ പ്ലാന്റില്‍ വെച്ച് അടുത്ത വര്‍ഷം തന്നെ eVX ഇലക്ട്രിക് എസ്‌യുവിയുടെ നിര്‍മാണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. മാരുതിക്കൊപ്പം ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി, കിയ, ടൊയോട്ട, ഹോണ്ട തുടങ്ങിയ ബ്രാന്‍ഡുകള്‍ കൂടുതല്‍ ഇവികള്‍ കൊണ്ടുവരുന്നത് വിപണി കൂടുതല്‍ മത്സരാധിഷ്ഠിതമാക്കും.

കൂടുതല്‍ മെച്ചപ്പെട്ട, താങ്ങാവുന്ന വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങാന്‍ ഇത് കാരണമാകും. മാത്രമല്ല കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കിട്ടിയാല്‍ ഇന്ത്യയിലേക്ക് കാര്‍ ഇറക്കുമതി ചെയ്യാന്‍ കാത്തിരിക്കുകയാണ് ആഗോള ഭീമന്‍മാരായ ടെസ്‌ല. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര നിര്‍മാണം ആരംഭിക്കാമെന്ന ഉറപ്പിന് കീഴില്‍ എലോണ്‍ മസ്‌കിനും കൂട്ടര്‍ക്കും ഇന്ത്യയിലേക്ക് ഇവികള്‍ കപ്പല്‍ കയറ്റാന്‍ കേന്ദ്രം അനുമതി നല്‍കുമെന്നാണ് സൂചന. ടെസ്‌ല കൂടി കളത്തിലിറങ്ങിയാല്‍ മത്സരം കൊഴുക്കും.


Click it and Unblock the Notifications








