എസ്‌യുവി ഇനിയൊരു വിദൂര സ്വപ്‌നമല്ല! സെക്കന്‍ഡ്സ് വണ്ടി കൂടി വാങ്ങാന്‍ പാകത്തിനല്ലേ ഡിസ്‌കൗണ്ട്!
വസ്ത്രങ്ങളുടെ കാര്യത്തിലായാലും ഗാഡ്ജറ്റുകളുടെ കാര്യത്തിലായാലും വണ്ടിയുടെ കാര്യത്തിലായാലും ട്രെന്‍ഡിനൊത്ത് സഞ്ചരിക്കാനാണ് ഇന്നത്തെ തലമുറക്കിഷ്ടം. കാറുകളുടെ കാര്യമെടുത്താല്‍ ഹാച്ച്ബാക്കുകളെയും സെഡാനുകളെയുമെല്ലാം പിന്തള്ളി സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളാണ് (എസ്‌യുവി) ഇന്ന് ട്രെന്‍ഡിംഗ്. മേല്‍പ്പറഞ്ഞ ബോഡിടൈപ്പിലുള്ള വാഹനങ്ങള്‍ സ്വന്തമായുള്ളവര്‍ പോലും എസ്‌യുവിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാണ് ആലോചിക്കുന്നത്.
ട്രെന്‍ഡിനൊത്ത് നീങ്ങാന്‍ പദ്ധതിയിടുന്ന ആളാണ് നിങ്ങളെങ്കില്‍ ഒരു എസ്‌യുവി സ്വന്തമാക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയമാണിത്. 2023 കലണ്ടര്‍ വര്‍ഷം അവസാനിക്കാനിരിക്കെ കാര്‍ നിര്‍മ്മാതാക്കളും ഡീലര്‍ഷിപ്പുകളും എസ്‌യുവികള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഏറ്റവും മികച്ച ഓഫറില്‍ സ്വന്തമാക്കാവുന്ന എസ്‌യുവികള്‍ ചുവടെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഓരോ കമ്പനികളും അവര്‍ എസ്‌യുവികള്‍ക്ക് നല്‍കുന്ന ഇയര്‍ എന്‍ഡ് ഓഫറുകളും നോക്കാം.

ജീപ്പ്: ഈ മാസം എസ്‌യുവികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ജീപ്പ്. അമേരിക്കന്‍ കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗ്രാന്‍ഡ് ചെറോക്കി എസ്‌യുവി 11.85 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടിലാണ് ഓഫര്‍ ചെയ്യുന്നത്. അതേസമയം മൂന്നുവരി എസ്‌യുവിയായ മെറിഡിയന് മൊത്തം 4 ലക്ഷം രൂപയോടെ ആനുകൂല്യങ്ങള്‍ ലഭിക്കും. മാത്രമല്ല എന്‍ട്രി ലെവല്‍ എസ്‌യുവിയായ കോമ്പസും ഈ മാസം 90,000 രൂപ ആനുകൂല്യത്തില്‍ വാങ്ങാനുള്ള സുവര്‍ണാവസരമുണ്ട്.
മഹീന്ദ്ര: ഈ മാസം 4.2 ലക്ഷം രൂപ വരെ ആനുകൂല്യത്തിലാണ് മഹീന്ദ്ര എസ്‌യുവികള്‍ വിറ്റഴിക്കുന്നത്. XUV400 ഇവിയുടെ ടോപ്പ്-സ്‌പെക്ക് EL വേരിയന്റിനാണ് 4.2 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നത്. EC വേരിയന്റിന് 1.7 ലക്ഷം രൂപ വരെ ബെനഫിറ്റുകളുണ്ട്. ഒപ്പം XUV300 കോംപാക്ട് എസ്‌യുവിക്ക് 1.72 ലക്ഷം രൂപ വരെയും ബൊലേറോയ്ക്ക് 96,000 രൂപ വരെ കിഴിവുകള്‍ ലഭ്യമാണ്. 1.11 ലക്ഷം രൂപ വരെ ആനുകൂല്യത്തില്‍ ബൊലേറോ നിയോയും സ്വന്തമാക്കാം.

ഫോക്‌സ്‌വാഗണ്‍: ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, 4 വര്‍ഷത്തെ സര്‍വീസ് പാക്കേജ്, സ്‌പെഷ്യല്‍ ബെനഫിറ്റുകള്‍ എന്നിവ സഹിതം 4.2 ലക്ഷം രൂപ വരെയാണ് ഈ മാസം ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ വാങ്ങുന്നവര്‍ക്ക് പോക്കറ്റിലാക്കാന്‍ സാധിക്കുക. ഒപ്പം മിഡ്‌സൈസ് എസ്‌യുവിയായ ടൈഗൂണ്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് കോര്‍പറേറ്റ് ബെനഫിറ്റുകള്‍ സഹിതം 1.46 രൂപ കിഴിവില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.
സിട്രണ്‍: ഈ മാസം ഏറ്റവും കൂടുതല്‍ കിഴിവുള്ള എസ്‌യുവികളില്‍ ഒന്നാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ സിട്രണ്‍ C5 എയര്‍ക്രോസ്. C5 എയര്‍ക്രോസ് എസ്‌യുവിയുടെ 2022 മോഡല്‍ ഇയര്‍ കാറുകള്‍ക്ക് 3.5 ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. അത്ര പ്രീമിയം കാര്‍ വേണ്ട എന്നുള്ളവര്‍ക്ക് സിട്രണിന്റെ മിഡ്‌സൈസ് എസ്‌യുവിയായ C3 എയര്‍ക്രോസ് നോക്കാം. ഈ മോഡലിന് ഡിസംബറില്‍ 1.5 ലക്ഷം രൂപയുടെ കിഴിവ് ലഭിക്കും.

സ്‌കോഡ: ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡായ സ്‌കോഡ കൊഡിയാക്കിനും കുഷാഖിനും ഈ മാസം ഓഫറിട്ടിട്ടുണ്ട്. ഫുള്‍സൈസ് എസ്‌യുവിയായ കൊഡിയാക്കിന് 2.66 ലക്ഷം രൂപ വരെയാണ് കിഴിവ്. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയാണിത്. അതേസമയം ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ കുഷാഖിന് 1.25 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളുണ്ട്. മാത്രമല്ല ഈ മാസം സ്‌കോഡ എസ്‌യുവികള്‍ വാങ്ങുന്നവര്‍ക്ക് 4 വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ സര്‍വീസ് പാക്കേജും ലഭിക്കും.
ടാറ്റ മോട്ടോര്‍സ്: സ്‌റ്റോക്ക് ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോര്‍സ് ഇവികള്‍ക്ക് വരെ കിടിലന്‍ ഓഫര്‍ നല്‍കുന്നുണ്ട്. പ്രീ-ഫേസ്ലിഫ്റ്റ് നെക്‌സോണ്‍ ഇവി മാക്‌സിന് 2.60 ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. കൂടാതെ നെക്‌സോണ്‍ ഇവി പ്രൈമിന്റെ എല്ലാ വേരിയന്റുകളിലും 1.90 ലക്ഷം രൂപയുടെ കിഴിവും ലഭിക്കും. അതുപോലെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് ഹാരിയര്‍, സഫാരി മോഡലുകള്‍ക്ക് 1.50 ലക്ഷം രൂപ വരെ കിഴിവുണ്ട്.

മാരുതി സുസുക്കി: ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ ജിംനി 5 ഡോറിന് ഈ മാസം 2 ലക്ഷം രൂപ വരെ കിഴിവുണ്ട്. മാത്രമല്ല പുത്തന്‍ മോഡലായ ഫ്രോങ്ക്‌സ് ക്രോസ് ഓവര്‍ എസ്‌യുവിക്ക് വേരിയന്റിനെ ആശ്രയിച്ച് 40,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ മുമ്പനായ ഗ്രാന്‍ഡ് വിറ്റാരയും 35,000 രൂപ വരെ കിഴിവില്‍ സ്വന്തമാക്കാനാകും.
ഹ്യുണ്ടായി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മുന്‍നിര ഓഫറിംഗുകളായ ട്യൂസോണിനും അല്‍കസാറിനും മികച്ച ഓഫറാണ് ഈ മാസം നല്‍കുന്നത്. ട്യൂസോണിന്റെ ഡീസല്‍ വേരിയന്റുകള്‍ക്ക് 2023 ഡിസംബറില്‍ 1.50 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാനാണ് അവസരം. അതേസമയം അല്‍കാസറിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 35,000 രൂപയും ഡീസല്‍ വേരിയന്റുകള്‍ക്ക് 20,000 രൂപയും കിഴിവ് ലഭിക്കും.

എംജി മോട്ടോര്‍: ഗ്ലോസ്റ്റര്‍, ആസ്റ്റര്‍, ZS ഇവി എന്നിവക്ക് ഈ മാസം എംജി കിഴിവുകള്‍ നല്‍കുന്നുണ്ട്. 1 ലക്ഷം രൂപ ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും സഹിതം 1.50 ലക്ഷം രൂപ കിഴിവില്‍ ഈ മൂന്ന് മോഡലുകളും സ്വന്തമാക്കാം. എംജിയുടെ ഇന്ത്യയിലെ ആദ്യ ഉല്‍പ്പന്നമായ ഹെക്ടര്‍ എസ്‌യുവിക്ക് ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും സഹിതം 1 ലക്ഷം രൂപ വരെയാണ് ഇയര്‍ എന്‍ഡ് ഓഫറുള്ളത്.


Click it and Unblock the Notifications








