കിടിലന്‍ മൈലേജുള്ള ബിഎംഡബ്യു കാര്‍ നോക്കിയാലോ? കോടികളൊന്നും മുടക്കേണ്ട!
ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ആഭ്യന്തര, വിദേശ വാഹന നിര്‍മാതാക്കളെല്ലാം തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലീകരിക്കുന്ന തിരക്കിലാണ്. സമീപകാലത്തായി ഒരുപിടി മോഡലുകള്‍ ഇന്ത്യയിലെത്തിച്ച ജര്‍മന്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്നൊരു പുത്തന്‍ മോഡല്‍ വിപണിയിലിറക്കി. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ എം പെര്‍ഫോമന്‍സ് എഡിഷനാണ് രാജ്യത്ത് അവതരിപ്പിച്ചത്.
46 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിട്ടാണ് കാര്‍ പുറത്തിറക്കിയത്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ ഷോപ്പ് വഴി സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ബുക്ക് ചെയ്യാം. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റില്‍ പ്രാദേശികമായി നിര്‍മിച്ച സലൂണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ഒരു പെട്രോള്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും വില്‍ക്കപ്പെടുക. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ എം പെര്‍ഫോമന്‍സ് പരിമിതമായ യൂണിറ്റുകളില്‍ മാത്രമായിരിക്കും നിര്‍മിക്കുന്നത്.

പെര്‍ഫോമന്‍സ് എഡിഷന്‍ ആയതിനാല്‍ തന്നെ കാറിന്റെ പല എക്‌സ്റ്റീരിയര്‍ ഘടകങ്ങളും സെറിയം ഗ്രേയിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. എം സ്‌പെസിഫിക് ഫ്രണ്ട് ഗ്രില്‍, ഫോഗ് ലാമ്പ് ഇന്‍സെര്‍ട്ടുകള്‍, സെറിയം ഗ്രേയില്‍ പെയിന്റ് ചെയ്ത ഒആര്‍വിഎമ്മുകള്‍, ചെറുതായി ആംഗിള്‍ ചെയ്ത എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മധ്യഭാഗത്തേക്ക് നീളുന്ന പുതിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഫെന്‍ഡറുകളിലെ 'എം പെര്‍ഫോമന്‍സ്' ബാഡ്ജ് എന്നിവയാണ് 220i എം പെര്‍ഫോമന്‍സ് എഡിഷന്റെ ഡിസൈന്‍ എലമെന്റ്‌സില്‍ വരുന്നത്. കാറില്‍ എം പെര്‍ഫോമന്‍സ് സ്റ്റിക്കറുകളും കാണാം.
ബ്ലാക്ക് സഫയര്‍ മെറ്റാലിക് എന്ന ഒറ്റ കളര്‍ ഓപ്ഷനിലാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ വാങ്ങാന്‍ സാധിക്കുക. സെഡാന്‍ മോഡലിന്റെ ഇന്റീരിയറിലും അപ്‌ഗ്രേഡുകളുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിനും വേണ്ടിയുള്ള ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് സ്പോര്‍ട്സ് സീറ്റുകള്‍, ആറ് ഡിമ്മബിള്‍ ഡിസൈനുകളുള്ള ആംബിയന്റ് ലൈറ്റിംഗ് എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് അകത്തളം.

ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫയര്‍, വലിയ പനോരമിക് സണ്‍റൂഫ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് ക്യാബിനിലെ മറ്റ് ഹൈലൈറ്റുകള്‍. ഹൈഫൈ ലൗഡ് സ്പീക്കര്‍ സിസ്റ്റം, പാര്‍ക്കിംഗ് അസിസ്റ്റന്റ്, റിയര്‍വ്യു ക്യാമറ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നു. ഓയ്സ്റ്ററും ബ്ലാക്ക് തീമും സംയോജിപ്പിച്ച് സെന്‍സാടെക് അപ്ഹോള്‍സ്റ്ററിയില്‍ ക്യാബിന്‍ അലങ്കരിച്ചിരിക്കുന്നു.
കൂടാതെ, ആന്ത്രാസൈറ്റ് ഹെഡ്ലൈനര്‍, അല്‍കന്റാരയില്‍ പൊതിഞ്ഞ ഗിയര്‍ സെലക്ടര്‍, എം പെര്‍ഫോമന്‍സ് ഡോര്‍ പിന്‍, ഡോര്‍ പ്രൊജക്ടര്‍ എന്നിങ്ങനെ വിവിധതരം എം പെര്‍ഫോമന്‍സ് ഭാഗങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 430 ലിറ്ററാണ് ഇതിന്റെ ബൂട്ട് ശേഷി. റിയര്‍ സീറ്റുകള്‍ 40/20/40 അനുപാതത്തില്‍ മടക്കാന്‍ സാധിക്കുന്നതിനാല്‍ ഇത് വീണ്ടും കൂട്ടാം.
ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, അറ്റന്റീവ് അസിസ്റ്റന്‍സ്, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ടിപിഎംഎസ് എന്നീ സേഫ്റ്റി ഫീച്ചറുകളും സലൂണിന് ലഭിക്കുന്നു. പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ 2.0 ലിറ്റര്‍, ഇന്‍ലൈന്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്.
173 bhp പവറും 280 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 7.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സെഡാന് സാധിക്കും. ഇക്കോ പ്രോ, കംഫര്‍ട്ട്, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ക്കൊപ്പം പാഡില്‍ ഷിഫ്റ്ററുകളും ലോഞ്ച് കണ്‍ട്രോളും ഇതിന് ലഭിക്കുന്നു.

ലിറ്ററിന് 14.82 കിലോമീറ്റര്‍ ആണ് മൈലേജ്. 46 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വരുന്ന 2 സീരീസ് ഗ്രാന്‍ കൂപ്പെ എം പെര്‍ഫോമന്‍സിന് സ്റ്റാന്‍ഡേര്‍ഡ് ട്രിം ലെവലുകളേക്കാള്‍ വില കുറച്ച് കൂടുതലാണ്. 220i എം സ്‌പോര്‍ട്, 220i എം സ്‌പോര്‍ട് പ്രോ എന്നിവയ്ക്ക് യഥാക്രമം 43.50 ലക്ഷം രൂപയും 45.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതേസമയം 220d എം സ്പോര്‍ട്ടിന് 45.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.


Click it and Unblock the Notifications








