5 സീരീസില്‍ വെട്ടിനിരത്തലുമായി ബിഎംഡബ്ല്യു; പുതിയ 520d M സ്‌പോര്‍ട് വിപണിയില്‍
ഇന്ത്യന്‍ വിപണിയില്‍ പുത്തന്‍ കാര്‍ അവതരിപ്പിച്ച് ജര്‍മന്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു. പുതിയ 520d M സ്‌പോര്‍ട് വേരിയന്റ് പുറത്തിറക്കിയ ബിഎംഡബ്ല്യു 5 സീരീസ് ലൈനപ്പ് പുനഃക്രമീകരിച്ചു. 68.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു 520d M സ്‌പോര്‍ട് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
520d ലക്ഷ്വറി ലൈനും ലിമിറ്റഡ് റണ്‍ 50 ജഹ്രെ എഡിഷനുമാണ് ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇവക്കൊപ്പം തന്നെ ബിഎംഡബ്ല്യു 5 സീരീസ് ലൈനപ്പില്‍ നിന്ന് 3.0 ലിറ്റര്‍ ഡീസലും നിര്‍ത്തലാക്കി. എന്നാല്‍ പെട്രോള്‍ പതിപ്പില്‍ ബിഎംഡബ്ല്യു 530i M സ്പോര്‍ട്ട് തുടരും. ഇതിനര്‍ത്ഥം എക്‌സിക്യൂട്ടീവ് ലക്ഷ്വറി സെഡാന്‍ ഇപ്പോള്‍ 4 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മാത്രമേ ലഭ്യമാകൂ.

ആദ്യം നമുക്ക് വിപണിയില്‍ എത്തിയ ബിഎംഡബ്ല്യു 520d M സ്‌പോര്‍ടിലുള്ള സുപ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വിപണിയില്‍ നിന്ന് പിന്‍വലിക്കുന്ന ലക്ഷ്വറി ലൈനുമായി താരതമ്യപ്പെടുത്തുമ്പോള്‍ 520d M സ്പോര്‍ട്ടിന് കൂടുതല്‍ സ്‌പോര്‍ടിയര്‍ ലുക്കിലുള്ള എക്‌സ്റ്റീരിയറും അഗ്രസീവ് സ്‌റ്റൈലിലുള്ള ഫ്രണ്ട്, റിയര്‍ ബമ്പറുകളും ലഭിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകള്‍, ക്രോം എക്സ്ഹോസ്റ്റുകള്‍, M സ്‌പെസിഫിക് എലമെന്റുകള്‍, നീല ബ്രേക്ക് കാലിപ്പറുകള്‍, ഫെന്‍ഡറിലെ M ബാഡ്ജുകള്‍ എന്നിവയും ഇതില്‍ ബിഎംഡബ്ല്യു നല്‍കിയിട്ടുണ്ട്.
ഇന്റീരിയറിലേക്ക് കാലെടുത്ത് വെച്ചാല്‍ M ബാഡ്ജ്ഡ് ഡോര്‍ സില്‍സ്, M സ്‌പെക്ക് ലെതര്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ മാറ്റങ്ങള്‍ കാണാം. ബിഎംഡബ്ല്യുവിന്റെ ലേസര്‍ലൈറ്റ് സാങ്കേതികവിദ്യ പോലുള്ള മാറ്റങ്ങളും ലക്ഷ്വറി ലൈനിനെ അപേക്ഷിച്ച് ഇതില്‍ കമ്പനി നല്‍കിയിരിക്കുന്നു. ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് എന്നിവയാണ് ബിഎംഡബ്ല്യു 520d M സ്പോര്‍ട്ടിലെ മറ്റ് പ്രധാന ഫീച്ചറുകള്‍.

വാഹനത്തിന്റെ പവര്‍ട്രെയിനില്‍ മാറ്റമൊന്നുമില്ല. 190 bhp പവര്‍ പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ബിഎംഡബ്ല്യു ഇന്ത്യയിലെത്തിച്ച 5 സീരീസ് ലൈനപ്പിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന 530d-യെയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. 265 bhp പവര്‍ നല്‍കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരുന്നു ഇതിന് തുടിപ്പേകിയിരുന്നത്.
5 സീരീസ് ലൈനപ്പില്‍ നിന്ന് ബിഎംഡബ്ല്യു ഇപ്പോള്‍ ഈ എഞ്ചിന്‍ നിര്‍ത്തലാക്കി. ഇതോടെ ഫലത്തില്‍ 4 സിലിണ്ടറുകള്‍ മാത്രമുള്ള മിഡ്‌സൈസ് ലക്ഷ്വറി സെഡാന്‍ ആയി ഇത്. ഇതോടെ ക്ലാസില്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്ന ക്ലാസിലെ ഏക സെഡാനായി മെര്‍സിഡീസ് ബെന്‍സ് E350d മാറി.
ഇന്ത്യന്‍ വിപണിയില്‍ ഔഡി A6, ലെക്‌സസ് ES, വോള്‍വോ S90, ജാഗ്വാര്‍ XF, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് എന്നീ മോഡലുകളാണ് ബിഎംഡബ്ല്യു 5 സീരീസിന്റെ എതിരാളികള്‍.

എങ്കിലും ഇവയില്‍ ജാഗ്വാര്‍ XF, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് എന്നിവയ്ക്ക് മാത്രമേ ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ. അതുകൊണ്ട് തന്നെ ബിഎംഡബ്ല്യു 520d M സ്പോര്‍ട് ജാഗ്വാര്‍ XF D200, മെര്‍സിഡീസ് ബെന്‍സ് E220d എന്നിവയുമായാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. കാറുകള്‍ അതിന്റെ അവസാന കാലത്തിലേക്ക് അടുക്കുമ്പോള്‍ നഷ്ടം കുറക്കുന്നതിനായി ബിഎംഡബ്ല്യു പലപ്പോഴും അതിന്റെ വേരിയന്റുകള്‍ വെട്ടിക്കുറക്കാറുണ്ട്.
അടുത്ത വര്‍ഷം 5 സീരീസിന്റെ പുതിയ തലമുറ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ തന്നെ ഇപ്പോള്‍ നടപ്പാക്കിയ ഈ വെട്ടിനിരത്തലില്‍ അതിശയിക്കാനില്ല. ഇന്ത്യയ്ക്ക് പ്രത്യേകമായി പുതിയ 5 സീരീസ് ലോംഗ് വീല്‍ബേസ് അണിയറയില്‍ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബിഎംഡബ്ല്യുവിന്റെ അടുത്ത ലോഞ്ചുകള്‍ നോക്കിയാല്‍ ജര്‍മന്‍ ബ്രാന്‍ഡ് മെയ് മാസം M2 സ്പോര്‍ട്സ് കാറും ഫെയ്സ്ലിഫ്റ്റഡ് Z4-ന്റെയും പുതിയ തലമുറ പതിപ്പുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്. X5 ഫെയ്‌സലിഫ്റ്റഡ് പതിപ്പ് ഈ വര്‍ഷം ഓഗസ്റ്റില്‍ വിപണിയില്‍ എത്തിയേക്കും.


Click it and Unblock the Notifications








