പെട്രോളും ഇലക്ട്രിക്കും മാത്രമല്ല ബിഎംഡബ്ല്യു 7 സീരീസ് ഡീസലിലും വാങ്ങാം; അതും മെയിഡ് ഇന്‍ ഇന്ത്യ വണ്ടി
ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു രണ്ട് പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ബിഎംഡബ്ല്യു 740d M സ്പോര്‍ട്‌സുമായി കമ്പനി ഫ്‌ലാഗ്ഷിപ്പ് M സീരീസ് വിപുലീകരിച്ചു.
ഇതോടെ ബിഎംഡബ്ല്യുവിന്റെ 7 സീരീസ് ലൈനപ്പ് പെട്രോള്‍, ഡീസല്‍, ഓള്‍ ഇലക്ട്രിക് പെര്‍ഫോമന്‍സ് വേരിയന്റുകളില്‍ വാങ്ങാം. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റില്‍ നിര്‍മിക്കുന്ന 740d M സ്പോര്‍ട്ട് 1.81 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് പുറത്തിറങ്ങിയത്. ഇതോടൊപ്പം ബിഎംഡബ്ല്യു 2.50 കോടി രൂപ എക്സ്ഷോറൂം വിലയില്‍ i7 M70 xDrive ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇത് കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് ഇറക്കുമതി ചെയ്യുന്നത്.

രണ്ട് കാറുകളും ഇന്ന് മുതല്‍ കമ്പനി ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും. ഓക്‌സൈഡ് ഗ്രേ, മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ ടാന്‍സാനൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ പുതിയ ബിഎംഡബ്ല്യു 740d M സ്‌പോര്‍ട് വാങ്ങാം. ബിഎംഡബ്ല്യു ക്രിസ്റ്റല്‍ ലൈറ്റുകളുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും സ്വരോസ്‌കല ക്രിസ്റ്റലുകളുമാണ് 740d M സ്‌പോര്‍ട്ടിന്റെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.
താഴെ ഹെഡ്‌ലൈറ്റും ഫ്രണ്ട് ഫാസിയയുടെ മധ്യഭാഗത്തായി ഇല്യുമിനേറ്റഡ് കിഡ്‌നി ഗ്രില്ലും കാണാം. അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, M സ്പോര്‍ട്ട് ഡിസൈന്‍ പാക്കേജ്, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ്, കംഫര്‍ട്ട് ആക്സസ് സിസ്റ്റം, ഡോറുകള്‍ക്ക് സോഫ്റ്റ് ക്ലോസ് ഫംഗ്ഷന്‍ എന്നിവ ലഭിക്കുന്നു. സൈഡ് സ്‌കര്‍ട്ടുകള്‍, M ലോഗോകള്‍, ബ്ലാക്ക് എക്സ്റ്റീരിയര്‍ മിററുകള്‍, നീല നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകള്‍, റിയര്‍ സ്പോയിലര്‍, 21 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

'മെറിനോ' ലെതറിലാണ് ഇന്റീരിയര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ ബിഎംഡബ്ല്യു കാറിന്റെ അകത്തളത്തില്‍ സജ്ജീകരിച്ച ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വോയ്സ് കമാന്‍ഡുകള്‍ വഴിയും ആംഗ്യങ്ങള്‍ വഴിയും ഉപയോഗിക്കാം. എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് ബ്രേക്ക്, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.
3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് 7 സീരീസ് 740d M സ്പോര്‍ട്ടിന് കരുത്തേകുന്നത്. 282 bhp പരമാവധി കരുത്തും 650 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എല്ലാ റേഞ്ചിലുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. 18 bhp കരുത്തും 200 Nm ടോര്‍ക്കും അധികം വികസിപ്പിക്കുന്ന 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും ഓഫറിനുണ്ട്.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ബിഎംഡബ്ല്യു 740d M സ്പോര്‍ട്ട് വെറും 6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്. 250 kmph ആണ് ഈ കാറിന്റെ പരമാവധി വേഗത. പുതിയ ബിഎംഡബ്ല്യു 7 സീരീസ് ആഡംബര സെഡാന്‍ വിഭാഗത്തെ പുനര്‍നിര്‍വചിക്കുകയും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മെര്‍സിഡീസ് S ക്ലാസ്, ഔഡി A8L, ലെക്‌സസ് LS എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 740d M സ്‌പോര്‍ടിന്റെ എതിരാളികള്‍. പുതുതായി പുറത്തിറക്കിയ രണ്ട് കാറുകള്‍ക്കും രണ്ട് വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടി കമ്പനി വാഗ്ദാനം ചെയ്യുന്നു. മൈലേജ് പരിധിയില്ലാതെ റിപ്പയര്‍ ഇന്‍ക്ലൂസീവ് പ്രോഗ്രാമിലൂടെ അഞ്ച് വര്‍ഷമായി ദീര്‍ഘിപ്പിക്കാം. പുത്തന്‍ കാറുകള്‍ക്ക് ആകര്‍ഷകമായ ഫിനാന്‍സ് പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബൈ ബാക്ക് ഓപ്ഷനുമായി അപ്‌ഗ്രേഡിംഗിന് നോക്കുന്നവരെയും ആകര്‍ഷിക്കാന്‍ ശ്രമമുണ്ട്.


Click it and Unblock the Notifications








