Car Key വേണ്ട, മൊബൈല്‍ ഫോണ്‍ പോക്കറ്റിലുണ്ടെങ്കില്‍ കാര്‍ തനിയെ സ്റ്റാര്‍ട്ടാകും! എങ്ങനെ എന്നറിയാമോ?
ആധുനിക കാലത്തെ ജീവിതത്തില്‍ മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്രദമായ രണ്ട് കാര്യങ്ങളാണ് കാറും മൊബൈല്‍ഫോണും. ടെക്‌നോളജിയുടെ വളര്‍ച്ചയുടെ ഫലമായി മൊബൈല്‍ ഫോണ്‍ ഇന്ന് പല ഉപകരണങ്ങളുടെയും സ്ഥാനം തട്ടിയെടുത്തു. വാച്ച്, കാല്‍ക്കുലേറ്റര്‍, ലാന്‍ഡ്‌ഫോണ്‍, അലാറം, കലണ്ടര്‍, റേഡിയോ എന്ന് തുടങ്ങി നിരവധി സംഗതികളെ ഇത് മാറ്റി സ്ഥാപിച്ചു.
ഇന്നിപ്പോള്‍ പല കാറുകളിലും കീലെസ് എന്‍ട്രി സാധ്യമാണ്. താക്കോലിന്റെ ഫംഗ്ഷനും ഇന്ന് മൊബൈല്‍ ഫോണ്‍ നിര്‍വഹിക്കും. ലോകോത്തര ആഢംബര കാര്‍ നിര്‍മാതാക്കളായ ബിംഎംഡബ്ല്യു ഇപ്പോള്‍ ഇതുസംബന്ധിച്ച് ഒരു സുപ്രധാന നീക്കം നടത്തിയിരിക്കുകയാണ്. ബിഎംഡബ്ല്യു തങ്ങളുടെ 'ഡിജിറ്റല്‍ കീ പ്ലസ്' ഫീച്ചര്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമാണെന്ന് അറിയിച്ചു. ഇതുവരെ ആപ്പിള്‍ ഐഫോണ്‍, ആപ്പിള്‍ വാച്ച് എന്നിവയില്‍ മാത്രമാണ് ഇത് സാധ്യമായിരുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ ആപ്പിള്‍ യൂസേഴ്‌സിന് ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. കാര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഇനി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കാം. ഒപ്പം തന്നെ ഫോണ്‍ പോക്കറ്റില്‍ നിന്ന് എടുക്കാതെ തന്നെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാനുമുള്ള സൗകര്യമുണ്ടാകും. കാറിന്റെ അടുത്ത് എത്തുമ്പോള്‍ അണ്‍ലോക്ക് ചെയ്യാനും കാറില്‍ നിന്ന് അകന്ന് പോകുമ്പോള്‍ ഓട്ടോമാറ്റിക്കായി ലോക്കാവുകയും ചെയ്യുന്ന രീതിയില്‍ ഡിജിറ്റല്‍ കീ പ്ലസ് പ്രോഗ്രാം ചെയ്യാന്‍ സാധിക്കും.
ഓരേ കാര്‍ തന്നെ ഒന്നില്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ താക്കോല്‍ പങ്കുവെക്കേണ്ടതായി വരും. എന്നാല്‍ ഇനി മുതല്‍ ആപ്പ് സപ്പോര്‍ട്ട് ആകുന്ന 5 സ്മാര്‍ട്‌ഫോണുകളില്‍ വരെ ഡിജിറ്റല്‍ കീ പ്ലസ് ഉപയോഗപ്പെടുത്താം. ഡിജിറ്റല്‍ കീ പ്ലസ് ഉള്ള ഫോണുകള്‍ പരമ്പരാഗത വാഹന കീ പൂര്‍ണമായും മാറ്റിസ്ഥാപിക്കുന്നുവെന്ന് ജര്‍മന്‍ വാഹന ഭീമന്‍മാര്‍ പറഞ്ഞു. അള്‍ട്രാ വൈഡ്ബാന്‍ഡ് ടെക്‌നോളജി (UWB) എന്ന സാങ്കേതികവിദ്യയിലൂടെയാണ് മൊബൈല്‍ഫോണും കാറും തമ്മിലുള്ള സുരക്ഷിതമായ ആശയവിനിമയം സാധ്യമാകുന്നത്.
മൈ ബിഎംഡബ്ല്യു ആപ്പ് വഴിയാണ് ഉപഭോക്താക്കള്‍ ഈ ഫീച്ചര്‍ സജ്ജമാക്കേണ്ടത്. ഉപഭോക്താക്കള്‍ ഏത് ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നുവെന്നത് പരിഗണിക്കാതെ എല്ലാവര്‍ക്കും ഡിജിറ്റലായി വാഹനം ആക്‌സസ് ചെയ്യാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബിഎംഡബ്ല്യു വ്യക്തമാക്കുന്നു. ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്തും ക്ലോസ് റേഞ്ചും അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ റേഡിയോ സാങ്കേതികവിദ്യയാണ് ഇത്. ഇത് സാധ്യമായ പരമാവധി സുരക്ഷ വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ന് കാര്‍ ഉടമകള്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് ഹൈടെക്് കള്ളന്‍മാര്‍. കാര്‍ സിസ്റ്റം ഹാക്ക് ചെയ് വാഹനം കവരുന്നവരുടെ വെല്ലുവിളി അതിജീവിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് പറയുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ബിഎംഡബ്ല്യു ആപ്ലിക്കേഷന്‍ കൂടുതല്‍ അനുയോജ്യമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സാംസംഗിന്റെയും ഗൂഗിള്‍ പിക്‌സലിന്റെയും ചില മോഡലുകളിലാകും ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമാകുക.
ഗാലക്‌സി S23+, ഗാലക്‌സി S23 അള്‍ട്ര, S22+,S22 അള്‍ട്ര, S21+, S21+ അള്‍ട്ര, Z ഫോള്‍ഡ് 4, Z ഫോള്‍ഡ് 3, നോട്ട് 20 അള്‍ട്ര എന്നീ സാംസങ് സ്മാര്‍ട്‌ഫോണുകളില്‍ ഈ ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യും. സാംസങ് വാലറ്റ് ലഭ്യമായ മാര്‍ക്കറ്റുകളില്‍ മാത്രമായിരിക്കും ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകുക. ഗൂഗിള്‍ പിക്‌സല്‍ 7 പ്രോ, പിക്‌സല്‍ 6 പ്രോ എന്നീ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളിലും ഡിജിറ്റല്‍ കീ പ്ലസ് ഫീച്ചര്‍ ലഭ്യമാണ്.
ഫീച്ചര്‍ ലഭ്യമായ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടിക കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം നിര്‍ദ്ദിഷ്ട ഹാര്‍ഡ്വെയറുള്ള കുറച്ച് പഴയ മോഡലുകളിലും ഈ സൗകര്യം ലഭ്യമാണ്. 2022 നവംബറിന് ശേഷം നിര്‍മിച്ച കാര്‍ മോഡലുകളില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകും. പഴയ മോഡലുകളില്‍ ഡിജിറ്റല്‍ കീ പ്ലസ് ഫീച്ചര്‍ ലഭ്യമാകാന്‍ വേണ്ടി ഒരു OTA അപ്ഡേറ്റ് നല്‍കാന്‍ ബിഎംഡബ്ല്യുവിന് പ്ലാനുണ്ട്.
2022 നവംബറിന് മുമ്പുള്ള കാറുകളില്‍ അപ്‌ഡേറ്റിന് ശേഷം ഫീച്ചര്‍ ലഭ്യമാകും. എന്നാല്‍ കൃത്യമായി ഏത് വര്‍ഷം തൊട്ടുള്ള കാറുകളിലാകും ഇത് ലഭ്യമാകുകയെന്ന് അപ്‌ഡേറ്റിന് ശേഷം അറിയാം. ഇവി വിപണി ശക്തി തെളിയിക്കാനാണ് ബിഎംഡബ്ല്യുവിന്റെ നീക്കം. ബിഎംഡബ്ല്യു അടുത്തിടെ ഷാങ്ഹായ് ഓട്ടോ ഷോയില്‍ തങ്ങളുടെ ഏറ്റവും ശക്തമായ ഇവി മോഡലുകളിലൊന്നായ i7 M70 xഡ്രൈവ് പ്രദര്‍ശിപ്പിച്ചിരുന്നു.
101.7 kWh ബാറ്ററി പായ്ക്കിലാണ് ബിഎംഡബ്ല്യു i7 M70 xഡ്രൈവ് വരുന്നത്. 660 bhp പവറും 1,100 Nm ടോര്‍ക്കുമാണ് ഇത് സൃഷ്ടിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 560 കിലോമീറ്റര്‍ വരെ ഇവി സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഇന്ത്യയിലും അടുത്തകാലത്തായി ഒരുപിടി മോഡലുകളുമായി ബിഎംഡബ്ല്യു കളംനിറയുകയാണ്.


Click it and Unblock the Notifications








