'മണി മേക്ക്സ് പവർ'; ഒരു കോടിയുണ്ടേൽ വാങ്ങാം ബിഎംഡബ്ല്യുവിൻ്റെ ഈ പെർഫോമൻസ് കാർ
ഇന്ത്യയിൽ പ്രീമിയം കാറുകളിൽ ഏറ്റവും ഫാൻ ബേസുളള ഒരു ബ്രാൻഡാണ് ബിഎംഡബ്ല്യു. വാഹനപ്രേമികളുടെ ഏറ്റവും ഇഷ്ടം കൂടിയ വാഹനമെന്ന കാര്യത്തിൽ ബ്രാൻഡ് മുന്നിൽ തന്നെയാണ്. ഇപ്പോൾ വാഹനപ്രേമികൾക്ക് സന്തോഷവാർത്തയുമായി വന്നിരിക്കുകയാണ് ബ്രാൻഡ്. ബിഎംഡബ്ല്യുവിൻ്റെ രണ്ടാം തലമുറ M2 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 98 ലക്ഷം രൂപയാണ് മോഡലിൻ്റെ എക്സ്ഷോറൂം വില.
ഓട്ടോമാറ്റിക്ക് ഗിയർബോക്സ വാഗ്ദാനം ചെയ്യുന്ന ഒറ്റ വേരിയൻ്റ് മാത്രമേ ലഭിക്കുന്നുളളു. CBU റൂട്ട് വഴി ഇന്ത്യയിലേക്ക് എത്തിക്കുന്നത് കൊണ്ട് വാഹനം പരിമിതമായ എണ്ണത്തിൽ മാത്രമേ ലഭ്യമാകു. ഇപ്പോൾ കുറച്ച് മോഡലുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ടെങ്കിലും കസ്റ്റമേഴ്സിൻ്റെ താൽപ്പര്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാനുളള ഓഫറും കമ്പനി നൽകുന്നുണ്ട്. എല്ലാ പ്രീമിയം കാറുകളും നൽകുന്ന ഓഫറാണ് കസ്റ്റമൈസേഷൻ.

ബിഎംഡബ്ല്യു M3, M4 എന്നീ മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്ന 3.0-ലിറ്റർ സ്‌ട്രെയിറ്റ് സിക്‌സ് എഞ്ചിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 460 ps മാക്സിമം പവറും 550 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ബിഎംഡബ്ല്യു അവകാശപ്പെടുന്നത് പുതിയ M2 ന് 0-100kph എത്താൻ വെറും 4.1 സെക്കൻഡ് മതിയാകുമെന്നും 250kph ആണ് വാഹനത്തിൻ്റെ പരമാവധി വേഗത എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മോഡലിൻ്റെ കൂടുതൽ ഫീച്ചേഴ്സ് നോക്കുകയാണെങ്കിൽ കംഫർട്ട് ആക്‌സസ് സിസ്റ്റം, മെമ്മറി ഫംഗ്‌ഷനുള്ള പവർഡ് സീറ്റുകൾ, എം ബാഡ്ജ് സീറ്റ് ബെൽറ്റുകൾ, ഉയർന്ന ബീം അസിസ്റ്റുള്ള അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ബിഎംഡബ്ല്യു കണക്റ്റഡ് പാക്കേജ്, വയർലെസ് ചാർജിംഗ്, എം ഷാഡോലൈൻ ട്രിം എന്നിവയാണ് മോഡലിൻ്റെ ഫീച്ചറുകൾ. അത് പോലെ തന്നെ സിൽവർ ഫിനിഷ് M ലൈറ്റ് 19 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന് ലഭിക്കുന്നത്.

ആൽപൈൻ വൈറ്റ്, ബ്രൂക്ലിൻ ഗ്രേ, ബ്ലാക്ക് സഫയർ, ടൊറന്റോ റെഡ്, സാൻഡ്‌വോർട്ട് ബ്ലൂ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ M2 ലഭ്യമാകും. അകത്ത്, ഉപഭോക്താക്കൾക്ക് കറുപ്പ് അല്ലെങ്കിൽ കോഗ്നാക് ഷേഡുകൾ തിരഞ്ഞെടുക്കാൻ കഴിയും, അതേസമയം ഡാഷ്‌ബോർഡിലെ അലുമിനിയം ഹൈലൈറ്റുകൾക്കൊപ്പം ബിഎംഡബ്ല്യു എം സ്‌പോർട് സീറ്റുകളും സ്റ്റാൻഡേർഡ് ആയിരിക്കും.
ഇതുകൂടാതെ, വാങ്ങുന്നവർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് M2 സ്പെസിഫിക്കേഷൻ തിരഞ്ഞെടുക്കാൻ ഓപ്ഷനുകളുടെ ഒരു വലിയ നിര തന്നെയുണ്ട്. ഇതിൽ മാനുവൽ ഗിയർബോക്സ് നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും അത് മാത്രമല്ല, കാർബൺ ഫൈബർ റൂഫ്, കാർബൺ ഫൈബർ ബക്കറ്റ് സീറ്റുകൾ, ഫുൾ ലെതർ അപ്ഹോൾസ്റ്ററി, ആക്ടിവ് ക്രൂയിസ് കൺട്രോൾ എന്നിവയും ഉൾപ്പെടുന്നു.

ആഗോളവിപണിയിൽ വിൽക്കുന്ന 2 സീരീസ് കൂപ്പെയെ അടിസ്ഥാനമാക്കിയുളള, പുതിയ ബിഎംഡബ്ല്യു M2-ന് ഒരു അഗ്രസീവ് ബോഡി കിറ്റാണ് ലഭിക്കുന്നത്, അതിൽ സ്റ്റൈലിഷ്, ഫങ്ഷണൽ റിയർ സ്‌പോയിലർ, ലോ-സ്ലംഗ് ജിടി-സ്റ്റൈൽ റിയർ ഡിഫ്യൂസർ, ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, ഫ്രെയിംലെസ്സ് ഹോറിസോണ്ടൽ കിഡ്‌നി ഷെയ്പ് മുൻഭാഗം എന്നിവയാണ് എടുത്ത് പറയാനുളളത്.വീതിയേറിയ ഗ്രില്ലും ഹെഡ്‌ലാബുകളും ലഭിക്കുന്നു.
ബിഎംഡബ്ല്യു ആരാധകർക്ക് എന്തായാലും ആഘോഷത്തിനുളള വക തന്നെയാണ് ബ്രാൻഡ് ഒരുക്കിയത്. ഇന്ത്യൻ വിപണിയിൽ എതിരാളി എന്ന് പറയാനായിട്ടുളളത് പോർഷെ 718 കെയ്മാൻ ആണ്. പെർഫോമൻസും ലുക്കും എല്ലാം ഒത്തിണങ്ങിയ മോഡലായത് കൊണ്ട് തന്നെ വിപണിയിൽ തിളങ്ങും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. പോർഷെയും ബിഎംഡബ്ല്യുവു തമ്മിലുളള പോരാട്ടത്തിനായിരക്കും ഇനി വാഹന വിപണി സാക്ഷ്യം വഹിക്കാൻ പോകുന്നത്.


Click it and Unblock the Notifications








