ഇതാ ലിറ്ററിന് 62 കി.മീ മൈലേജ് തരുന്ന എസ്‌യുവി! പക്ഷേ, വില കേട്ടാല്‍ കണ്ണുതള്ളും!
കാലമെത്ര കഴിഞ്ഞാലും വണ്ടി വാങ്ങുമ്പോള്‍ നമ്മള്‍ ഇന്ത്യക്കാര്‍ ചോദിക്കുമെന്നുറപ്പുള്ള ഒരു ചോദ്യമാണ് 'മൈലേജ് എത്ര കിട്ടുമെന്നത്'. ഇന്ധന വില മാനംമുട്ടെ കുതിച്ച ഈ ഒരു കാലഘട്ടത്തില്‍ പ്രത്യേകിച്ചും മൈലേജിന് വലിയ പ്രാധാന്യമുണ്ട്. 40 കിലോമീറ്റര്‍ മൈലേജുമായി ന്യൂജന്‍ സ്വിഫ്റ്റ് വരുന്നുവെന്ന വാര്‍ത്ത ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്ത് തീര്‍ത്ത ഓളം ചില്ലറയല്ല.
എന്നാല്‍ നമ്മള്‍ ഇനി പറയാന്‍ പോകുന്നത് ലിറ്ററിന് 62 കിലോമീറ്റര്‍ മൈലേജ് തരുന്ന ഒരു കാറിനെ കുറിച്ചാണ്. പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ബിഎംഡബ്ല്യു XM ആഡംബര എസ്‌യുവിയാണ് കക്ഷി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബവേറിയന്‍ ബ്രാന്‍ഡ് ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിലവില്‍ വിപണിയിലെ ഏറ്റവും ചെലവേറിയ ബിഎംഡബ്ല്യു എസ്‌യുവിയാണിത്.

1970-കളുടെ അവസാനത്തില്‍ നിരത്തുകള്‍ കീഴടക്കിയ മിഡ്-എഞ്ചിന്‍ M1 സൂപ്പര്‍കാറിന് ശേഷമുള്ള രണ്ടാമത്തെ ബിഎംഡബ്ല്യു M ഒറിജിനല്‍ മോഡല്‍ കൂടിയാണ് XM. ബിഎംഡബ്ല്യുവിന്റെ M ഡിവിഷനില്‍ നിന്നുള്ള ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവിയാണിത്. നമ്മുടെ രാജ്യത്തെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളില്‍ എസ്‌യുവി ഏപ്രിലില്‍ തന്നെ എത്തിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ കില്ലര്‍ മൈലേജ് തരുന്ന ഹൈബ്രിഡ് എസ്‌യുവിയുടെ വാക്കറൗണ്ട് വീഡിയോ മോഹിത് അദ്വാനി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു എസ്‌യുവിയുടെ എക്‌സ്റ്റീരിയറിനെ കുറിച്ച് സംസാരിച്ചാണ് അദ്ദേഹം തുടങ്ങുന്നത്. ശേഷം ഇന്റീരിയറിലേക്ക് നീങ്ങുകയും ഒടുവില്‍ തന്റെ ഡ്രൈവിംഗ് അനുഭവം പങ്കിടുകയും ചെയ്യുന്നു. ഗോള്‍ഡ് ആക്‌സന്റുകളോടുകൂടിയ കൂറ്റന്‍ ഇല്ലുമിനേറ്റഡ് കിഡ്‌നി ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമെന്നിവയാണ് ബിഎംഡബ്ല്യു XM-ന്റെ ഫ്രണ്ട് വശത്തെ പ്രധാന ഹൈലൈറ്റ്. ആകര്‍ഷകവും ഷാര്‍പ്പുമായ ഫ്രണ്ട് ബമ്പര്‍ കാറിന് സ്‌പോര്‍ട്ടിയര്‍ ലുക്ക് നല്‍കുന്നു. മുന്‍ ബമ്പറിന് വലിയ എയര്‍ ഡാമുകളും ഇന്‍ടേക്കുകളും ലഭിക്കുന്നു.

എസ്‌യുവിയുടെ വലിപ്പം വശങ്ങളിലേക്ക് നീങ്ങുന്ന വേളയിലാണ് ശരിക്കും മനസ്സിലാകുക. മുന്‍വശത്തെ ആകര്‍ഷകമായ രൂപം ഇവിടെയും പ്രകടമാണ്. iX എസ്‌യുവിക്ക് സമാനമാണ് ഡിസൈന്‍. XM-ന് 21 ഇഞ്ച് വീലുകളാണ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് 22 അല്ലെങ്കില്‍ 23 ഇഞ്ച് വീലുകളും തെരഞ്ഞെടുക്കാന്‍ സാധിക്കും. മുന്‍വശത്തിന് സമാനമായി ഈ എസ്‌യുവിയുടെ പിന്‍ഭാഗവും ആങ്കുലാര്‍ ഷാര്‍പ്പ് ലുക്കിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഓള്‍-എല്‍ഇഡി ടെയില്‍ ലാമ്പുകളിലെ 'L' ആകൃതിയിലുള്ള ഘടകങ്ങളും വളരെ മികച്ചതായി കാണപ്പെടുന്നു. ലംബമായി വരുന്ന എക്സ്ഹോസ്റ്റ് ടിപ്പുകള്‍ക്ക് ചുറ്റും ബ്ലാക്ക് ഇന്‍സെര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. അകത്തളങ്ങളിലേക്ക് കയറിയാല്‍ XM-ല്‍ പരിചിതമായ ഒരു ബിഎംഡബ്ല്യു ലേഔട്ട് കാണാന്‍ സാധിക്കും. മുമ്പ് iX, i4 എന്നിവയില്‍ കണ്ടിരുന്ന തരത്തിലുള്ള ലേഔട്ടാണിത്. കാര്‍ബണ്‍ ഫൈബറിന്റെ മാന്യമായ ഉപയോഗത്തോടെ ബ്ലൂ, ഗ്രീന്‍ മെറ്റീരിയലുകളിലാണ് ക്യാബിന്‍ വരുന്നത്.

വലിയ 12.3 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ക്യാബിനില്‍ കയറിയാല്‍ ആദ്യം കണ്ണിലുടക്കുക. ഡാഷ്‌ബോര്‍ഡില്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായി ഉപയോഗിക്കുന്ന 14.9 ഇഞ്ച് സ്‌ക്രീന്‍ കാണാം. ഡ്രൈവര്‍മാരുടെ സ്‌റ്റൈലിന് അനുസൃതമായി കോണ്‍ഫിഗര്‍ ചെയ്യാവുന്ന റെഡ് കളറിലുള്ള ബട്ടണും ഇതില്‍ വരുന്നു. നിരവധി സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റുകള്‍, ബോട്ടില്‍ ഹോള്‍ഡറുകള്‍, ആംബിയന്റ് ലൈറ്റിംഗ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം സൗണ്ട് സിസ്റ്റം, ADAS എന്നിവയടക്കം നിരവധി ഫീച്ചറുകളും എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു XM-ന് കരുത്ത് പകരുന്നത്. ഇത് ഇലക്ട്രിക് മോട്ടോറിനൊപ്പം ചേര്‍ന്ന് ഏകദേശം 653 bhp പവറും 800 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. M xഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബിഎംഡബ്ല്യു ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

വെറും 4.3 സെക്കന്‍ഡില്‍ എസ്‌യുവി 0-100 kmph വേഗത കൈവരിക്കുമെന്നാണ് ബ്രാന്‍ഡിന്റെ അവകാശവാദം. ഇവി മോഡില്‍ എസ്‌യുവി 88 കിലോമീറ്റര്‍ റേഞ്ച് നല്‍കും. മോഹിത് അദ്വാനിക്ക് സ്വന്തമായി ഒരു ബിഎംഡബ്ല്യു X7 ലക്ഷ്വറി എസ്‌യുവിയുണ്ട്. എങ്കിലും അദ്ദേഹം തന്റെ സ്വപ്‌ന വാഹനമായി വീഡിയോയില്‍ പറയുന്നത് XM ആണ്.
കൊക്കിലൊതുങ്ങാത്ത വിലയായതിനാലാണ് അദ്ദേഹത്തിന് എസ്‌യുവി സ്വന്തമാക്കാന്‍ സാധിക്കാത്തത്. വണ്ടിയുമായി കറങ്ങി വരുന്ന മോഹിത്തിന്റെ മുഖത്ത് പുഞ്ചിരി മാത്രമാണ് കാണാന്‍ സാധിക്കുന്നത്. നിങ്ങളുടെ കൈയ്യില്‍ 3 കോടി രൂപയുണ്ടെങ്കില്‍ ഇന്ന് രാജ്യത്ത് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും ബെസ്റ്റ് എസ്‌യുവി ബിഎംഡബ്ല്യു XM ആണെന്നാണ് യൂട്യൂബര്‍ എടുത്തു പറയുന്നത്.


Click it and Unblock the Notifications








