കച്ചോടം കൂട്ടാന്‍ മഹീന്ദ്രയുടെ പുത്തന്‍ തന്ത്രം... എസ്‌യുവി ബുക്ക് ചെയ്യുന്നവരെ കാത്തൊരു 'സര്‍പ്രൈസ്'
ഏത് രാജ്യമെടുത്താലും അവിടുത്തെ ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ടവയായിരിക്കും അവിടുത്തെ കായിക താരങ്ങളും വാഹനങ്ങളും. തങ്ങളുടെ ഉല്‍പ്പന്നങ്ങളെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാനായി കായിക താരങ്ങളെ വാഹന ബ്രാന്‍ഡുകള്‍ അംബാസഡര്‍മാരാക്കുന്നു. ഇന്ത്യ പോലുള്ള രാജ്യമെടുത്താല്‍ ജനപ്രിയ കായിക വിനോദമായ ക്രിക്കറ്റില്‍ ദേശീയ ടീം കുപ്പായമണിയുന്ന താരങ്ങളെല്ലാം നല്ല വണ്ടി ഭ്രാന്തന്‍മാര്‍ കൂടിയാണ്.
അതില്‍ പലരും പല കമ്പനികളുടെയും ബ്രാന്‍ഡ് അംബാസഡര്‍മാര്‍ കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മ്മാതാക്കളില്‍ ഒന്നാണ് മഹീന്ദ്ര. കമ്പനിയുടെ ഥാര്‍, XUV700,സ്‌കോര്‍പിയോ N, ബൊലേറോ എന്നിവ മികച്ച വില്‍പ്പനയാണ് നേടുന്നത്. വിപണിയിലുള്ള കനത്ത ഡിമാന്‍ഡ് കാരണം ഇവയില്‍ പലതിനും 12 മാസത്തിലേറെ കാത്തിരിപ്പ് കാലയളവുണ്ട്. ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളായ ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും മഹീന്ദ്ര എസ്‌യുവികള്‍ക്ക് ആരാധകരുണ്ട്.

ഇന്ത്യക്കാര്‍ക്കെല്ലാം സുപരിചിതമായ ഒരു ക്രിക്കറ്റ് താരത്തെ മഹീന്ദ്ര ഓസ്‌ട്രേലിയ അവിടെ ബ്രാന്‍ഡ് അംബാസഡറാക്കിയിട്ടുണ്ട്. ഒരു കാലത്ത് ലോകോത്തര ബൗളര്‍മാരുടെയടക്കം പേടിസ്വപ്‌നമായിരുന്ന ഓസീസിന്റെ ഇടംകൈയ്യന്‍ ഓപണിംഗ് ബാറ്റര്‍ മാത്യു ഹെയ്ഡനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. 2015-മുതല്‍ മഹീന്ദ്ര ഓസ്‌ട്രേലിയയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഹെയ്ഡന്‍. ഏകദിന ലോകകപ്പ് അരങ്ങേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹെയ്ഡന്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്.
ഈ സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാനായി കിടിലനൊരു ഓഫര്‍ കൊണ്ടുവന്നിരിക്കുകയാണ് മഹീന്ദ്ര. ഒരു മഹീന്ദ്ര എസ്‌യുവി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഹെയ്ഡനെ കാണാന്‍ അവസരം ഒരുക്കുകയാണ് കമ്പനി. ഇതുസംബന്ധിച്ച് ഒരു വീഡിയോ മഹീന്ദ്ര അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍ ചെന്നൈയിലെ ഒരു മഹീന്ദ്ര ഡീലര്‍ഷിപ്പിലേക്ക് വെള്ള നിറത്തിലുള്ള മഹീന്ദ്ര XUV700-യില്‍ എത്തുന്നത് കാണാം.

പരമ്പരാഗത വേഷം ധരിച്ചെത്തുന്ന ഹെയ്ഡന്‍ കൂപ്പുകൈകളോടെ ചെന്നൈയിലെ ഡീലര്‍ഷിപ്പിലെ ജീവനക്കാരെയും കസ്റ്റമേഴ്‌സിനെയും അഭിവാദ്യം ചെയ്തു. ഡീലര്‍ഷിപ്പില്‍ എത്തിയ ഉപഭോക്താക്കളുമായി സംവദിച്ച ഹെയ്ഡന്‍ ഒരു ഉപഭോക്താവിന് പുതിയ XUV700 എസ്‌യുവിയുടെ താക്കോല്‍ കൈമാറുകയും ചെയ്യുന്നത് ചെറു വീഡിയോയില്‍ കാണാം. ഡെലിവറിക്ക് ശേഷം ഒരു ഉപഭോക്താവിനും കുടുംബത്തിനുമൊപ്പം ഒരു ചെറിയ ഡ്രൈവിനും മാത്യു ഹെയ്ഡന്‍ ഒപ്പം പോയി. കാറിലുണ്ടായിരുന്നവരോട് കുശലാന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട് ഹെയ്ഡന്‍.
ഒരു മഹീന്ദ്ര സ്‌കോര്‍പ്പിയോ N എസ്‌യുവിയിലായിരുന്നു ഡ്രൈവ്. ഡീലര്‍ഷിപ്പില്‍ നിന്നുള്ള ഒരു ഡെമോ കാറാണ് ഇതെന്നാണ് തോന്നുന്നത്. 'പരമ്പരാഗത വസ്ത്രധാരണം, അവിസ്മരണീയമായ അനുഭവം, ഇതിഹാസത്തോടൊപ്പം ഡ്രൈവ്, നിങ്ങളുടെ പ്രിയപ്പെട്ട മഹീന്ദ്ര എസ്‌യുവി ബുക്ക് ചെയ്യുക, മാത്യു ഹെയ്ഡനെ കാണാനുള്ള അവസരം നേടുക' എന്ന അടിക്കുറിപ്പോടെയാണ് മഹീന്ദ്ര ഓണ്‍ലൈനില്‍ വീഡിയോ പങ്കുവെച്ചത്.
ഏകദേശം അഞ്ച് ദിവസം മുമ്പ് ആണ് മഹീന്ദ്ര ഓഫര്‍ സംബന്ധിച്ച വീഡിയോ പങ്കുവെച്ചത്. ഹെയ്ഡന്‍ ലോകകപ്പ് അവസാനിച്ച ശേഷമാകും മടങ്ങിപ്പോകുകയെന്നതിനാല്‍ കുറച്ച് ദിവസം കൂടി ഇതിന് സാധുതയുണ്ടാകാനാണ് സാധ്യത. എന്നാല്‍ ഈ ഈ ഓഫര്‍ ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണോ അതോ ഇന്ത്യയിലുടനീളമുള്ളതാണോ എന്ന് വ്യക്തമല്ല. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടുന്നുണ്ട്.
ചിലര്‍ ഓഫറിനെ കുറിച്ച് കമന്റ് ബോക്‌സില്‍ അഭിപ്രായം പങ്കിട്ടപ്പോള്‍ മറ്റ് ചിലര്‍ക്ക് ഥാര്‍ 5 ഡോര്‍ എന്ന് വരുമെന്നായിരുന്നു അറിയേണ്ടത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരീശലകക്കുപ്പായത്തിലും കമന്ററി ബോക്‌സിലും നിറഞ്ഞുനില്‍ക്കുകയായിരുന്നു ഹെയ്ഡന്‍. മഹീന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡറായ ഹെയ്ഡന്‍ കമ്പനിയുടെ വാഹനങ്ങള്‍ ഓണ്‍ലൈനില്‍ പ്രൊമോട്ട് ചെയ്യാറുണ്ട്. വിദേശത്ത് മഹീന്ദ്രയ്ക്ക് വേണ്ടിയുള്ള നിരവധി പരസ്യ ചിത്രങ്ങളും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷമാദ്യം മഹീന്ദ്രയുടെ ചെന്നൈയിലെ SUV പ്രൂവിംഗ് ട്രാക്ക് അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

XUV700, സ്‌കോര്‍പിയോ N എന്നീ എസ്‌യുവികള്‍ ഓടിച്ച ശേഷം ക്രിക്കറ്റ് താരം മഹീന്ദ്ര ഓസ്ട്രേലിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ തന്റെ അനുഭവം പങ്കുവെക്കുകയും ചെയ്തിരുന്നു. നിങ്ങള്‍ ക്രിക്കറ്റ് പ്രേമിയും ഉടന്‍ ഒരു മഹീന്ദ്ര കാര്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുമാണെങ്കില്‍ ഏറ്റവും അടുത്ത മഹീന്ദ്ര ഷോറൂം സന്ദര്‍ശിച്ച് ഈ ഓഫര്‍ ലഭ്യമാണോ എന്ന് അന്വേഷിക്കൂ. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് ഈ ലേഖനം ഉപകാരപ്പെടുമെങ്കില്‍ അവര്‍ക്ക് അയച്ചുകൊടുക്കാനും മറക്കല്ലേ.


Click it and Unblock the Notifications








