ഒരു തവണ ഓയില്‍ മാറാന്‍ ഇത്രയും പൈസയോ! ഈ കാറിന്റെ സര്‍വീസ് കോസ്റ്റ് കേട്ടാല്‍ കണ്ണുതള്ളും...

ഇന്ന് കൈയ്യില്‍ അത്യാവശ്യം ക്യാഷ് ഉണ്ടെങ്കില്‍ ഒരു ആഢംബര കാര്‍ വാങ്ങാം. എന്നാല്‍ കാര്‍ വാങ്ങുന്നതിനേക്കാള്‍ ചെലവാണ് അത് പരിപാലിക്കാന്‍. അതുകൊണ്ടാണ് ഇന്ത്യക്കാര്‍ കാര്‍ വാങ്ങുന്നതിന് മുമ്പ് പരിപാലന ചെലവ് അഥവാ മെയിന്റനന്‍സ് കോസ്റ്റ് നോക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള പ്രശസ്തമായ കാര്‍ നിര്‍മാതാക്കളാണ് ബുഗാട്ടി.

ലോകോത്തര ഹൈപ്പര്‍ കാറുകള്‍ പുറത്തിറക്കുന്ന ബുഗാട്ടിയുടെ കാറുകളില്‍ ഒന്ന് വാങ്ങുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബുഗാട്ടി കാറുകള്‍ക്ക് നല്ല വിലയുണ്ടെന്ന് മാത്രമല്ല അത് പരിപാലിക്കാനും ഇച്ചിരി പാടാണ്. ബുഗാട്ടിയുടെ അതി പ്രശസ്തമായ മോഡലുകളായ വെയ്‌റോണിനും പിന്‍ഗാമിയായ ഷിറോണിനും പല സ്പീഡ് റെക്കോഡുകളും തകര്‍ത്തെറിഞ്ഞ ചരിത്രമുണ്ട്. ഈ രണ്ട് മോഡലുകളും സ്വന്തമാക്കുന്നതിന് കീശക്ക് അത്യാവശ്യം കനം ആവശ്യമാണ്.

bugatti maintenance costs

അതുപോലെ തന്നെ ഈ രണ്ട് ഹൈപ്പര്‍ കാര്‍ മോഡലുകളുടെയും മെയിന്റനന്‍സ് കോസ്റ്റ് കേട്ടാലും ഒരുപക്ഷേ നിങ്ങളുടെ കണ്ണ് തള്ളിയേക്കാം. ഉദാഹരണത്തിന് നമുക്ക് ബുഗാട്ടി വെയ്റോണിനെ എടുക്കാം. ഈ കാറിന്റെ ഓയില്‍ മാറാന്‍ ചിലവാക്കുന്ന പണം നമ്മുടെ നാട്ടിലെ പല ജനപ്രിയ എസ്‌യുവികളേക്കാള്‍ കൂടുതലാണെന്നതാണ് സത്യം. റിയല്‍ എസ്റ്റേറ്റ് രാജാവും കാര്‍ കളക്ടറുമായ മാനി ഖോസ്ബിന്‍ ആണ് ബുഗാട്ടി വെയ്‌റോണിന്റെ സര്‍വീസ് കോസ്റ്റ് വെളിപ്പെടുത്തിയത്.

ഇദ്ദേഹത്തിന് സ്വന്തമായി 3 ബുഗാട്ടി കാറുകള്‍ ഉണ്ട്. മാനി ഖോസ്ബിന്‍ പങ്കുവെച്ച വിവരം ഒരുപക്ഷേ പലരെയും ഞെട്ടിക്കും. വര്‍ഷത്തിലൊരിക്കല്‍ വെയ്റോണിന് ഓയില്‍ മാറ്റണമെന്ന് ബുഗാട്ടി ശുപാര്‍ശ ചെയ്യുന്നുവെന്നാണ് മാനി ഖോസ്ബിന്‍ യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ പറയുന്നത്. ഓയില്‍ മാറാന്‍ മാത്രം വര്‍ഷാവര്‍ഷം 25,000 യുഎസ് ഡോളറാണ് ചെലവ്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 20 ലക്ഷം രൂപ വരും.

bugatti veyron

ഓയില്‍ മാറാന്‍ എന്താണിത്ര ചെലവെന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. ബുഗാട്ടിയുടെ ഓയില്‍ മാറ്റാന്‍ വേണ്ടി ബുഗാട്ടി ടെക്‌നീഷ്യന്‍ പിന്‍വശത്തെ ടയറുകളും ബ്രേക്കുകളുമെല്ലാം അഴിക്കേണ്ടതായുണ്ട്. ഒരു സാധാരണ കാറിന് ഒരു ഡ്രെയിന്‍ പ്ലഗ് മാത്രമേയുള്ളൂ. എന്നാല്‍ ബുഗാട്ടി വെയ്റോണില്‍ 16 ഡ്രെയിനേജ് പ്ലഗുകള്‍ ഉണ്ട്. അതിനാല്‍ തന്നെ ഇത്തിരി കഷ്ടപ്പാടുള്ള പണിയാണ്. ഈ ജോലി പൂര്‍ത്തിയാക്കാന്‍ ബുഗാട്ടി ടെക്‌നീഷ്യന്‍ ഒത്തിരി അധ്വാനവും സമയവും എടുക്കും.

ഇക്കാരണങ്ങള്‍ എല്ലാം കൊണ്ടാണ് ബുഗാട്ടിയുടെ ഓയില്‍ മാറ്റത്തിന് ഇത്രയും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. എന്നാല്‍ ഓയില്‍ മാറ്റത്തില്‍ അവസാനിക്കുന്നില്ല കേട്ടോ ഞെട്ടിക്കുന്ന കണക്കുകള്‍. അടുത്തതായി വരിയിലുള്ളത് ടയര്‍ മാറ്റമാണ്. ഏതാനും വര്‍ഷം കൂടുമ്പോള്‍ വെയ്റോണിന്റെ ടയറുകള്‍ മാറ്റിസ്ഥാപിക്കാനാണ് നിര്‍മാതാക്കള്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഒരിക്കല്‍ ടയര്‍ ഫുള്‍സെറ്റായി മാറാന്‍ 38,000 യുഎസ് ഡോളറാണ് ചെലവ്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ ഏകദേശം 31 ലക്ഷം വരും.

എന്നാല്‍ ടയറുകളേക്കാള്‍ ചെലവേറിയതാണ് വീലുകള്‍. ഓരോ 10,000 മൈലിലും (16,000 കിലോമീറ്റര്‍) വെയ്റോണിന്റെ റിമ്മുകള്‍ മാറ്റണമെന്നാണ് ബുഗാട്ടി ശുപാര്‍ശ ചെയ്യുന്നത്. ഇതിന് 50,000 യുഎസ് ഡോളര്‍ അഥവാ 40 ലക്ഷം രൂപയാണ് ചിലവ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ബുഗാട്ടി വെയ്‌റോണ്‍ കുറച്ച് വര്‍ഷം കൊണ്ടുനടക്കാന്‍ 91 ലക്ഷം രൂപ മെയിന്റനന്‍സ് ഇനത്തില്‍ മാത്രം ചെലവിടണം. മുകളില്‍ പറഞ്ഞ പരിപാലന ചെലവുകള്‍ മാത്രം കൂട്ടിയാണിത്.

മറ്റ് ചെലവുകള്‍ എല്ലാം കൂടി ചേരുമ്പോള്‍ സംഖ്യ 1 കോടി രൂപ കടക്കും. ബുഗാട്ടി ഷിറോണിന്റെ കാര്യം എടുത്താല്‍ പ്രതിവര്‍ഷം സര്‍വീസ് ഇനത്തില്‍ മാത്രം 11,500 ഡോളര്‍ (9.45 ലക്ഷം രൂപ) ചെലവാകുമെന്നാണ് ഉടമകളില്‍ ഒരാള്‍ വെളിപ്പെടുത്തുന്നത്. കാറിന് വാറണ്ടിയുള്ളപ്പോള്‍ ഉള്ള കാര്യമാണിത്. നേരെമറിച്ച് കാറിന് വാറണ്ടിയില്ലെങ്കില്‍ 34,000 ഡോളറാണ് കൈയ്യില്‍ നിന്ന് ചെലവാക്കേണ്ടത്. അതായത് മൂന്നിരട്ടിയോളം. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 27.94 ലക്ഷം രൂപ വരും.

bugatti chiron

നാല് വര്‍ഷത്തെ മേജര്‍ സര്‍വീസിന് ഈ തുക ചെലവാക്കിയാല്‍ മതി. ഇന്ന് വിപണിയിലുള്ള ഏറ്റവും വിലപിടിപ്പുള്ള ഹൈപ്പര്‍കാറുകളാണ് വെയ്‌റോണും ഷിറോണും. അതിനാല്‍ തന്നെ ഇതിന്റെ മെയിന്റനന്‍സ് കോസ്റ്റും ആകാശം മുട്ടെ ഉയര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ ഇത്രയുമധികം പണം ഉണ്ടെങ്കില്‍ എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യാമെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ പൂത്ത ക്യാഷുള്ള വാഹന പ്രേമികള്‍ക്ക് വണ്ടിയാണ് മുഖ്യം. അവര്‍ ഇഷ്ട കാറുകള്‍ക്കായി കോടികള്‍ വാരിയെറിയാന്‍ ഒരു മടിയുമില്ല.

Article Published On: Friday, June 16, 2023, 17:21 [IST]
English summary
Bugatti veyron maintenance cost oil change tyre change and wheel change explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X