ടിയാഗോ ഇവി വാങ്ങിയാല്‍ പ്രതിമാസം 16,500 രൂപ വരെ പോക്കറ്റിലാക്കാം! എപ്പുട്രാ...
ബുക്കിംഗ് ചാര്‍ട്ടുകള്‍ വിറപ്പിച്ച ടാറ്റ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കിനെ ഇന്ത്യന്‍ ജനത ഏറ്റെടുത്തിരുന്നു. പെട്രോള്‍ കാറില്‍ പ്രതിദിനം 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക് ടിയാഗോ ഇവിയിലേക്ക് മാറിയാല്‍ പ്രതിമാസം 16,000 രൂപ വരെ പോക്കറ്റിലാക്കാം എന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് എങ്ങനെയെന്നല്ലേ?. അതറിയാന്‍ തുടര്‍ന്ന് വായിക്കുക.
ഇന്ന് ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ജനപ്രിയമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇവികള്‍ വിപണിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി സൗഹൃദവും ചെലവ് കുറവുമായ ഇവികള്‍ വാങ്ങാന്‍ ജനങ്ങള്‍ കൂടുതല്‍ താല്‍പര്യം കാണിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ന് പെട്രോള്‍ കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് കാറുകള്‍ സ്വന്തമാക്കാന്‍ പണം ഇത്തിരി കൂടുതല്‍ മുടക്കണം. അക്കാരണം കൊണ്ട് പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകളെ വിട്ട് ഇവികളിലേക്ക് മാറാന്‍ ചിലരെങ്കിലും മടി കാണിക്കുന്നു.

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍പ്പന നടത്തുന്ന ബ്രാന്‍ഡാണ് ടാറ്റ മോട്ടോര്‍സ്. രാജ്യത്ത് ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറായ ടിയാഗോ ഇവി പുറത്തിക്കുന്നതും അവരാണ്. മൊത്തം 4 വേരിയന്റുകളില്‍ വില്‍ക്കുന്ന ഈ കാറിന്റെ വില 8.69 ലക്ഷം രൂപയില്‍ തുടങ്ങി11.99 ലക്ഷം രൂപ വരെ പോകുന്നു. 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇലക്ട്രിക് ഹാച്ച് സ്വന്തമാക്കാം.
ഇതിലെ ചെറിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വലിയ ബാറ്ററി പായ്ക്ക് മുഴുവനായി ചാര്‍ജ് ചെയ്താല്‍ 315 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഈ കിടിലന്‍ റേഞ്ചില്‍ ടിയാഗോ ഇവി പെട്രോള്‍ കാറിനേക്കാള്‍ ലാഭകരമാണെന്ന് പറയേണ്ടതില്ലെല്ലോ. ഇവി ഉപയോഗത്തിലൂടെ ഒരാള്‍ക്ക് പ്രതിമാസം 15,000 രൂപ വരെ ലാഭിക്കാനായാല്‍ കാര്‍ ലോണില്‍ എടുത്തതാണെങ്കില്‍ മാസതവണ ഈസിയായി അടഞ്ഞ് പോകില്ലേ?.

പെട്രോള്‍ വില കുറഞ്ഞാല്‍ മാത്രമേ ഈ ഭീമന്‍ സംഖ്യയില്‍ കുറവ് വരാന്‍ സാധ്യതയുള്ളൂ. ഇനി നമുക്ക് ചില കണക്കുകള്‍ നോക്കാം. ഒരു വ്യക്തി തന്റെ പെട്രോള്‍ കാറില്‍ ദിവസവും 150 കിലോമീറ്റര്‍ സഞ്ചരിക്കുന്നു എന്ന് കരുതുക. അയാളുടെ കാറിന് ശരാശരി ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കരുതുക. നിലവിലെ പെട്രോള്‍ വിലയനുസരിച്ച് അദ്ദേഹത്തിന് കാറില്‍ പ്രതിദിനം 750-800 രൂപയ്ക്ക് ഇന്ധനം നിറക്കേണ്ടതുണ്ട്.
ഒരുമാസം ശരാശരി 25 ദിവസം ഇതേരീതിയില്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഇന്ധനച്ചെലവ് മാത്രം 20,000 രൂപക്ക് അടുത്താകും. ടാറ്റ ടിയാഗോ EV കാറിന്റെ പരമാവധി ബാറ്ററി ശേഷി 24kWh ആണ്. ഒരു ദിവസം 10 മണിക്കൂര്‍ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 192 രൂപയാകും. ഫുള്‍ ചാര്‍ജില്‍ ഏകദേശം 315 കിലോമീറ്റര്‍ യാത്ര ചെയ്യാം. അതിനാല്‍ ഒരു മാസത്തില്‍ പരമാവധി 17-18 ദിവസങ്ങള്‍ ആണ് ചാര്‍ജ് ചെയ്യുന്നതെങ്കില്‍ വൈദ്യുതി ബില്ലായി പ്രതിമാസം അടയ്‌ക്കേണ്ടത് 3500 രൂപയ്ക്കടുത്ത് മാത്രമാണ്.

പെട്രോള്‍ കാറിന് ഇന്ധന ചെലവ് 20000 രൂപക്കടുത്താകുമ്പോള്‍ ഇലക്ട്രിക് കാറിന്റെ ചെലവ് 3500 രൂപയില്‍ ഒതുങ്ങും. അങ്ങനെ നോക്കിയാല്‍ പ്രതിമാസം 16,500 രൂപയോളം പോക്കറ്റില്‍ കിടക്കും. ടാറ്റ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ടോപ് സ്‌പെക്ക് മോഡലിന് 12 ലക്ഷം രൂപയാണ് വില വരുന്നത്. കാര്‍ വാങ്ങാനായി നിങ്ങള്‍ അഞ്ച് ലക്ഷം രൂപ ഡൗണ്‍പേയ്‌മെന്റായി നല്‍കി ബാക്കി ലോണാക്കി എടുത്തുവെന്ന് കരുതുക. അപ്പോള്‍ മാസതവണ ഏകദേശം 15,747 രൂപയാകും.
ഇന്ധനച്ചെലവ് ഇനത്തില്‍ പ്രതിമാസം 16,500 രൂപയോളം ലാഭിക്കാനായാല്‍ ഇത് കാറിന്റെ മാസതവണയാക്കി അടക്കാമല്ലോ. അതോടെ ഇഎംഐ ഈസിയായി അടച്ച് തീരും. ലോണ്‍ കാലാവധി കഴിയുമ്പോള്‍ ഫലത്തില്‍ കാര്‍ 5 ലക്ഷം രൂപക്ക് വാങ്ങിയതായി കണക്കാക്കാം. ഇലക്ട്രിക് കാറുകളുടെ മെയിന്റനന്‍സ് കോസ്റ്റും കുറവാണെന്നത് ഒരു അനുഗ്രഹമാണ്. നഗരയാത്രകള്‍ക്ക് ഇവികള്‍ മികച്ച ഓപ്ഷനാണെങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്ക് അങ്ങനെയല്ല.
ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ കുറച്ച് കൂടി വികസിക്കുന്നതോടെ ഇതിനും പരിഹാരമാകും. രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്ത് പകല്‍ കാര്‍ ഉപയോഗിച്ചാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ പോകാം. ഇന്ധനച്ചെലവില്‍ വലിയൊരു സംഖ്യ പോക്കറ്റിലയാകുമെന്നതിനാല്‍ ഒരു ഇലക്ട്രിക് കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് വല്ല പ്ലാനുമുണ്ടോ?. കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








