നെക്‌സോണ്‍ ഇവിയുടെ കച്ചോടം പൂട്ടുമോ? 700 കി.മീ റേഞ്ചുമായി BYD 'സീ ലയണ്‍' നാളെയെത്തും!
പൊതുവെ ചൈനീസ് വിപണിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ക്വാളിറ്റി കുറവാണെന്ന ചീത്തപ്പേര് മാറ്റിയത് അവിടുത്തെ വാഹന നിര്‍മാതാക്കളാണ്. പ്രത്യേകിച്ച് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍. ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) എന്ന ചൈനീസ് കമ്പനി ആഗോള വിപണിയില്‍ അമേരിക്കന്‍ ഭീമന്‍മാരായ ടെസ്‌ലയെ പിന്തള്ളി ഒന്നാം സ്ഥാനം കൈയ്യടക്കുന്നതും നാം കണ്ടു.
ഇവി രംഗത്താകെ തരംഗം സൃഷ്ടിച്ച്‌കൊണ്ടിരിക്കുന്ന BYD നിലവില്‍ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലും വില്‍ക്കുന്നുണ്ട്. മൂന്നാമത്തെ മോഡലായ BYD സീല്‍ ഇലക്ട്രിക് സെഡാന്‍ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ 2023 നവംബര്‍ 17-ന് (വെള്ളി) ചൈനീസ് കമ്പനി ഒരു പുതിയ ഓള്‍ ഇലക്ട്രിക് എസ്‌യുവി ആഗോള വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. പുതിയ എസ്‌യുവിക്ക് 'സീ ലയണ്‍' എന്നായിരിക്കും പേരിടുകയെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2023 നവംബര്‍ 17-ന് ചൈനയിലെ ഗ്വാങ്ചൗ ഓട്ടോ ഷോയില്‍ സീ ലയണ്‍ 07 എന്ന പുതിയ മിഡ്-സൈസ് എസ്‌യുവി അവതരിപ്പിക്കുമെന്നാണ് BYD പ്രഖ്യാപിച്ചിരിക്കുന്നത്. അരങ്ങേറ്റത്തിന് മുമ്പായി പുത്തന്‍ എസ്‌യുവിയുടെ രൂപം പുറത്തുവിട്ടുകൊണ്ട് ബ്രാന്‍ഡ് ഹൈപ്പുയര്‍ത്തിയിട്ടുണ്ട്. ഡോള്‍ഫിന്‍, സീഗള്‍, സീല്‍ എന്നിവ ഉള്‍പ്പെടുന്ന കമ്പനിയുടെ ഓഷ്യന്‍ സീരീസിലേക്കാണ് BYD സീലയണിന്റെ വരവ്.
മുമ്പ് ജര്‍മന്‍ ആഡംബര കാര്‍ കമ്പനിയായ ഔഡിയില്‍ സേവനമനുഷ്ഠിച്ചിരുന്ന വുള്‍ഫ്ഗാംഗ് എഗറാണ് നിലവില്‍ BYD-യുടെ ഡിസൈന്‍ വിഭാഗം മേധാവി. വരാനിരിക്കുന്ന സീ ലയണ്‍ 07 ഓഷ്യന്‍-എക്‌സ് കണ്‍സെപ്റ്റ് കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംഘം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. BYD ഇ-പ്ലാറ്റ്‌ഫോം 3.0 ആയിരിക്കും സീലയണിന് അടിവരയിടുക. എന്നാല്‍ ഇലക്ട്രിക് എസ്‌യുവിയുടെ പവര്‍ട്രെയിന്‍ വശങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എങ്കിലും 700 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള 82.5 kWh ബാറ്ററി പായ്ക്ക് ആയിരിക്കും ഇതില്‍ സജ്ജീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.നാളെ നടക്കുന്ന ഇവന്റില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്ര വിപണിയില്‍ ടെസ്ല മോഡല്‍ Y ഇവിക്കെതിരെയാകും BYD സീലയണ്‍ എതിരിടുക. ഈ വര്‍ഷം ആദ്യം BYD ഇന്ത്യയില്‍ സീ ലയണ്‍ എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു.
ഇതേ കാരണം കൊണ്ട് തന്നെ പുത്തന്‍ ഇലക്ട്രിക് എസ്യുവി ചൈനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ തീരത്തുമെത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. BYD-യുടെ പുതിയ ഇവിക്ക് ഏകദേശം 26,000 യുഎസ് ഡോളര്‍ (ഏകദേശം 21.64 ലക്ഷം രൂപ) മുതല്‍ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മാസം ഇവിയുടെ മുന്‍കൂര്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചിരുന്നു. പുതിയ ഇവി BYD മോഡല്‍ നിരയില്‍ സോംഗ്-എല്ലിന് താഴെയായിരിക്കും സ്ഥാനം പിടിക്കുക.

ഒരു ബാറ്ററി നിര്‍മ്മാതാവായി ആരംഭം കുറിച്ച BYD-ക്ക് എതിരാളികളേക്കാള്‍ മുന്‍തൂക്കം നല്‍കുന്ന ചില സംഗതികളുണ്ട്. സ്വന്തമായി നിര്‍മിക്കുന്ന വാഹന ഘടകങ്ങളും ഉപയോഗിച്ച് BYD-ക്ക് വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും കൂട്ടിച്ചേര്‍ക്കാനും വന്‍തോതില്‍ നിര്‍മ്മിക്കാനും കഴിയും. ഉദാഹരണത്തിന് ഡോള്‍ഫിന്‍ ഇലക്ട്രിക് ഹാച്ചിന്റെ ടയറുകളും വിന്‍ഡോകളും ഒഴികെ എല്ലാ ഭാഗങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് BYD ആണ്.
അതുകൊണ്ട് തന്നെ BYD-ക്ക് അതിന്റെ വാഹനങ്ങള്‍ പലപ്പോഴും വളരെ കുറഞ്ഞ വിലയില്‍ വാഗ്ദാനം ചെയ്യാന്‍ കഴിയുന്നു. ആകര്‍ഷകമായ വില തായ്ലന്‍ഡ്, ബ്രസീല്‍, കൊളംബിയ എന്നിവയുള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ കമ്പനിയുടെ സ്ഫോടനാത്മകമായ വളര്‍ച്ചയ്ക്ക് കാരണമായി. ജപ്പാന്‍, മെക്സിക്കോ, ഓസ്ട്രേലിയ, ഹംഗറി എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിപണികളിലും അവര്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്.
BYD-യുടെ എതിരാളിയായ ടെസ്ല അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള പദ്ധതികള്‍ ദ്രുതഗതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം അമേരിക്കയില്‍ ടെസ്‌ല ഫാക്ടറി സന്ദര്‍ശിച്ചത് ഇതിന് അടിവരയിടുന്നു. അതുകൊണ്ട് തന്നെ ടെസ്‌ലയുടെ വരവിന് മുമ്പേ ഇന്ത്യയിലെ തങ്ങളുടെ പോര്‍ട്‌ഫോളിയോ ശക്തമാക്കാനാകും BYD-യുടെ പ്ലാന്‍. 2024-ല്‍ എപ്പോഴെങ്കിലും സീ ലയണ്‍ ഇലക്ട്രിക് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








