ഫുള്‍ചാര്‍ജില്‍ 700 കി.മീ ഓടാം; ഇന്ത്യൻ വിപണിയുടെ രാജാവാകാൻ BYD 'സീ ലയണ്‍' വരുന്നു
ലോകത്തെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). നിലവില്‍ രണ്ട് മോഡലുകളാണ് ചൈനീസ് കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. ഇന്ത്യയില്‍ നിര്‍മാണ സൗകര്യം സ്ഥാപിക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിയെങ്കിലും ഇന്ത്യന്‍ വിപണി കൈയടക്കാന്‍ തന്നെയാണ് BYD-യുടെ തീരുമാനം.
അതിന്റെ ഭാഗമായി BYD e6, അറ്റോ 3 എന്നിവക്ക് ശേഷം തങ്ങളുടെ മൂന്നാമത്തെ മോഡലിനെ ഇന്ത്യയില്‍ എത്തിക്കാന്‍ പോകുകയാണ് ഇവി നിര്‍മാതക്കള്‍. ഇതിന്റെ ഭാഗമായി BYD ഇന്ത്യയില്‍ 'സീ ലയണ്‍' എന്ന പേര് ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തു. ഇതേപേരില്‍ ഇതുവരെ ചൈനീസ് കമ്പനി ഒരു ഉല്‍പ്പന്നവും പുറത്തിറക്കിയിട്ടില്ല. എന്നാല്‍ BYD-യുടെ ഒരു പുത്തന്‍ മോഡല്‍ വിദേശ രാജ്യങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആ പുത്തന്‍ മോഡലിന് സീ ലയണ്‍ എന്ന് നാമകരണം ചെയ്യുമോ അതോ നിലവിലുള്ള ഏതെങ്കിലും മോഡലിന് ഈ പേര് നല്‍കി ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല. എന്നിരുന്നാലും വരാന്‍ പോകുന്ന ഇലക്ട്രിക് ക്രോസ്ഓവറിന് ഈ പേര് ലഭിക്കുമെന്നാണ് ശക്തമായ അഭ്യൂഹം. വിദേശത്ത് പരീക്ഷണയോട്ടം നടത്തുന്നത് ഒരു മിഡ്‌സൈസ് എസ്‌യുവിയാണെന്ന് പറയപ്പെടുന്നു.
ഇതിന് 4,770 mm നീളവും 1,910 mm വീതിയും 1,620 mm ഉയരവും 2,900 mm വീല്‍ബേസുമാണ് വലിപ്പമെന്നാണ് സൂചന. പുതിയ ഇവിക്ക് കൂപ്പെ പോലെ ചെരിഞ്ഞ റൂഫുണ്ടെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന അറ്റോ 3 ഇലക്ട്രിക് എസ്‌യുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീ ലയണിന് യഥാക്രമം 315 mm നീളവും, 35 mm വീതിയും, 5 mm ഉയരവും കൂടുതലായിരിക്കും.

കൂടാതെ 180 mm നീളമുള്ള വീല്‍ബേസും ഉണ്ടായിരിക്കും. ഇത് BYD-യുടെ ഇ-പ്ലാറ്റ്‌ഫോം 3.0-ല്‍ നിര്‍മ്മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റീരിയറില്‍ എല്ലാ BYD മോഡലുകളെയും പോലെ സീ ലയണിനും റൊട്ടേറ്റിംഗ് 15.6 ഇഞ്ച് ടച്ച്സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന BYD സീല്‍ സെഡാനില്‍ കാണുന്നത് പോലെ ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ഒരു ചെറിയ ഡ്രൈവ് സെലക്ടറും ഇതിന് ലഭിക്കുമെന്നാണ് ചാരച്ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
BYD സീ ലയണിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ ഇതിന് റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. 204 bhp പവറും 310 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഒരു ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും ഇതില്‍ സജ്ജീകരിച്ചേക്കുക. ആറ്റോ 3 ഇവിക്ക് സമാനമായ കണക്കുകളാണിത്. ഓള്‍-വീല്‍ ഡ്രൈവിന് 530 bhp ഉള്ള ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുന്‍ഭാഗത്തെ മോട്ടോര്‍ 217 bhp പവറും റിയര്‍ മോട്ടോര്‍ 313 bhp പവറുമായിരിക്കും നല്‍കുക. 82.5kWh ബാറ്ററി പായ്ക്ക് ലഭിക്കാന്‍ സാധ്യതയുള്ള ഇവി ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയില്‍ ടെസ്ലയുടെ ബെസ്റ്റ് സെല്ലറായ മോഡല്‍ Y ആയിരിക്കും ഇതിന്റെ എതിരാളിയായേക്കുക.
ഡ്യുവല്‍-മോട്ടോര്‍ സീ ലയണ്‍ ടോപ്പ്-സ്‌പെക്ക് മോഡല്‍ Y-യെക്കാള്‍ 45 hp അധികം പവര്‍ നല്‍കുന്നു. അതേസമയം എന്‍ട്രി-ലെവല്‍ മോഡല്‍ Y-ക്ക് സിംഗിള്‍-മോട്ടോര്‍ സീ ലയണേക്കാള്‍ 60 hp കൂടുതലുണ്ട്. 33.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള അറ്റോ 3 എസ്‌യുവിക്ക് മുകളിലായിരിക്കും സീ ലയണ്‍ സ്ഥാനം പിടിക്കുക.
ഈ മോഡല്‍ ഇന്ത്യയിലെത്തുകയാണെങ്കില്‍ 40 ലക്ഷം രൂപക്ക് മുകളില്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. സീ ലയണിലൂടെ ഇന്ത്യന്‍ തീരത്ത് തങ്ങളുടെ പാദമുദ്ര പതിപ്പിക്കാന്‍ BYD ലക്ഷ്യമിടുമ്പോള്‍ മറ്റൊരു ആഗോള ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്ലയും ഇന്ത്യന്‍ വിപണിയില്‍ കണ്ണുവെച്ചിട്ടുണ്ട്. രാജ്യത്ത് ഒരു നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ടെസ്ല കേന്ദ്ര സര്‍ക്കാരുമായി തിരക്കിട്ട ചര്‍ച്ചകളിലാണ്.
എന്നാല്‍ രാജ്യത്ത് എവിടെയാണ് ടെസ്‌ല ഇവി ഫാക്ടറി സ്ഥാപിക്കാന്‍ പോകുന്നതെന്ന കാര്യം അന്തിമമായിട്ടില്ല. മോഡല്‍ Y-ക്കൊപ്പം ഒരു പുതിയ എന്‍ട്രി ലെവല്‍ മോഡലും കൊണ്ടായിരിക്കും ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക. ടെസ്‌ലയടക്കമുള്ള ആഗോള കമ്പനികളുടെ വരവ് ഇന്ത്യയിൽ ഇവി വിപ്ലവത്തിന്റെ വേഗത കൂട്ടും.


Click it and Unblock the Notifications








