700 കി.മീ റേഞ്ച് നല്‍കുന്ന ഈ ഇവിക്ക് സേഫ്റ്റിയിലും എ പ്ലസ്; എന്ന് വരുമെന്ന് കൂടി പറ BYD
ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് BYD സീല്‍. ഇപ്പോള്‍ BYD സീല്‍ ഇലക്ട്രിക് സെഡാന്റെ യൂറോ NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.
ലോക ഇലക്ട്രിക് വാഹന വിപണിയില്‍ അമേരിക്കന്‍ കമ്പനിയായ ടെസ്‌ലയുടെ എതിരാളിയാണ് BYD എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബില്‍ഡ് യുവര്‍ ഡ്രീംസ്. ടെസ്‌ലയെപ്പോലെ തന്നെ ഇന്ത്യയില്‍ ഇവി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ചൈനീസ് കമ്പനിയായ BYD ഏറെ താല്‍പര്യപ്പെട്ട് കരുക്കള്‍ നീക്കിയെങ്കിലും നയതന്ത്ര പ്രശ്‌നങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ്. e6 ഇലക്ട്രിക് എംപിവി, അറ്റോ 3 ഇലക്ട്രിക് എസ്‌യുവി എന്നിങ്ങനെ രണ്ട് മോഡലുകളാണ് BYD നിലവില്‍ രാജ്യത്ത് വില്‍പ്പനക്കെത്തിക്കുന്നത്.

2021-ലായിരുന്നു കന്നി മോഡലായ e6 ഇലക്ട്രിക് എംപിവി എത്തിയതെങ്കില്‍ കഴിഞ്ഞ വര്‍ഷമാണ് ഇതിനകം പോപ്പുലറായ അറ്റോ 3 ചൈനീസ് കമ്പനി പുത്തിറക്കിയത്. ഈ മോഡലുകള്‍ക്ക് പിന്നാലെ BYD തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണെന്ന് വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. BYD-യുടെ വരാനിരിക്കുന്ന മോഡലുകളില്‍ ഒന്നാണ് സീല്‍ ഇലക്ട്രിക് സെഡാന്‍.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ അരങ്ങേറിയ 2023 ഓട്ടോ എക്സ്പോയില്‍ BYD ഈ ഇലക്ട്രിക് കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ അധികം വൈകാതെ ഇവി ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് പ്രതീക്ഷ. ഈ കാറാണിപ്പോള്‍ സേഫ്റ്റിയിലും കെങ്കേമമാണെന്ന് തെളിയിച്ചിരിക്കുന്നത്. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ BYD സീല്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് സ്വന്തമാക്കിയത്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയ്ക്ക് സീല്‍ ഇവിക്ക് 5 സ്റ്റാര്‍ ലഭിച്ചു. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ കാറിന്റെ നാല് പ്രധാന വശങ്ങള്‍ പരീക്ഷിച്ചു. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷ, കുട്ടികള്‍ക്കുള്ള സുരക്ഷ, റോഡ് ഉപയോക്താക്കള്‍ക്കുള്ള സുരക്ഷ, സേഫ്റ്റി അസിസ്റ്റന്‍സ് എന്നിങ്ങനെ നാല് കാര്യങ്ങളാണ് വിലയിരുത്തിയത്. ഫ്രണ്ട്, സൈഡ്, റിയര്‍ ഇംപാക്ടുകളില്‍ സീല്‍ സെഡാന്‍ നല്ല റേറ്റിംഗുകള്‍ നേടി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ യഥാക്രമം 100-ല്‍ 89, 86 ശതമാനമാണ് കാര്‍ സ്‌കോര്‍ ചെയ്തത്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ബെല്‍റ്റ് പ്രീ ടെന്‍ഷനറുകള്‍, ബെല്‍റ്റ് ലോഡ് ലിമിറ്ററുകള്‍, സൈഡ് എയര്‍ബാഗുകള്‍, സെന്റര്‍ എയര്‍ബാഗ് എന്നിവ സജ്ജീകരിച്ച കാറാണ് ഇടിക്കൂട്ടില്‍ പരീക്ഷിച്ചത്. ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, എയര്‍ബാഗ് കട്ട് ഓഫ് സ്വിച്ച്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയും ഇതില്‍ ഉണ്ടായിരുന്നു. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ അസിസ്റ്റ് സിസ്റ്റം തുടങ്ങിയ മറ്റ് സവിശേഷതകളും കാറിനുണ്ട്.

ബ്രാന്‍ഡിന്റെ ഇ-പ്ലാറ്റ്‌ഫോം 3.0 അടിസ്ഥാനമാക്കിയുള്ള കാറാണ് BYD സീല്‍. സീല്‍ BYD-യുടെ വിശ്വപ്രസിദ്ധമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്നുപ്രീമിയം സെഡാന്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ആഗോള മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത്. ചെറിയ 61.4 kWh ബാറ്ററി പായ്ക്ക് സജ്ജമാക്കിയ BYD സീല്‍ 550 കിലോമീറ്റര്‍ വരെ ക്ലെയിം ചെയ്യപ്പെടുന്ന റേഞ്ച് നല്‍കുമെന്ന് കമ്പനി പറയുന്നു.
82.5 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്നാണ് അവകാശവാദം. പെര്‍ഫോമന്‍സ് നോക്കിയാല്‍ ഈ ഇലക്ട്രിക് സെഡാന് 0.219Cd യുടെ എയറോ ഡ്രാഗ് കോഫിഫിഷ്യന്റ് ഉണ്ട്. കൂടാതെ വെറും 3.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 kmph വരെ വേഗത കൈവരിക്കാന്‍ സാധിക്കും. ഇലക്ട്രിക് സെഡാന്‍ ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ 2024 കലണ്ടര്‍ വര്‍ഷത്തിന്റെ മധ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായി അയോണിക് 5, കിയ EV6 , വോള്‍വോ C40 റീചാര്‍ജ് എന്നിവയ്ക്കെതിരെയാകും ഇത് മത്സരിക്കുക. റേഞ്ചിനും വിലക്കുമെല്ലാം ഒപ്പം സേഫ്റ്റി കൂടി പരിഗണിക്കുന്നവരാണ് ഇന്ത്യക്കാരെന്നതിനാല്‍ യൂറോ NCAP ക്രാഷ് ടെസ്റ്റിലെ 5 സ്റ്റാര്‍ റേറ്റിംഗ് സീല്‍ സെഡാന് മുതല്‍ക്കൂട്ടാകും. ഇത് BYD കാര്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications








