ഇനിയാരും ചൈനീസ് കാറിനെ കുറ്റം പറയില്ല; Seal ഇലക്ട്രിക് സെഡാന്റെ വരവ് ഉറപ്പിച്ച് BYD
നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ ഓട്ടോ എക്‌സ്‌പോ 2023-ന് അരങ്ങുണര്‍ന്നിരിക്കുകയാണ്. പ്രമുഖ വാഹന നിര്‍മാതാക്കള്‍ക്കൊപ്പം തന്നെ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കും വലിയ പ്രാധാന്യമുള്ള ഒരു ഓട്ടോ എക്‌സ്‌പോ ആണിത്. അതിനാല്‍ തന്നെ ലോകോത്തര ഇവി ബ്രാന്‍ഡുകളുടെ പവലിയനിലേക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും.
ഓട്ടോ എക്‌സ്‌പോയുടെ ആദ്യ ദിവസം ചൈനീസ് ഇലക്ട്രിക് വാഹന ഭീമന്‍മാരായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇന്ത്യയില്‍ ആദ്യമായി പുതിയ സീല്‍ സെഡാന്‍ പ്രദര്‍ശിപ്പിച്ചു. ബോണ്‍ ഇലക്ട്രിക് സെഡാനായ സീല്‍ അന്താരാഷ്ട്ര വിപണിയില്‍ വളരെ പ്രചാരമുള്ള ടെസ്ല മോഡല്‍ 3-യുടെ എതിരാളിയാണ്. സീല്‍ ഇലക്ട്രിക് സെഡാന്‍ 2023-ന്റെ നാലാം പാദത്തോടെ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുമെന്ന് ചൈനീസ് കമ്പനി സ്ഥിരീകരിച്ചു. അതേ സമയം തന്നെ ഡെലിവറികളും ആരംഭിക്കും.

BYD സീലിന്റെ അളവുകളെ കുറിച്ച് പറഞ്ഞാല്‍ സെഡാന് 4,800 എംഎം നീളവും 1875 എംഎം വീതിയും 1460 എംഎം ഉയരവുമുണ്ട്. ഓഷ്യന്‍ എക്‌സ് ആശയത്തില്‍ നിന്നാണ് സീലിന്റെ ഡിസൈന്‍ പ്രചോദനം. ഡോള്‍ഫിന്‍ പോലെ BYD യുടെ ഇവി മോഡല്‍ നിരയിലെ ഓഷ്യന്‍ തീമിലുള്ള നാമകരണവും സീലിലൂടെ തുടര്‍ന്ന് പോകുന്നു. കൂപ്പെ പോലെയുള്ള ഓള്‍-ഗ്ലാസ് റൂഫ്, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, നാല് ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍, പിന്നില്‍ പൂര്‍ണ്ണ വീതിയുള്ള എല്‍ഇഡി ലൈറ്റ് ബാര്‍ തുടങ്ങിയവ സീലിന്റെ സവിശേഷതകളില്‍ പെടുന്നു.
ഇന്റീരിയറില്‍ BYD അറ്റോ 3, BYD e6 എന്നീ സഹോദരന്‍മാരെ പോലെ BYD സീലിനും സെന്റര്‍ കണ്‍സോളില്‍ റൊട്ടേട്ട് ചെയ്യുന്ന 15.6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ ലഭിക്കുന്നു. ഡ്രൈവറുടെ സഹായത്തിന് 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ്-അപ്പ് ഡിസ്പ്ലേയും ഉണ്ട്. ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ സെന്‍ട്രല്‍ എസി വെന്റുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അതിന് താഴെ വിവിധ ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കാന്‍ ഡ്രൈവ് സെലക്ടറും ഒരു സ്‌ക്രോള്‍ വീലും ഉണ്ട്.

ഹീറ്റഡ് വിന്‍ഡ്സ്‌ക്രീന്‍, ഓഡിയോ സിസ്റ്റത്തിനായുള്ള വോളിയം കണ്‍ട്രോള്‍, കൂടാതെ രണ്ട് വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍ തുടങ്ങിയ ഫംഗ്ഷനുകള്‍ക്കായുള്ള ബേസിക് കണ്‍രേടാളുകളും സെന്റര്‍ കണ്‍സോളില്‍ കാണാം. ധാരാളം ഗ്ലോസ് ബ്ലാക്ക് ഇന്‍സെര്‍ട്ടുകള്‍, വൈറ്റ് കോണ്‍ട്രാസ്റ്റിംഗ് ഡാഷ്ബോര്‍ഡ് ട്രിം, ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ സ്പീക്കറുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഇതിലൂടെ സീലിന്റെ ഇന്റീരിയര്‍ അറ്റോ 3 പോലെ സവിശേഷവും ആകര്‍ഷകവുമായി മാറുന്നു. ഇനി നമുക്ക് സീലിന്റെ ബാറ്ററിയും റേഞ്ചും നോക്കാം.
BYD-യുടെ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് സീലില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യയിലെ നിരവധി ഇവികളില്‍ നമുക്ക് കാണാം. BYD-യുടെ ഇ-പ്ലാറ്റ്‌ഫോം 3.0 അടിസ്ഥാനമാക്കിയാണ് സീലിന്റെ നിര്‍മാണം. ഇതിന് 61.4 kWh, 82.5 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകള്‍ ലഭിക്കുന്നു. ആദ്യത്തെ ബാറ്ററി പായ്ക്ക് 550 കിലോമീറ്റര്‍ റേഞ്ച് നല്‍കും. വലിയ രണ്ടാമത്തെ ബാറ്ററി പായ്ക്ക് 700 കിലോമീറ്ററാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ചെറിയ ബാറ്ററി 110 kW വേഗത്തിലും വലിയ ബാറ്ററി 150 kW വേഗത്തിലും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

സിംഗിള്‍-മോട്ടോര്‍, ഡ്യുവല്‍-മോട്ടോര്‍ പവര്‍ട്രെയിന്‍ ഓപഷനുകളും സെഡാന് ലഭിക്കുന്നു. ഇതിലെ സിംഗിള്‍ മോട്ടോര്‍ രണ്ട് ബാറ്ററികളിലേക്കും ജോടിയാക്കാന്‍ കഴിയും. എന്നാല്‍ ഡ്യുവല്‍ മോട്ടോര്‍ വലിയ ബാറ്ററിയില്‍ മാത്രമേ സജ്ജീകരിക്കാന്‍ കഴിയൂ. ഇന്ത്യയില്‍, ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണമുള്ള ഡ്യുവല്‍ മോട്ടോര്‍ പവര്‍ട്രെയിനിനൊപ്പമാകും BYD സീല്‍ വാഗ്ദാനം ചെയ്യുക. ഫ്രണ്ട് ആക്‌സില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ 218 bhp പവര്‍ പുറപ്പെടുവിക്കുമ്പോള്‍ പിറകിലെ ആക്‌സിലില്‍ ഘടിപ്പിച്ച മോട്ടോര്‍ 312 bhp പവര്‍ നല്‍കും.
ഇരു മോട്ടോറുകളും സംയോജിതമായി 530 bhp കരുത്താണ് സെഡാന് നല്‍കുക. ഈ ഇലക്ട്രിക് സെഡാന്‍ വെറും 3.8സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കാന്‍ പ്രാപ്തിയുളളതാണ്. BYD സീലിനുള്ള ബുക്കിംഗ് 2023 സെപ്റ്റംബറില്‍ ആരംഭിക്കും. മിക്കവാറും ഒക്ടോബറിലാകും ഇലക്ട്രിക് സെഡാന്റെ ലോഞ്ച്. ഏകദേശം 70 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്. സീലിന് പുറമെ 33.99 ലക്ഷം രൂപ വിലയുള്ള അറ്റോ 3-യും ചൈനീസ് വാഹന നിര്‍മാതാവ് തങ്ങളുടെ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒപ്പം പ്രത്യേക ഗ്രീന്‍ പെയിന്റ് സ്‌കീമോടുകൂടിയ ആറ്റോ 3-യുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പും BYD പുറത്തിറക്കി. 34.49 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) ഇതിന്റെ വില.


Click it and Unblock the Notifications








