ടിയാഗോ ഇവിയുടെ കട്ടയും പടവും മടങ്ങും; സീഗൾ ഇവിയുടെ വരവ് അറിയിച്ച് BYD
ലോകത്തിലെ മുൻനിര ഇലക്ട്രിക് കാർ നിർമ്മാതാക്കളിൽ ഒന്നാണ് BYD. ബ്രാൻഡിന്റെ ഇലക്ട്രിക് കാറുകൾക്ക് മാത്രമല്ല, അവരുടെ ബ്ലേഡ് ബാറ്ററി സെല്ലുകൾക്കും ആവശ്യക്കാർ ഏറെയാണ്. വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികൾ BYD യുടെ ബ്ലേഡ് ബാറ്ററിയിൽ ഉപയോഗിക്കുമെന്ന് പ്രാദേശിക യൂട്ടിലിറ്റി വാഹന ഭീമനായ മഹീന്ദ്രയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയിൽ അറ്റോ 3 ഇലക്ട്രിക് എസ്‌യുവി, e6 ഇലക്ട്രിക് എംപിവി എന്നിവയാണ് ചൈനീസ് കാർ ബ്രാൻഡായ BYD വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇവ കൂടാതെ ഇന്ത്യയിൽ പുതിയ ഇലക്‌ട്രിക് കാറുകൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ്, ഇന്ത്യയിൽ BYD സീ ലയൺ എന്ന മോഡൽ ട്രേഡ്മാർക്ക് ചെയ്തത് ഞങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതിനു പിന്നാലെ കമ്പനി ഇന്ത്യയിൽ മറ്റൊരു മോഡൽ കൂടെ ട്രേഡ്മാർക്ക് ചെയ്തിരിക്കുകയാണ്. ഇവി സെഗ്‌മെന്റിലേക്ക് ചുവടു വെയ്ക്കുന്ന വാല്യൂ ഫോർ മണി (VFM) ഫാക്ടറിന് നിലവിൽ ആഗോളതലത്തിൽ വളരെയധികം കോളിളക്കം സൃഷ്ടിച്ച BYD സീഗൾ എന്ന മോഡലാണിത്. ഇതിന്റെ അവതരണ സമയത്തു തന്നെ ഇന്ത്യൻ വിപണിയിലേക്ക് സീഗൾ എത്തിയാൽ അത് ടിയാഗോ ഇവി പോലുള്ള രാജ്യത്തെ ഏറ്റവും അഫോർഡബിളായിട്ടുള്ള ഇവികൾക്ക് ഒരു മുട്ടൻ പണിയായിരിക്കും എന്ന് ഞങ്ങൾ വിശകലനം ചെയ്തിരുന്നു.
ചൈനീസ് വിപണിയിൽ BYD സീഗള്ളിന്റെ വില എന്നത് CNY 78,000 -നും CNY 95,800 -നും ഇടയിലാണ്. ഇത് വിവർത്തനം ചെയ്യുമ്പോൾ ഏകദേശം 9.4 ലക്ഷം രൂപയ്ക്കും 11.4 ലക്ഷം രൂപയ്ക്കും ഇടയിൽ വരുന്നു. എന്നാൽ ചൈനീസ് ഇവി മാർക്കറ്റിലെ വില യുദ്ധങ്ങൾ കണക്കിലെടുക്കുമ്പോൾ, അവർ സാധാരണയായി വളരെ കുറഞ്ഞ വിലയ്ക്ക് റീട്ടെയിൽ ചെയ്യുന്നു എന്ന് പറയാം.

വിലയുടെ കാര്യം അവിടെ നിൽക്കട്ടെ. എന്നിരുന്നാലും, പവർട്രെയിൻ കണക്കുകൾ കൂടെ കണക്കിലെടുക്കുമ്പോൾ അവ പുതിയ കാഴ്ചപ്പാടുകളിലേക്ക് വഴി തുറക്കുന്നു. സീഗള്ളിന് 38 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്, അതോടൊപ്പം സിംഗിൾ ചാർജിൽ 405 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചു നിർമ്മാതാക്കോൾ അവകാശപ്പെടുന്നു. 94 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന 70 kW മോട്ടോറിന് ഇവിയെ മണിക്കൂറിൽ 130 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ സഹായിക്കും.
എംജി കോമറ്റിൽ നിന്ന് വ്യത്യസ്തമായി, അഞ്ച് ഡോറുകളുള്ള ലേയൗട്ടും പിൻ സീറ്റുകളിൽ ഒരു നോർമൽ ഹാച്ചിന്റെ സ്പെയ്സും വാഗ്ദാനം ചെയ്യുന്ന ഒരു പ്രോപ്പർ പ്രാക്ടിക്കൽ ഇവിയാണ് BYD സീഗൾ. സീഗലിന് 3780 mm നീളവും 1715 mm വീതിയും 1540 mm ഉയരവും 2500 mm വീൽബേസും BYD വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ ടിയാഗോ ഇവിയുടെ അളവുകൾക്ക് ഏറെ കുറേ സമാനമാണ്. ടിയാഗോ ഇവിയിൽ നിന്ന് വ്യത്യസ്തമായി, BYD ഒരു ടൺ ഫീച്ചറുകളും ഇതിൽ വാഗ്ദാനം ചെയ്യുന്നു. പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകളുള്ള സ്റ്റൈലിഷ് അലോയി വീലുകൾ എന്നിവയും കമ്പനി നൽകുന്നുണ്ട്.
അകത്തളത്തിലേക്ക് നീങ്ങുമ്പോൾ, 5.0 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോളും 12.8 ഇഞ്ച് മെയിൻ ഇൻഫോടെയിൻമെന്റ് സ്ക്രീനും അടങ്ങുന്ന ഒരു ടെക്ക് ഫെസ്റ്റാണ് BYD സീഗൾ എന്ന് പറയാം. ഓഡിയോ കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സ്മാർട്ട് ലേയേർഡ് ഡാഷ്‌ബോർഡ്, പവർഡ് ഡ്രൈവർ സീറ്റ്, വളരെ ക്ലീനായി ഇന്റഗ്രേറ്റ് ചെയ്ത വയർലെസ് ചാർജിംഗ് പാഡ് എന്നിവ പോലുള്ള ഒട്ടനവധി ഫീച്ചറുകൾ BYD ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

BYD ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്‌തതിനാൽ, വാഹനം ഉടനടി ഇന്ത്യൻ നിരത്തുകളിലേക്ക് എത്തണമെന്നില്ല. ട്രേഡ്മാർക്ക് അല്ലാതെ ഇതിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമ്മാതാക്കൾ ഇന്ത്യയെ ഭാവി സാധ്യതയുള്ള വിപണിയായി കാണുകയും പ്രാദേശികമായി തങ്ങളുടെ അടിത്തറ ഉറപ്പിക്കാൻ കൂടുതൽ താങ്ങാനാവുന്ന വാഹനങ്ങൾ പുറത്തിറക്കും എന്നതിൽ ഞങ്ങൾക് ശുഭാപ്തി വിശ്വാസമുണ്ട്.
അടുത്തിടെ ട്രേഡ്‌മാർക്ക് ചെയ്‌ത സീ ലയൺ എസ്‌യുവി, ഡോൾഫിൻ, ഇന്ത്യയിൽ പ്രദർശിപ്പിച്ച സീൽ സെഡാൻ എന്നിവ അടങ്ങുന്ന ബ്രാൻഡിന്റെ ഓഷ്യൻ സീരീസിന്റെ ഭാഗമാണ് BYD സീഗൾ. BYD -യുടെ ഇ-പ്ലാറ്റ്ഫോം 3.0 സ്കേറ്റ്ബോർഡിലാണ് സീഗൾ നിർമ്മിക്കപ്പെടുന്നത്, ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണെങ്കിൽ, ഭാവിയിൽ ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കൂടുതൽ മോഡലുകൾ നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








