അരങ്ങേറ്റത്തിന് മുമ്പ് സസ്പെൻസ് പുറത്തായി യുവാൻ UP; ക്രെറ്റ ഇവി എതിരാളിയായ BYD മോഡലിന്റെ സവിശേഷതകൾ ഇങ്ങനെ
ഹോം മാർക്കറ്റായ ചൈനയിൽ, BYD ഡൈനാസ്റ്റി, ഓഷ്യൻ എന്നീ സീരീസിന് കീഴിൽ വിപുലമായ നിലയിൽ ഇലക്ട്രിക് കാറുകൾ വിൽപ്പനയ്ക്ക് എത്തിക്കുന്നു. ഇവ രണ്ടിനും യുവാൻ ഉൾപ്പെടെ ഒന്നിലധികം ഉപബ്രാൻഡുകളുമുണ്ട്. ഹോമോലോഗേഷൻ രേഖകളിലൂടെ വെളിപ്പെടുത്തിയതുപോലെ, യുവാൻ ശ്രേണി പുതിയ യുവാൻ UP കോംപാക്ട് ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.
2024 കലണ്ടർ വർഷത്തിന്റെ ആദ്യ പകുതിയിൽ BYD യുവാൻ UP ഔദ്യോഗികമായി വെളിപ്പെടുത്തും. അതിന് മുന്നോടിയായി, റെഗുലേറ്ററി കംപ്ലയൻസുമായി ബന്ധപ്പെട്ട രേഖകൾ വഴി ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ ഇപ്പോൾ വെബ്ബിൽ ചോർന്നിരിക്കുകയാണ്. ചൈനയിൽ, ഹോമോലോഗേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ അംഗീകാരങ്ങൾ എല്ലാം നൽകുന്നത് വ്യവസായ, വിവര സാങ്കേതിക മന്ത്രാലയം (MIIT) ആണ്.

എന്നാൽ ഇന്ത്യയിൽ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) ആണ് ഇത്തരം പ്രക്രിയകൾ കൈകാര്യം ചെയ്യുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ, MIIT വിവരങ്ങൾക്കൊപ്പം ചിത്രങ്ങളും വെളിപ്പെടുത്തുന്നു, അതേസമയം സാങ്കേതിക വിശദാംശങ്ങൾ മാത്രമാണ് ARAI വെളിപ്പെടുത്തുന്നത്. MIIT -യുടെ സമീപനം വളരെ ആശങ്കാജനകമാണ്.
കാരണം കാർ നിർമ്മാതാക്കൾ സാധാരണയായി വാഹനത്തിന്റെ ലോഞ്ച് ഡേറ്റ് വരെ കാര്യങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുന്നവരാണ്. സമാരംഭിക്കുന്നതിന് മുമ്പ് ഒരു പുതിയ ഉൽപ്പന്നം പൂർണ്ണമായി വെളിപ്പെടുത്തുന്നത്, വാഹന പ്രേമികളുടെ എല്ലാ സസ്പെൻസുകളും ഇല്ലാതാക്കുന്നു. എന്നാൽ MIIT പ്രവർത്തിക്കുന്നത് ഇത്തരത്തിലാണ്. പുറത്തു വന്ന വിശദാംശങ്ങൾ അനുസരിച്ച്, BYD യുവാൻ UP ഇലക്ട്രിക് എസ്‌യുവി അഞ്ച് സീറ്റ് കോൺഫിഗറേഷനിൽ കമ്പനി വാഗ്ദാനം ചെയ്യും.

എസ്‌യുവിക്ക് 4,310 mm നീളവും 1,830 mm വീതിയും 1,675 mm ഉയരവുമുണ്ട്, അതോടൊപ്പം 2,620 mm വീൽബേസും ഉണ്ട്. രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ വാഹനത്തിൽ ഉണ്ടാകും. ആദ്യ മോഡലായ TZ180XSF -ൽ 70 kW മോട്ടോർ സജ്ജീകരിക്കും, അതേസമയം TZ200XSW മോഡലിന് 130 kW മോട്ടോറാവും ലഭിക്കുക. മോട്ടോർ കപ്പാസിറ്റി തമ്മിൽ ഇരട്ടിയോട് അടുത്ത് വ്യത്യാസം ഉള്ളതിനാൽ, രണ്ട് വേരിയന്റുകളുടെയും പെർഫോമെൻസിൽ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കാം.
വരാനിരിക്കുന്ന വാഹനത്തിൽ ഉപയോഗിക്കേണ്ട ഇലക്ട്രിക് മോട്ടോർ നിർമ്മിക്കുന്നത് Hefei BYD ഓട്ടോമൊബൈൽ കമ്പനിയാണ്. ബാറ്ററി പാക്ക് വിതരണം ചെയ്യുന്നത് Wuwei Findream Co. എന്നുമാണ് രേഖകൾ വെളിപ്പെടുത്തുന്നനത്. ഇവ രണ്ടും BYD -യുടെ അനുബന്ധ സ്ഥാപനങ്ങളാണ്. തെരഞ്ഞെടുത്ത പവർട്രെയിനിനെ അടിസ്ഥാനമാക്കി യുവാൻ UP ഇലക്ട്രിക് എസ്‌യുവിക്ക് 1430 കിലോഗ്രാമും 1540 കിലോഗ്രാമും ഭാരമുണ്ടായിരിക്കും. എസ്‌യുവിയുടെ ടോപ്പ് സ്പീഡ് എന്നത് മണിക്കൂറിൽ 160 കിലോമീറ്ററാണ്.

ഡിസൈനിന്റെ കാര്യത്തിൽ, BYD യുവാൻ UP എസ്‌യുവി അടുത്തിടെ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്ത സോംഗ് L ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവിയിൽ നിന്ന് സ്റ്റൈലിംഗ് ഘടകങ്ങൾ കടമെടുക്കുന്നതായി കാണാം. പനോരമിക് സൺറൂഫും സ്ലീക്ക് റിയർ സ്‌പോയിലറും വാഹനത്തിന്റെ ചില ഓപ്‌ഷണൽ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. വീൽ ഓപ്ഷനുകളിൽ യഥാക്രമം 215/65, 215/60 ടയറുകൾ ഉള്ള 16 ഇഞ്ച്, 17 ഇഞ്ച് യൂണിറ്റുകൾ കമ്പനി തരുന്നു.
ലോഞ്ച് ചെയ്യുമ്പോൾ, ഈ മോഡൽ ശ്രേണിയിലെ ഏറ്റവും ചെറിയ ഇവി ആയിരിക്കും യുവാൻ UP. യുവാൻ സബ് ബ്രാൻഡിന് നിലവിൽ യുവാൻ പ്ലസ്, യുവാൻ പ്രോ, യുവാൻ പ്ലസ് ചാമ്പ്യൻ എഡിഷൻ എന്നവയുണ്ട്. യുവാൻ പ്ലസ് ഇന്ത്യയിൽ വിൽക്കുന്നത് അറ്റോ 3 എന്ന പേരിലാണ്.
യുവാൻ UP എസ്‌യുവി 100,000 യുവാൻ (ഏകദേശം 11.72 ലക്ഷം രൂപ) പ്രാരംഭ വിലയിൽ കമ്പനി അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ, BYD യുവാൻ UP ഇലക്ട്രിക് എസ്‌യുവി എംജി ZS ഇവി, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര BE.05, മാരുതി സുസുക്കി eVX, ടാറ്റ കർവ്വ് ഇവി എന്നിവയോട് മത്സരിക്കും.


Click it and Unblock the Notifications