മാരുതി ഒറ്റക്കല്ല കേട്ടോ... ഇന്ത്യയില്‍ പെട്രോള്‍ കാറുകള്‍ മാത്രം വില്‍ക്കുന്ന കമ്പനികള്‍ ഇവയാണ്
അനുദിനം വാഹന വിപണി മാറിക്കൊണ്ടിരിക്കുകയാണ്. നിലവിലെ ആഗോള സാഹചര്യം പരിശോധിച്ചാല്‍ ലോക രാജ്യങ്ങള്‍ ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അതിനാല്‍ തന്നെ ഫോസില്‍ ഇന്ധനങ്ങളായ പെട്രോള്‍, ഡീസല്‍ എന്നിവയെ പതിയെ കൈവിട്ട് വൈദ്യുതീകരണ പാതയിലാണ് ഓട്ടോ വ്യവസായം. ഇന്ന് ചുറ്റും ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം തന്നെ ഹൈബ്രിഡ് വാഹനങ്ങളും വിപണിയില്‍ മികച്ച അഭിപ്രായം നേടുന്നുണ്ട്.
രണ്ട് ഓപ്ഷനിലും വണ്ടി ഓടിക്കാമെന്നതിനാല്‍ വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ഇലക്ട്രിക്കിന്റെ മുമ്പ് ഹൈബ്രിഡിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അതിനാല്‍ തന്നെ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ആക്ഷന്‍ പ്ലാനുകളുടെ ഭാഗമായുള്ള ഭാവി പദ്ധതികളില്‍ കൂടുതല്‍ ഇവികളും ഹൈബ്രിഡുകളും ഉള്‍പ്പെടുത്തുന്നു. ഇന്ത്യയില്‍ അടുത്ത മാസം മുതല്‍ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ ഘട്ടം രണ്ട് നടപ്പില്‍ വരാന്‍ പോകുകയാണ്.

ബിഎസ് VI ഘട്ടം ഒന്ന് നടപ്പിലാക്കിയപ്പോള്‍ തന്നെ ഇനി ഡീസല്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നില്ലെന്ന് തീരുമാനിച്ച ഒരു വാഹന നിര്‍മാതാവിനെ നമ്മില്‍ അധികം പേര്‍ക്കും അറിയാം. എന്നാല്‍ പല ബ്രാന്‍ഡുകളും ഇപ്പോള്‍ ഡീസല്‍ എഞ്ചിനുകള്‍ ഒഴിവാക്കി പെട്രോള്‍, ഹൈബ്രിഡ് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയില്‍ പെട്രോള്‍ കാറുകള്‍ മാത്രം വില്‍ക്കുന്ന വാഹന നിര്‍മാതാക്കളെ നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം.
മാരുതി: മുകളില്‍ പറഞ്ഞ ബിഎസ്VI ഘട്ടം ഒന്ന് പ്രാബല്യത്തില്‍ വന്നപ്പോള്‍ ഡീസല്‍ എഞ്ചിനുകള്‍ പിന്‍വലിച്ച വാഹന നിര്‍മാതാക്കള്‍ മറ്റാരുമല്ല മാരുതി സുസുക്കിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ശക്തവും കാര്യക്ഷമവുമായ പെട്രോള്‍ എഞ്ചിനുകള്‍ നിലനിര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ പാടെ ഒഴിവാക്കുകയായിരുന്നു. ഇത്തരം ധീരമായ നടപടി സ്വീകരിച്ച ആദ്യ മാസ് മാര്‍ക്കറ്റ് നിര്‍മാതാവ് കൂടിയായിരുന്നു മാരുതി.

ചില മോഡലുകളുടെ കാര്യത്തില്‍ കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്നത് ഡീസല്‍ എഞ്ചിന്‍ ആയിരുന്നിട്ട് കൂടി തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ മാരുതി തയാറായില്ല. ഇപ്പോള്‍ ആ മോഡലുകളും പ്യുവര്‍ പെട്രോള്‍ പവര്‍ട്രെയിനില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. ഇതിനോടൊപ്പം തന്നെ സിഎന്‍ജി ബൈ ഫ്യുവല്‍ ഓപ്ഷനില്‍ തെരഞ്ഞെടുത്ത മോഡലുകളും മാരുതി വാഗ്ദാനം ചെയ്യുന്നു. സിഎന്‍ജി വിപണി ഭരിക്കുന്നതും മാരുതി തന്നെയാണ്. അടുത്തിടെ ബ്രെസ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് പുറത്തിറക്കി മാരുതി പോര്‍ട്‌ഫോളിയോ വിപുലീകരിച്ചിരുന്നു.
ഹോണ്ട: ബിഎസ് 6 ഘട്ടം രണ്ട് മാനദണ്ഡങ്ങള്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പല നിര്‍മാതാക്കളും ഈ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പെട്രോള്‍ എഞ്ചിനുകള്‍ നവീകരിച്ചെങ്കിലും. ചെലവ് വര്‍ധിക്കുന്നതിനാല്‍ ഡീസല്‍ എഞ്ചിന്‍ പിന്‍വലിക്കുകയാണ്. അതിനാല്‍ ഡീസല്‍ എഞ്ചിന്‍ ഉപേക്ഷിക്കാന്‍ നിരവധി നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായി. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയാണ് അടുത്തിടെ ഡീസല്‍ എഞ്ചിനുകള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച മറ്റൊരു കമ്പനി. സമീപഭാവിയില്‍ ഹോണ്ട കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തും.

ഫോക്‌സ്‌വാഗണ്‍: ഇന്ത്യന്‍ വിപണിയുടെ കാര്യമെടുത്താല്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ ബ്രാന്‍ഡുകളും ഡീസല്‍ എഞ്ചിന്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പെര്‍ഫോമന്‍സിനെ ബാധിക്കാത്ത മാന്യമായ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ടര്‍ബോ പെട്രോള്‍ എഞ്ചിനുകളോട് മമത കൂടുന്നത് നമ്മള്‍ കാണുന്നുണ്ട്. അതിനാല്‍ ഫോകസ്‌വാഗണ്‍, സ്‌കോഡ, ഔഡി എന്നിങ്ങനെ ജര്‍മന്‍ കമ്പനിക്ക് കീഴിലുള്ള ഒരു ബ്രാന്‍ഡും ഡീസല്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നില്ല. എന്നാല്‍ ലോകത്തെ മറ്റ് വിപണിയില്‍ ഇന്നും ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ അവര്‍ വില്‍ക്കുന്നുണ്ട്.
നിസാന്‍: നിലവില്‍ ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നും ഇന്ത്യയില്‍ വില്‍പ്പനക്കുള്ള ഏക മോഡല്‍ മാഗ്‌നൈറ്റ് ആണ്. ഈ കോംപാക്ട് എസ്‌യുവി പെട്രോള്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുന്നത് എന്നതിനാലാണ് ഈ പട്ടികയില്‍ ഇടം പിടിച്ചത്. നിസാന്‍ മാഗ്‌നൈറ്റ് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡീസല്‍ കാറുകള്‍ ഇല്ലെങ്കിലും വരുംകാലങ്ങളില്‍ നിസാന്‍ കൂടുതല്‍ സ്‌ട്രോംഗ് ഹൈബ്രിഡ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം നിസാന്‍ മൂന്ന് എസ്‌യുവികള്‍ അവതരിപ്പിച്ചത് ഇതിന്റെ സൂചനയാണ്.
റെനോ: നിസാനെ പോലെ തന്നെ അവരുടെ ഫ്രഞ്ച് പങ്കാളിയായ റെനോയും ഇന്ത്യയില്‍ പെട്രോള്‍ കാറുകള്‍ മാത്രമാണ് വില്‍ക്കുന്നത്. ഇരു ബ്രാന്‍ഡുകളുടെയും കൈഗറിലും മാഗ്നൈറ്റിലും കാണുന്ന എഞ്ചിന്‍ ഓപ്ഷനുകള്‍ സമാനമാണ്. ഈ രണ്ട് ബ്രാന്‍ഡുകളും ഡീസല്‍ എഞ്ചിനിനോട് വിടപറഞ്ഞേക്കും. റെനോയില്‍ നിന്നും ഭാവിയില്‍ കൂടുതല്‍ ഇവികളും സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകളും പിറവിയെടുക്കും.


Click it and Unblock the Notifications








