ടാറ്റയുടെ കഞ്ഞിയില്‍ പാറ്റവീഴും; കുറഞ്ഞ വിലയില്‍ ടെസ്‌ല ഇവികളെത്തിക്കാന്‍ കേന്ദ്രത്തിന്റെ പുതിയ തന്ത്രം!
ഇലക്ട്രിക് വാഹന വിപണിക്ക് പുത്തനുണര്‍വേകുന്ന ഒരു തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. അതിനെ കുറിച്ച് കൂടുതലറിയാം.
ആഗോള വാഹന ഭീമന്‍മാരായ ടെസ്‌ല ഏറെ നാളായി ഇന്ത്യന്‍ പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് ടെസ്‌ല ഇവികള്‍ രാജ്യത്തെ നിരത്തുകളിലെത്താന്‍ വൈകുന്നത്. കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ നിലവില്‍ 70 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇന്ത്യ ഇറക്കുമതി തീരുവ ഈടാക്കുന്നത്.

ആഭ്യന്തര കാര്‍ നിര്‍മാണവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തുന്ന നയം സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഇന്ത്യയിലെ ഇവി നിര്‍മാതാക്കള്‍ക്ക് ഏറെ ഗുണകരവും ആഗോള ഭീമന്‍മാര്‍ക്ക് തിരിച്ചടിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാവായി വളര്‍ന്നിരിക്കുകയാണ്.
എങ്കിലും ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ വില്‍പ്പന ഇപ്പോഴും മന്ദഗതിയിലാണെന്ന് വേണം പറയാന്‍. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ ഉത്പാദനം വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ഇവികള്‍ കൂടുതല്‍ ജനകീയമാക്കാനും ഉത്പാദനം കൂട്ടാനും പല മാര്‍ഗങ്ങളും തേടുകയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് ഇറക്കുമതി തീരുവകളുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ വരുത്തുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

സമീപഭാവിയില്‍ തന്നെ ചില കമ്പനികള്‍ക്ക് കുറഞ്ഞ ഇറക്കുമതി തീരുവ ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇറക്കുമതി തീരുവയില്‍ ഇളവ് ലഭിക്കാന്‍ ഈ കമ്പനികള്‍ക്ക് മുന്നില്‍ ചില വ്യവസ്ഥകള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കും. പ്രസ്തുത കമ്പനികള്‍ ഒരു നിശ്ചിത കാലയളവിന് ശേഷം ഇന്ത്യയില്‍ ഫാക്ടറികള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കണമെന്നതാണ് പ്രധാന വ്യവസ്ഥ.
ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ കാറുകള്‍ അടക്കം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതിന് ഈ തീരുമാനം വഴിവെക്കും. കുറഞ്ഞ ഇറക്കുമതി തീരുവ വഴി വിപണിയിലെത്തുന്ന കാറുകള്‍ ചുടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ടെസ്‌ല ഫാക്ടറി സ്ഥാപിക്കുന്നത് വേഗത്തിലാക്കും. ഇന്ത്യയെ മേഖലയിലെ കയറ്റുമതി ഹബ് ആക്കി മാറ്റാന്‍ ടെസ്‌ലക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അങ്ങനെ വന്നാല്‍ ഇന്ത്യന്‍ നിര്‍മിത ടെസ്‌ല കാറുകള്‍ വിദേശ രാജ്യത്തെ നിരത്തുകള്‍ കൈയ്യടക്കുന്നത് നമുക്ക് കാണാം. ഇന്ത്യയില്‍ ഏതായാലും ഇറക്കുമതി തീരുവ ഇത്ര ഉയര്‍ന്നതാണ് മറ്റ് രാജ്യങ്ങളിലും ഇതാണോ സ്ഥിതിയെന്നറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. യുഎസില്‍ വെറും 2.5%, ഓസ്ട്രേലിയയില്‍ 5%, കാനഡയില്‍ 6.1%, ഫ്രാന്‍സില്‍ 10%. സൗദി അറേബ്യയില്‍ 15%, ചൈന 23%, ബ്രസീലില്‍ 35% എന്നിങ്ങനെയാണ് ഇറക്കുമതി തീരുവ.
നിലവില്‍ 40,000 യുഎസ് ഡോളറിനു മുകളില്‍ വിലയുള്ള കാറുകള്‍ക്ക് 100 ശതമാനവും ബാക്കിയുള്ളവക്ക് 70 ശതമാനവുമാണ് ഇന്ത്യ ഇറക്കുമതി തീരുവ ചുമത്തുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നികുതി കൂടുതലാണെന്ന് ഇനി പറയേണ്ടതില്ലെല്ലോ. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലവിലെ നികുതി നയത്തില്‍ മാറ്റം വരുത്തിയാല്‍ അത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക ടെസ്‌ലക്ക് ആണെന്നതില്‍ സംശയമില്ല.
അതോടൊപ്പം ഔഡി, ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ് തുടങ്ങിയ ആഗോള കാര്‍ നിര്‍മാതാക്കളും ഇതിന്റെ ഫലം അനുഭവിക്കും. ഈ രണ്ട് ലക്ഷ്വറി ബ്രാന്‍ഡുകളും ഇതിനകം തന്നെ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഈ ബ്രാന്‍ഡുകളുടെ ഇറക്കുമതി ചെയ്യുന്ന ആഡംബര ഇവികളുടെ വില കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷമാണ്.
അതേസമയം ആഭ്യന്തര കമ്പനികളായ ടാറ്റ മോട്ടോര്‍സിനെയും മഹീന്ദ്രയെയും തീരുമാനം നെഗറ്റീവായി ബാധിക്കും. നിലവില്‍ ഇന്ത്യന്‍ ഇവി വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന ടാറ്റയും മഹീന്ദ്രയും കോടികളാണ് ഇതിനോടകം ഇവികള്‍ക്കായി രാജ്യത്ത് നിക്ഷേപിച്ചത്. ടെസ്‌ലയടക്കമുള്ള ആഗോള ഭീമന്‍മാരുടെ കാറുകള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിയാല്‍ അത് ടാറ്റയുടെയും മഹീന്ദ്രയുടെയും കഞ്ഞിയില്‍ പാറ്റയിടും.


Click it and Unblock the Notifications








