BYD -യെ ഇനി പിടിച്ചാൽ കിട്ടൂല്ല; ബാംഗ്ലൂർ ഇനി ഇവി മയം
ഇലക്ട്രിക് വാഹനലോകത്ത് ടെസ്‌ലയെ വെല്ലാനും മാത്രം കഴിവുളള ഒരു എതിരാളിയാണ് ചൈനീസ് ഭീമനായ ബിവൈഡി. ബിവൈഡി തങ്ങളുടെ മൂന്നാമത്തെ വാഹന ഷോറൂം ബംഗ്ലൂരുവിൽ ആരംഭിച്ചിരിക്കുകയാണ്. ഷോറൂമിൻ്റെ പ്രവർത്തനങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് വിഎസ്ടി ഗ്രൂപ്പാണ്.
ഓട്ടോമോട്ടീവ് രംഗത്ത് നിരവധി വർഷത്തെ പരിചയസമ്പന്നതയുളളവരാണ് വിഎസ്ടി ഗ്രൂപ്പ്. കർണാടകയിൽ അവർക്ക് നിരവധി ബിസിനസ് സ്ഥാപനങ്ങളുമുണ്ട്. മൂന്നാമത്തെ ഷോറൂം കൂടെ ആരംഭിച്ചതോടെ കർണാടകയിൽ ബിവൈഡി വേരുറപ്പിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കർണാടകയിൽ കൂടുതൽ ആളുകൾ ഇവിയിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് മാത്രമല്ല സർക്കാരും ഇലക്ട്രിക് വാഹനങ്ങൾക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്.

2023 അവസാനിക്കുമ്പോൾ 53- ലധികം ഷോറൂമുകളിലേക്ക് എത്താനാണ് കമ്പനിയുടെ ശ്രമം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ ടെസ്‌ലയോട് പോലും കിടപിടിക്കാൻ കഴിയുന്ന തരത്തിലാണ് ബിവൈഡിയുടെ ടെക്നോളജിയും പ്രവർത്തനവും. 2023 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പരിചയപ്പെടുത്തിയ സീൽ ഇലക്ട്രിക് പ്രീമിയം സെഡാനാണ് ഇന്ത്യൻ വിപണി കീഴടക്കാനായി എത്താൻ പോകുന്നത്. ടെസ്‌ലയുടെ മോഡല്‍ 3-യോട് പോലും കിടപിടിക്കാൻ പ്രാപ്‌തമായ വാഹനം ആദ്യകാഴ്ച്ചയിൽ തന്നെ ആരെയും കൈയിലെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമാതാക്കളിൽ ഒരാളായി അറിയപ്പെടുന്ന BYD കാറിന്റെ വിൽപ്പന ആരംഭിക്കാൻ ഒരുങ്ങി കഴിഞ്ഞു.
ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ച മോഡൽ ഈ വർഷം നാലാം പാദത്തിൽ, അതായത് സെപ്റ്റംബർ-ഒക്ടോബർ മാസത്തോടെ വിൽപ്പനയ്‌ക്കെത്തുമെന്നാണ് അറിയാൻ കഴിയുന്നത്. പ്രീമിയം ശ്രേണിയിലായിരിക്കില്ല, പകരം ആഡംബര വിഭാഗത്തിലായിരിക്കും സീൽ ഇടംപിടിക്കുകയെന്ന് വില കേട്ടാൽ മനസിലാവും. ഏകദേശം 70 ലക്ഷം രൂപയാണ് ഇവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില.

ബ്രാൻഡിന്റെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന സീൽ ഇലക്ട്രിക് സെഡാന് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഉണ്ടായിരിക്കും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം 61.4kWh, 82.5kWh ശേഷിയിൽ ഇത് തെരഞ്ഞെടുക്കാം. ചെറിയ ശേഷിയുള്ള ബാറ്ററി വേരിയന്റ് പരമാവധി 550 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. അതേസമയം കാറിന്റെ വലിയ ബാറ്ററി പതിപ്പ് 700 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നുവെന്നും BYD അവകാശപ്പെടുന്നു.
61.4kWh, 82.5kWh ബാറ്ററികൾ യഥാക്രമം 110kW, 150kW വരെ വേഗതയിൽ ചാർജ് ചെയ്യാനും സാധിക്കുമെന്നതാണ് മറ്റൊരു വലിയ ഹൈലൈറ്റ്. വാഹന സുരക്ഷ, സ്റ്റെബിലിറ്റി, ഹാൻഡിലിംഗ്, പെർഫോമൻസ് എന്നിവ മെച്ചപ്പെടുത്തുന്ന BYD സെൽ ടു ബോഡി (CTB) സാങ്കേതികവിദ്യയാണ് ഇലക്ട്രിക് സെഡാനിൽ ഉള്ളതെന്നാണ് ചൈനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. അതോടൊപ്പം കിടിലൻ പെർഫോമൻസ് പുറത്തെടുക്കാനായി സീൽ ഇവി ഡ്യുവൽ-മോട്ടോറും ഓൾ-വീൽ ഡ്രൈവ് (AWD) സജ്ജീകരണവും വരെ ഒരുക്കിയിട്ടുണ്ട്.

e6 ഇലക്ട്രിക് എംപിവിക്ക് ശേഷം സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ വാഹനമാണ് അറ്റോ 3. അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ വിതരണം ആരംഭിച്ചിരുന്നു. അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ ബാച്ച് രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്തതായി വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. രാജ്യത്തുടനീളമുള്ള ഡീലര്‍മാര്‍ മുഖേന 340 യൂണിറ്റിലധികം അറ്റോ 3 ഇലക്ട്രിക് എസ്‌യുവികളാണ് ഉടമകള്‍ക്ക് കൈമാറിയത്.
സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 33.99 ലക്ഷം രൂപയാണ് വില (എക്‌സ്-ഷോറൂം). ഇലക്ട്രിക് എസ്‌യുവിയുടെ പവര്‍ട്രെയിനിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ ഇത് 201 bhp പീക്ക് പവറും 310 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ കഴിവുള്ള പെര്‍മനെന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. BYD-യുടെ സ്വന്തം ബ്ലേഡ്-ബാറ്ററി സാങ്കേതികവിദ്യയുള്ള വലിയ 60.48kWh ബാറ്ററി പായ്ക്കാണ് ഇതിന്റെ ചാലകശക്തി. കരുത്താര്‍ന്ന പവര്‍ട്രെയിന്‍ സജ്ജീകരണത്തിന്റെ ബലത്തില്‍ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിക്ക് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 7.3 സെക്കന്‍ഡ് മതി.


Click it and Unblock the Notifications








