കട്ട അസൂയ! ചൈനയുടെ തീരുമാനത്തില്‍ കേന്ദ്രത്തോട് അരിശം മൂത്ത് ഇന്ത്യക്കാര്‍
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് വിവിധ രാജ്യങ്ങള്‍ സബ്‌സിഡികളുടെ പേരില്‍ സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നത്. ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ വാഹന വ്യവസായത്തിലെയും ചൂടേറിയ ചര്‍ച്ച കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് ടൂവീലറുകളുടെ സബ്‌സിഡി വെട്ടിക്കുറച്ചതാണ്. കൂടുതല്‍ ആളുകളിലേക്ക് ഇവികള്‍ എത്തിക്കാനും ഡിമാന്‍ഡ് വര്‍ധിപ്പിക്കാനുമാണ് കേന്ദ്രം ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും അത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് നിരീക്ഷണം.
തുടക്കത്തിലെ മുടക്ക് കൂടുതലായിട്ടും പലയാളുകളും ഇവി വാങ്ങാനുള്ള പ്രധാന കാരണം സബ്‌സിഡിയാണ്. അത് വെട്ടിക്കുറക്കുന്നതോടെ വില വര്‍ധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനോടകം തന്നെ നിരവധി നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഫെയിം II സബ്സിഡി 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചതിനെച്ചൊല്ലി ഇന്ത്യയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ അയല്‍ രാജ്യമായ ചൈനയില്‍ നിന്ന് ഇതിന് വിപരീതമായ വാര്‍ത്തകളാണ് വരുന്നത്.

ചൈനയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തില്‍ സബ്‌സിഡിയും ഇന്‍സെന്റീവും നീട്ടുന്നതിനെ കുറിച്ചാണ് അധികൃതര്‍ ആലോചിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണിയാണ് ചൈന. ഇലക്ട്രിക് കാറുകളിലെ രാജാവായ ടെസ്‌ല പോലും ഇപ്പോള്‍ ചൈനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിന്റെ ഫലം അവര്‍ക്ക് വില്‍പ്പനയിലും നേടാനാകുന്നുണ്ട്.
എന്നാല്‍ അടുത്ത കാലത്തായി കുറഞ്ഞ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനായി ഇവികളുടെ ഇന്‍സെന്റീവുകള്‍ നീട്ടണമെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേകിച്ച് ഇവികള്‍ക്ക് ചൈനയില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളും സബ്സിഡിയുമാണ് നല്‍കുന്നത്. ഒരാള്‍ ഇവി വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ 60,000 യുവാന്‍ അല്ലെങ്കില്‍ ഏകദേശം 7 ലക്ഷം വരെയാണ് കിഴിവ് നേടാന്‍ സാധിച്ചിരുന്നത്.

എന്നാല്‍ ഏകദേശം 10 വര്‍ഷത്തിനുശേഷം കഴിഞ്ഞ വര്‍ഷം ഇവ നിര്‍ത്തലാക്കി. ഇന്‍സെന്റീവുകളും ഡിസ്‌കൗണ്ടുകളും സബ്‌സിഡികളും നിര്‍ത്തലാക്കാനുള്ള തീരുമാനം ചൈനയിലെ ഇവികളുടെ ഡിമാന്‍ഡ് ഇടിച്ചു. ഇത് ഇവികളുടെ വില്‍പ്പനയിലും നേരിട്ട് സ്വാധീനം ചെലുത്തി. ഇത് ചൈനയില്‍ ഇവി നിര്‍മാതാക്കള്‍ക്കിടയിലെ വലിയ വില യുദ്ധത്തിലേക്ക് നഴിച്ചു. ടെസ്‌ലയടക്കമുള്ള ആഗോള ഭീമന്‍മാര്‍ വമ്പന്‍ ഡിസ്‌കൗണ്ടില്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. ചൈനയിലെ ആഭ്യന്തര നിര്‍മാതാക്കള്‍ കൂടി ഇതില്‍ അണിചേര്‍ന്നു.
ഈ ഒരു സാഹചര്യത്തില്‍ ലി ക്വിയാങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗം സബ്സിഡികള്‍ നീട്ടാന്‍ തീരുമാനിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ഈ ആഴ്ച ചൈന സന്ദര്‍ശിച്ചിരുന്നു. ചൈനീസ് സര്‍ക്കാറിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയ കാര്യം കൂടി ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്ത് വായിക്കണം.

ലോകത്തെ ഒന്നാം നമ്പര്‍ ഇവി നിര്‍മാതാക്കളായ ടെസ്‌ലക്ക് ചൈനയിലെ ഷാങ്ഹായ്‌യില്‍ ഒരു വമ്പന്‍ പ്ലാന്റുണ്ട്. ചൈനയെ കൂടാതെ വിവിധ വിദേശ രാജ്യങ്ങളിലേക്ക് വേണ്ട ഇവികളും ഷാങ്ഹായ് പ്ലാന്റിലാണ് നിര്‍മിക്കുന്നത്. സര്‍ക്കാര്‍ സബ്‌സിഡിയും ഇന്‍സെന്റീവും കൊണ്ടുവന്നാലും നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. 300,000 യുവാനില്‍ താഴെ (ഏകദേശം 35 ലക്ഷം രൂപ) വിലയുള്ള ഉള്ള ഇവികള്‍ക്ക് മാത്രമായിരിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുകയെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ആഢംബര ഇവികള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സബ്‌സിഡി ലഭ്യമായേക്കില്ലെന്ന് സാരം.
കഴിഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇവി വില്‍പ്പനയില്‍ ഉയര്‍ച്ചയുണ്ടെങ്കിലും കോവിഡ് ലോക്ക്ഡൗണുകള്‍ക്ക് ശേഷം വില്‍പ്പനയില്‍ നേരിടുന്ന മന്ദഗതി ആശങ്കാജനകമാണെന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഇതോടെ ഗ്രാമപ്രദേശങ്ങളിലേക്കും ഇവികള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് അധികൃതര്‍. ഇന്ത്യയില്‍ ഇപ്പോള്‍ സബ്‌സിഡി വെട്ടിക്കുറച്ചത് ചൈനയിലെ പോലെ ഇവികള്‍ക്ക് ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തിലേക്ക് നയിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വരുംമാസങ്ങളില്‍ ഇവി വില്‍പ്പന കുറഞ്ഞാല്‍ ഒരുപക്ഷേ സര്‍ക്കാര്‍ തീരുമാനത്തില്‍ പുനരാലോചന നടത്താന്‍ നിര്‍ബന്ധിതരായേക്കും.


Click it and Unblock the Notifications








