ആദ്യ കാര്‍ എസ്‌യുവി തന്നെ ആയിക്കോട്ടെ! വിലയില്‍ എതിരാളികളെ നാണിപ്പിച്ച് സിട്രണ്‍ എസ്‌യുവി
ഇന്ന് ആദ്യമായി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ പോലും ചെറുകാറുകളെ വിട്ട് എസ്‌യുവികളിലേക്ക് മൈന്‍ഡ് മാറ്റുന്ന കാലമാണ്. ലുക്കിലും പെര്‍ഫാമന്‍സിലും മൈലേജിലുമെല്ലാം മികച്ച നില്‍ക്കുന്ന എസ്‌യുവികളാണ് ഇന്ന് കാര്‍ വിപണിയുടെ മുഖം തന്നെ. മത്സരം കടുത്തതോടെ വിലയുടെ കാര്യത്തിലും ഇപ്പോള്‍ യുദ്ധം തന്നെ അരങ്ങേറുന്ന കാഴ്ചയാണ്.
രാജ്യത്ത് ഏറ്റവും കടുത്ത മത്സരം അരങ്ങേറുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ അംഗസംഖ്യ ഓരോ ദിവസവും കൂടുകയാണ്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണിന്റെ C3 എയര്‍ക്രോസാണ് പടക്കളത്തിലെ പുത്തന്‍ പോരാളി. സെപ്റ്റംബര്‍ 15-നാണ് ഈ മോഡലിന്റെ വില പ്രഖ്യാപനം നടന്നത്. ഈ പുതിയ മിഡ്‌സൈസ് എസ്‌യുവി 9.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ഈ വില നിലവാരത്തില്‍ സിട്രണ്‍ C3 എയര്‍ക്രോസ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മിഡ്-സൈസ് എസ്‌യുവിയായി മാറുന്നു. ഈ ഉത്സവ സീസണ്‍ റാഞ്ചാന്‍ C3 എയര്‍ക്രോസിനൊപ്പമെത്തിയ ഹോണ്ട എലിവേറ്റും ഈ വില നിലവാരത്തില്‍ തന്നെയാണ് എത്തുന്നതെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ വിലയുടെ കാര്യത്തില്‍ സിട്രണ്‍ C3 എയര്‍ക്രോസ് സെഗ്‌മെന്റിലെ മറ്റ് വമ്പന്‍മാരായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ മോഡലുകളെ കടത്തിവെട്ടുന്നു.
സിട്രണ്‍ C3 എയര്‍ക്രോസും അതിന്റെ എതിരാളികളും തമ്മില്‍ വിലകള്‍ ഒന്ന് താരതമ്യം ചെയ്ത് നോക്കാം. സെഗ്‌മെന്റ ലീഡറായ ഹ്യുണ്ടായി ക്രെറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ സിട്രണ്‍ C3 എയര്‍ക്രോസിന് 88,000 രൂപയോളം കുറവാണ്. 10.87 ലക്ഷം രൂപയാണ് ക്രെറ്റയുടെ ബേസ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. 10.90 ലക്ഷം രൂപ പ്രാരംഭ വിലയുള്ള കിയ സെല്‍റ്റോസുമായി തട്ടിച്ച്‌നോക്കുമ്പോള്‍ ഫ്രഞ്ച് എസ്‌യുവി സ്വന്തമാക്കാന്‍ 91,000 രൂപ കുറച്ച് നല്‍കിയാല്‍ മതിയാകും.

മുമ്പ് താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോഡലുകളായിരുന്ന മാരുതി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട ഹൈറൈഡറിനെയും C3 എയര്‍ക്രോസ് പിന്നിലാക്കുന്നു. സിട്രണ്‍ C3 എയര്‍ക്രോസിന് ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ 70,000 രൂപയും അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനേക്കാള്‍ 86,000 രൂപയുമാണ് കുറവ്. ഈ രണ്ട് മിഡ്-സൈസ് എസ്യുവികളുടെ അടിസ്ഥാന വേരിയന്റുകള്‍ക്ക് യഥാക്രമം 10.70 ലക്ഷവും 10.86 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
ഇവ കൂടാതെ സെഗ്‌മെന്റിലെ മറ്റൊരു എതിരാളിയായ എംജി ആസ്റ്ററിക്കോളും കുറഞ്ഞ വിലക്കാണ് സിട്രണ്‍ C3 എയര്‍ക്രോസ് പുറത്തിറങ്ങിയത്. 10.82 ലക്ഷം രൂപയാണ് ആസ്റ്ററിന്റെ ബേസ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. C3 എയര്‍ക്രോസ് അരങ്ങേറുന്നത് വരെ ഏറ്റവും താങ്ങാനാവുന്ന രണ്ടാമത്തെ അടിസ്ഥാന വേരിയന്റായിരുന്നു ആസ്റ്ററിന്‍േറത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പുറത്തിറക്കുന്ന ജനപ്രിയ മോഡലുകളായ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ലക്ഷം രൂപയിലധികമാണ് മാറ്റമുള്ളത്.

11.59 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭിക്കുന്ന കുഷാഖിനേക്കാള്‍ 1.6 ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ C3 എയര്‍ക്രോസ് സ്വന്തമാക്കാം. 11.62 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലെത്തുന്ന ടൈഗൂണിനേക്കാള്‍ 1.63 ലക്ഷം രൂപ കുറവാണ് സിട്രണ്‍ C3 എയര്‍ക്രോസിന്. യു, പ്ലസ്, മാക്‌സ് എന്നീ വേരിയന്റുകളിലായാണ് സിട്രണ്‍ C3 എയര്‍ക്രോസ് വിപണിയില്‍ എത്തിയിരിക്കുന്നത്. 5 സീറ്റര്‍, 7 സീറ്റര്‍ ലേഔട്ടുകളില്‍ എസ്‌യുവി തെരഞ്ഞെടുക്കാം.
25000 രൂപ ടോക്കണ്‍ തുക നല്‍കി എസ്‌യുവി ഇപ്പോള്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും കമ്പനി ഡീലര്‍ഷിപ്പ് വഴിയും കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഒക്‌ടോബര്‍ 15 മുതല്‍ കാറിന്റെ വിതരണം തുടങ്ങുമെന്നും ഫ്രഞ്ച് കമ്പനി അറിയിച്ചിട്ടുണ്ട്. നാല് മോണോടോണ്‍, ആറ് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ കാര്‍ സ്വന്തമാക്കാം.
പോളാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ, പ്ലാറ്റിനം ഗ്രേ, കോസ്‌മോ ബ്ലൂ എന്നിവയാണ് മോണോടോണ്‍ നിറങ്ങള്‍. ഡ്യുവല്‍ ടോണുകളില്‍ പ്ലാറ്റിനം ഗ്രേ റൂഫോട് കൂടിയ പോളാര്‍ വൈറ്റ്, കോസ്‌മോ ബ്ലൂ റൂഫോട് കൂടിയ പോളാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ, പോളാര്‍ വൈറ്റ് റൂഫോട് കൂടിയ കോസ്‌മോ ബ്ലൂ റൂഫ്, സ്റ്റീല്‍ ഗ്രേ, പ്ലാറ്റിനം ഗ്രേ, കോസ്‌മോ ബ്ലൂ എന്നിവ ഉള്‍പ്പെടുന്നു.
സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് നിലവില്‍ C3 എര്‍ക്രോസ് എസ്‌യുവി വരുന്നത്. C3 എയര്‍ക്രോസിന്റെ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 108 bhp പവറും 190 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് C3 എര്‍ക്രോസ് എസ്‌യുവി ഓഫര്‍ ചെയ്യുന്നത്.

അടുത്ത വര്‍ഷാവസാനം എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റ് പുറത്തിറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. എസ്‌യുവിയുടെ ബേസ് വേരിയന്റ് 5 സീറ്റ് കോണ്‍ഫിഗറേഷനില്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ. ഉയര്‍ന്ന വേരിയന്റുകള്‍ 7 സീറ്റ് ലേഔട്ടിലും വാങ്ങാം. ഊരി മാറ്റാന്‍ സാധിക്കുന്ന മൂന്നാം നിര സീറ്റുകള്‍ എസ്‌യുവിയുടെ ഹൈലൈറ്റുകളില്‍ ഒന്നാണ്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ ഇതിന്റെ ബേസ് വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നു. എന്നാല്‍ റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, റിവേഴ്സ് ക്യാമറ, റിയര്‍ വൈപ്പര്‍ ഡീഫോഗര്‍, യുഎസ്ബി ചാര്‍ജിംഗ് സ്ലോട്ടുകള്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ അടിസ്ഥാന വേരിയന്റില്‍ C3 എയര്‍ക്രോസിന് നഷ്ടമാകും.


Click it and Unblock the Notifications








