ടര്‍ബോ കരുത്തും 18.5 കി.മീ മൈലേജും! എലിവേറ്റിന് പിന്നാലെ ക്രെറ്റക്ക് പ്രഹരമേല്‍പ്പിക്കാന്‍ ഫ്രഞ്ച് എസ്‌യുവി
മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഇപ്പോള്‍ തന്നെ പെരിഞ്ഞ അടിയാണ്. തിങ്കളാഴ്ച ഹോണ്ട എലിവേറ്റ് കൂടി ഇവിടെ അങ്കത്തിനിറങ്ങിയിരുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നിവയുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ ഫ്രഞ്ച് വാഹന ഭീമനായ സിട്രണിന്റെ C3 എയര്‍ക്രോസ് കൂടി ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നു.
ഏപ്രിലില്‍ അവതരണം കഴിഞ്ഞ എസ്‌യുവിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഒത്തിരി നാളായി. ഉത്സവ സീസണിന് മുന്നോടിയായി ഈ മാസം അവസാനമോ ഒക്‌ടോബര്‍ ആദ്യമോ എസ്‌യുവി പുറത്തിറക്കുമെന്നാണ് സൂചന. എന്നാല്‍ സിട്രണ്‍ C3 എയര്‍ക്രോസ് വാങ്ങാനായി കണ്ടുവെച്ചവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. സെപ്റ്റംബര്‍ 15 മുതല്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാവ് എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് ഔദ്യോഗികമായി ആരംഭിക്കും. സിട്രണിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഡീലര്‍ഷിപ്പുകള്‍ വഴിയോ ഓണ്‍ലൈനായി ബുക്കിംഗ് നടത്താം.

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് പോലുള്ള കിടിലന്‍ എസ്‌യുവികള്‍ വാഴുന്നിടത്തേക്കാണ് സിട്രണ്‍ C3 എയര്‍ക്രോസിന്റെ എന്‍ട്രി. സിട്രണ്‍ C3 എയര്‍ക്രോസ് എസ്‌യുവി 5 സീറ്റര്‍, 7 സീറ്റര്‍ ലേഔട്ടുകളില്‍ വാങ്ങാന്‍ സാധിക്കും. എന്നാല്‍ മൂന്ന്-വരി വേരിയന്റില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ കാണാനാകില്ല.
വലിപ്പം നോക്കിയാല്‍ സിട്രണ്‍ C3 എയര്‍ക്രോസിന് 1,796 mm വീതിയും 4,323 mm നീളവും 1,669 mm ഉയരവുമുണ്ട്. 2,671 mm വീല്‍ബേസുമുണ്ട്. സിട്രണ്‍ C3 എയര്‍ക്രോസ് എസ്‌യുവിയില്‍ ഒരു പെട്രോള്‍ എഞ്ചിന്‍ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റിന് 5,500 rpm-ല്‍ 108 bhp പവറും 1,750 rpm-ല്‍ 190 Nm പീക്ക് ടോര്‍ക്ക് ഔട്ട്പുട്ടും പുറപ്പെടുവിക്കാന്‍ കഴിയും.

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമാണ് എസ്‌യുവി എത്തുക. നിലവില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓഫറില്‍ ഉണ്ടാകില്ലെന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാവ് അറിയിച്ചിട്ടുണ്ടെങ്കിലും ഇത് വൈകാതെ ഉള്‍പ്പെടുത്തിയേക്കും. മൈലേജിന്റെ കാര്യത്തില്‍ ഉഷാറാണ് പുതിയ സിട്രണ്‍ എസ്‌യുവി. സിട്രണ്‍ C3 എയര്‍ക്രോസ് ലിറ്ററിന് 18.5 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
C3 എയര്‍ക്രോസില്‍ വളരെ അടിസ്ഥാനപരമായ ക്യാബിന്‍ ആണ് സിട്രണ്‍ ഒരുക്കിയിരിക്കുന്നതെങ്കിലും അത് വളരെ വിശാലമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സിട്രോണ്‍ കണക്റ്റ് എന്നിവയുള്ള 10.23 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീല്‍ മൗണ്ടഡ് കണ്‍ട്രോള്‍ ഉള്ള നാല് സ്പീക്കറുകളും രണ്ട് ട്വീറ്ററുകളും ഉണ്ടാകും. ഇതിനുപുറമെ, ഒരു പേഴ്‌സണല്‍ അസിസ്റ്റന്റും 35 സ്മാര്‍ട്ട് കണക്റ്റഡ് ഫീച്ചറുകളും ഉണ്ടാകും.

C3 എയര്‍ക്രോസില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഇല്ല. പകരം എയര്‍ കണ്ടീഷനിംഗിനായി മാനുവല്‍ കണ്‍ട്രോളുകള്‍ ലഭിക്കും. ഹീറ്ററും കൂടെ വരുന്നുണ്ട്. വണ്‍-ടച്ച് ഓട്ടോ-ഡൗണ്‍ സഹിതം നാല് വിന്‍ഡോകളിലും പവര്‍ വിന്‍ഡോകളുണ്ട്. റിമോട്ട് കീലെസ് എന്‍ട്രി, മുന്‍വശത്ത് 12v സോക്കറ്റ്, സ്റ്റിയറിങ്ങിനുള്ള ടില്‍റ്റ് അഡ്ജസ്റ്റ്‌മെന്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ ഡീഫോഗര്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ആംറെസ്റ്റ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ വേറെയുമുണ്ട്.
ഇബിഡിയോട് കൂടിയ എബിഎസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍വ്യൂ ക്യാമറ, ഹൈ-സ്പീഡ് അലേര്‍ട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇഎസ്പി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. ഏകദേശം 9 ലക്ഷം രൂപ മുതലാണ് സിട്രണ്‍ C3 എയര്‍ക്രോസിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.
11 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഹോണ്ട എലിവേറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. എലിവേറ്റിന്റെ ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്ക് 16 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. സെഗ്‌മെന്റില്‍ മത്സരം മുറുകുന്നതോടെ വില നിര്‍ണയത്തിലെ ട്വിസ്റ്റുകള്‍ സഹായിക്കുമെന്നായിരിക്കും സിട്രണ്‍ കരുതുന്നത്.


Click it and Unblock the Notifications








