പണമില്ലെങ്കില്‍ കാര്‍ വാങ്ങേണ്ടെന്ന് സിട്രണും; ഏറ്റവും കുറഞ്ഞ വിലയിലുള്ള കാറിന് വില കൂട്ടുന്നു
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഫ്രഞ്ച് വിപ്ലവം തീര്‍ക്കാനെത്തിയ കമ്പനിയാണ് സിട്രണ്‍. C5 എയര്‍ക്രോസ് എന്ന വിലയില്‍ ഒതുങ്ങാത്ത കാര്‍ അവതരിപ്പിച്ച് രാജ്യത്തെത്തിയ സിട്രണ്‍ മാസ് മാര്‍ക്കറ്റ് ലക്ഷ്യം വെച്ച് കൊണ്ട് വന്ന ഹാച്ച്ബാക്ക് കാറായിരുന്നു C3. ഫീച്ചറുകളുടെ കുറവ് കാരണം തുടക്കത്തില്‍ ആളുകളെ ഷോറൂമുകളിലേക്ക് അടുപ്പിക്കുന്നതില്‍ സിട്രണ്‍ C32-ക്ക് വിജയിക്കാനായിരുന്നില്ല.
എന്നാല്‍ അടുത്ത കാലത്ത് കാറില്‍ ലഭ്യമല്ലാതിരുന്ന ഭൂരിഭാഗം സവിശേഷതകളും ഉള്‍ക്കൊള്ളിച്ച് പുതിയൊരു ട്രിം കമ്പനി അവതരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ഇരുട്ടടി പോലെ 5 സീറ്റര്‍ ഹാച്ചിന് വില വര്‍ധിപ്പിക്കാന്‍ പോകുകയാണ് ഫ്രഞ്ച് കമ്പനി. ജൂലൈ മുതല്‍ C3 ഹാച്ച്ബാക്കിന്റെ വില 17,500 രൂപ വരെ വര്‍ധിപ്പിക്കുമെന്ന് സിട്രണ്‍ ഇന്ത്യ ഞായറാഴ്ച പ്രഖ്യാപിച്ചു.

ഈ വര്‍ഷം പിറന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് സിട്രണ്‍ C3-യുടെ വില കൂടാന്‍ പോകുന്നത്. 2023 ജനുവരിയിലാണ് ആദ്യം വില വര്‍ധിപ്പിച്ചത്. പിന്നാലെ രണ്ട് മാസം കഴിഞ്ഞ് മാര്‍ച്ചിലും വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ ഉപഭോക്താക്കള്‍ 45,000 രൂപ അധികം മുടക്കേണ്ടി വന്നു. ജൂലൈയിലെ വില വര്‍ധനവ് കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ഈ വര്‍ഷം 6 മാസത്തിനുള്ളില്‍ കാറിന് കൂടുന്നത് 62,500 രൂപ വരെയാണ്.
2022 ജൂലൈയില്‍ 5.70 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സിട്രണ്‍ C3 ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 8.05 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. 2023 ജനുവരിയില്‍ വില കൂടിയതോടെ ഹാച്ച്ബാക്കിന്റെ പ്രാരംഭ വില 5.98 ലക്ഷം രൂപയായി ഉയര്‍ന്നു. മാര്‍ച്ചില്‍ വില കൂടിയതിനാല്‍ നിലവില്‍ 6.16 ലക്ഷം രൂപയാണ് സിട്രണ്‍ C3-യുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

ജൂലൈയില്‍ വില കൂടുന്നതോടെ സിട്രണ്‍ C3 ഹാച്ച്ബാക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 6.33 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടി വരും. പുതിയ വില വര്‍ധനവിന്റെ ഫലമായി റേഞ്ച് ടോപിംഗ് വേരിയന്റിന്റെ വില 9 ലക്ഷം രൂപക്ക് മുകളില്‍ പോകും. അതിനാല്‍ തന്നെ സിട്രണിന്റെ ഈ ഹാച്ച്ബാക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്പ് വാങ്ങിയാല്‍ ക്യാഷ് ലാഭിക്കാനാകും.
ലൈവ്, ഫീല്‍, ഷൈന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് മോഡല്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍ മൂന്ന് വേരിയന്റിലും ഒരേ വില വര്‍ധനവാണോ നടപ്പാക്കുകയെന്ന കാര്യം തീര്‍ച്ചയില്ല. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലായാണ് സിട്രണ്‍ C3 ഹാച്ച്ബാക്ക് വരുന്നത്. ആദ്യത്തെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 81 bhp പരമാവധി കരുത്തും 115 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.
രണ്ടാമത്തെ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 109 bhp കരുത്തും 190 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോകസുകളുമായിട്ടാണ് എഞ്ചിനുകള്‍ ജോടിയാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഹാച്ച്ബാക്കില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓഫര്‍ ചെയ്യുന്നില്ല. സിട്രണ്‍ C3 ഹാച്ചിന്റെ എഞ്ചിനുകള്‍ അടുത്തിടെ ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കുകയും OBD2 കംപ്ലയിന്റ് ആക്കുകയും ചെയ്തിരുന്നു.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് ടെക്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഡേ/നൈറ്റ് IRVM, ഡിജിറ്റൈസ്ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫോഗ് ലാമ്പുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍, 4 സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിങ്ങനെ ഫീച്ചര്‍ സമ്പന്നമാണ് സിട്രണ്‍ C3.
മുമ്പില്‍ ഇരട്ട എയര്‍ബാഗുകള്‍, EBD, ABS, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, റിവേഴ്സിംഗ് ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് സിട്രൺ C3 ഹാച്ച്ബാക്കിൽ സുരക്ഷ ചുമതലകൾ നിർവഹിക്കുന്നത്.
C5 എയര്‍ക്രോസ് ആണ് ഇന്ത്യയിലെ സിട്രണിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍. 37.17 ലക്ഷം രൂപയാണ് അതിന്റെ വില. ഈ വര്‍ഷം തുടക്കത്തില്‍ കമ്പനി C3 ഹാച്ചിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയിരുന്നു. 11.50 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ എത്തിയ സിട്രണ്‍ eC3 ടാറ്റ ടിയാഗോ ഇവിയുമായിട്ടാണ് ഏറ്റുമുട്ടുന്നത്.


Click it and Unblock the Notifications








