സിട്രണ്‍ eC3-യുടെ വില പ്രഖ്യാപിച്ചു; ഇന്ത്യയിലെ താങ്ങാവുന്ന ഇലക്ട്രിക് കാര്‍ ടിയാഗോ ഇവി തന്നെ
ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ ചൂടന്‍ പോരാട്ടത്തിന് കൊടികയറി. C3 ഹാച്ച്ബാക്കിനൊപ്പം ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ കാര്‍ സെഗ്‌മെന്റില്‍ അരങ്ങേറ്റം കുറിച്ച ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രണ്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് ഓഫറിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു.
ഒപ്പം തന്നെ ബുക്കിംഗും ആരംഭിച്ചു. കാറിനെ കുറിച്ചുള്ള ഏകദേശം എല്ലാ വിവരങ്ങളും പുറത്തുവിട്ട കമ്പനി വില പ്രഖ്യപനം മാത്രം നീട്ടിവെച്ചിരുന്നു. ഇപ്പോള്‍ ഇവിയുടെ വിലവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സിട്രണ്‍. നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ ഇവി എന്നിവയിലൂടെ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയുടെ ഭൂരിപക്ഷവും കൈയ്യടക്കി വെച്ചിരിക്കുന്നത് ഇപ്പോള്‍ ടാറ്റ മോട്ടോര്‍സ് ആണ്. താങ്ങാനാവുന്ന ഒരു ഇവി പുറത്തിറക്കി ഇതില്‍ ഒരു പങ്ക് കൈക്കലാക്കാനാണ് സിട്രണ്‍ പദ്ധതിയിട്ടത്.

ഇതിനായി കൊടുക്കുന്ന ക്യാഷ് മുതലാകാന്‍ തക്ക ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സിട്രണ്‍ eC3-യുടെ വില നോക്കിയാല്‍ 11.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇതിന്റെ ബേസ് വേരിയന്റായ ലൈവ് വാങ്ങാന്‍ സാധിക്കുക. ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനും വൈബ് പായ്ക്കും ഉള്ള ടോപ്പ്-സ്‌പെക്ക് ഫീല്‍ ട്രിമ്മിന്റെ വില 12.43 ലക്ഷം രൂപയാണ്. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന സിട്രണ്‍ C3-യുമായി താരതമ്യം ചെയ്യുമ്പോള്‍ eC3-യുടെ ബേസ് വേരിയന്റിന് 5.52 ലക്ഷം രൂപയാണ് മാറ്റം
ടോപ് സ്‌പെക്ക് വേരിയന്റിന് 5.23 ലക്ഷം രൂപയുമാണ് മാറ്റം വരുന്നത്. ഡിസൈനിന്റെയും ഫീച്ചറുകളുടെയും കാര്യത്തില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡലും ഇലക്ട്രിക് ഹാച്ച് ബാക്കും ഏകദേശം തുല്യമാണ്. അത് കാറിന്റെ വികസനച്ചെലവ് കുറയ്ക്കുന്നതിനും ആക്രമണാത്മകമായി വില നിശ്ചയിക്കുന്നതിനും ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളെ സഹായിക്കുന്നു. സിട്രണ്‍ eC3-യുടെ മുഖ്യ എതിരാളി ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാറായ ടാറ്റ ടിയാഗോ ഇവി ഹാച്ച്ബാക്കാണ്.

8.69 ലക്ഷം രൂപ മുതലാണ് ടിയാഗോയുടെ വില ആരംഭിക്കുന്നത്. 19.2 kWh ബാറ്ററി പാക്കുമായി വരുന്ന വേരിയന്റുകള്‍ക്കാണ് 8.69 ലക്ഷം രൂപ വിലവരുന്നത്. 3.3 kW എസി ചാര്‍ജറുള്ള 24 kWh വേരിയന്റുകള്‍ക്ക് 10.19 ലക്ഷം രൂപയും 7.2 kW എസി ചാര്‍ജറുള്ള 24 kWh ബാറ്ററി പാക്ക് വേരിയന്റുകള്‍ക്ക് 11.49 ലക്ഷം വില വരുന്നു. ടിയാഗോ ഇവി നാല് ട്രിം ലെവലുകളില്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍ ഉള്ളപ്പോള്‍ സിട്രണ്‍ eC3-ക്ക് രണ്ട് ട്രിമ്മുകളാണുള്ളത്.
രണ്ട് ചാര്‍ജര്‍ ഓപ്ഷനുകള്‍ക്കൊപ്പം രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഇവിക്ക് ലഭിക്കുന്നു. മൊത്തത്തില്‍ ടാറ്റ ടിയാഗോ ഇവി 7 വേരിയന്റുകളില്‍ ഓഫര്‍ ചെയ്യുന്നു. അതേസമയം, ഡ്യുവല്‍ ടോണ്‍, വൈബ് പാക്ക് എന്നിവ പോലുള്ള കോസ്മെറ്റിക് ചോയ്സുകളുള്ള ഒരു പവര്‍ട്രെയിനും രണ്ട് ട്രിം ലെവലുമാണ് സിട്രണ്‍ eC3 ഇവിക്ക് ലഭിക്കുന്നത്. കൂടുതല്‍ ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ ഇവി തെരഞ്ഞെടുക്കാന്‍ അവസരമുണ്ടെന്നതാണ് മാറ്റം.

24 kWh ബാറ്ററിയും 7.2 kW ചാര്‍ജറുമുള്ള ടിയാഗോ ഇവിയുടെ ടോപ്പ്-സ്‌പെക്ക് ട്രിം XZ+ ടെക് LUX-ന് സിട്രണ്‍ eC3 യുടെ ബേസ് വേരിയന്റിനേക്കാള്‍ 49,000 രൂപ മാത്രമാണ് കൂടുതല്‍. വിലയുടെ കാര്യത്തില്‍ ടാറ്റ നേരിയ മുന്‍തൂക്കം നേടിയെങ്കിലും ഡിസൈനിന്റെയും ഫീച്ചറുകളുടെയും സ്‌പെസിഫിക്കേഷനുകളുടെയും കാര്യത്തില്‍ എങ്ങനെയാണെന്ന് നോക്കാം. ഡിസൈന്‍ കാര്യങ്ങള്‍ വാങ്ങുന്നയാള്‍ക്കനുസരിച്ചിരിക്കും. എന്നാല്‍ സ്‌പെസിഫിക്കേഷന്‍ നോക്കിയാല്‍ സിട്രണ്‍ ആണ് ടാറ്റയേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നതെന്ന് തോന്നുന്നു.
ആദ്യം ഇരു ഇവികളുടെയും അളവുകള്‍ നോക്കിയാല്‍ സിട്രണ്‍ eC3 ടാറ്റ ടിയാഗോ ഇവിയേക്കാള്‍ 212 എംഎം നീളവും 56 എംഎം വീതിയും 50 എംഎം ഉയരവും കൂടുതലാണ്. സിട്രണ്‍ ഇവിക്ക് ടിയാഗോ ഇവിയെക്കാള്‍ 140 എംഎം നീളമുള്ള വീല്‍ബേസും 4 എംഎം കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സും 75 ലിറ്റര്‍ വലിയ ബൂട്ട് സ്‌പെയിസും അവകാശപ്പെടാനുണ്ട്. പവര്‍ട്രെയിന്‍ കണക്കുകളുടെ കാര്യത്തിലും മാറ്റം പ്രകടമാണ്.
ടിയാഗോ ഇവിയുടെ ഏറ്റവും വലിയ ബാറ്ററി പായ്ക്ക് 24 kWh ആണ്. ഇതിനേക്കാള്‍ 5.2 kWh കൂടുതല്‍ ബാറ്ററി ശേഷിയും 29 Nm ടോര്‍ക്കും സിട്രണ്‍ eC3 വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ പവറിന്റെ കാര്യത്തില്‍ ടിയാഗോ ഇവി തിരിച്ചടിക്കുന്നു. സിട്രണ്‍ eC3-യേക്കാള്‍ (56 bhp) 18 bhp പവര്‍ കൂടുതലാണ് ടിയാഗോ ഇവിക്ക് (60/75 bhp). ഒപ്പം തന്നെ പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ടിയാഗോ മുന്നേറുന്നു.
പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ടിയാഗോക്ക് 5.7 സെക്കന്‍ഡ് മാത്രം മതി. അതേസമയം സിട്രണ്‍ eC3-ക്ക് 6.8 സെക്കന്‍ഡ് വേണം. ടിയാഗോ ഇവിക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. എന്നാല്‍ സിട്രണ്‍ eC3 യുടെ പരമാവധി വേഗത മണിക്കൂറില്‍ 107 കിലോമീറ്റര്‍ ആണ്. ഇനി എല്ലാവര്‍ക്കും അറിയേണ്ട റേഞ്ച് കണക്കുകള്‍ നോക്കിയാല്‍ നേരിയ മുന്‍തൂക്കം സിട്രണ്‍ eC3-ക്കാണ്.

ടാറ്റ ടിയാഗോ ഇവി 315 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍ സിട്രണ്‍ eC3 ഫുള്‍ചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ച് നല്‍കും. കാറുകളുടെ അകത്തളം താരതമ്യം ചെയ്യുമ്പോള്‍ ടാറ്റ ടിയാഗോ ഇവിയുടെ 7 ഇഞ്ച് ടച്ച് സ്‌ക്രീനിനേക്കാള്‍ വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ആണ് സിട്രണ്‍ ഇലക്ട്രിക് C3-യില്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സിസ്റ്റം എന്നിവയും ലഭിക്കുന്നു.


Click it and Unblock the Notifications








