ഒറ്റ ചാര്‍ജില്‍ 320 കി.മീ ഓടുന്ന ഈ ബജറ്റ് ഇവിക്ക് വില കൂടി; ഇനി അധികം മുടക്കേണ്ടത് ഇത്രയും തുക
ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ച് വരികയാണ്. ഇന്ത്യന്‍ വിപണിയില്‍ വേരുറപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രണ്‍ eC3 എന്ന പേരില്‍ ഒരു ഇലക്ട്രിക് ഹാച്ച്ബാക്ക് രാജ്യത്ത് വില്‍ക്കുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ടാറ്റ ടിയാഗോയുടെ എതിരാളിയായി ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തിച്ചത്.
എന്നാല്‍ വിലയുടെ കാര്യത്തില്‍ ടാറ്റയെ കവച്ച്‌വെക്കാന്‍ സിട്രണിനായില്ല. അതിന് പുറമെ ഇപ്പോള്‍ കാറിന് 25000 രൂപ വില കൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. അടിസ്ഥാന ട്രിം ഒഴികെയുള്ള എല്ലാ മോഡലുകളിലും ഈ ഇലക്ട്രിക് കാറിന്റെ വില കമ്പനി 25,000 രൂപ വരെ വര്‍ധിപ്പിച്ചു. 11.50 ലക്ഷം രൂപ മുതലാണ് സിട്രണ്‍ eC3-യുടെ ഇപ്പോഴത്തെ പ്രാരംഭ എക്‌സഷോറൂം വില.

ഇലക്ട്രിക് ഹാച്ചിന്റെ ടോപ് സ്‌പെക് മോഡലിന് 12.68 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ അംഗീകൃത ഷോറൂം സന്ദര്‍ശിച്ചോ അല്ലെങ്കില്‍ സിട്രണിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനിലൂടെയോ വാഹനം പര്‍ച്ചേസ് ചെയ്യാം. സിട്രണ്‍ eC3 ഇവിയുടെ പുതുക്കിയ വിലകള്‍ നോക്കിയാല്‍ 12.13 ലക്ഷം രൂപ വിലയില്‍ വന്നിരുന്ന ഫീല്‍ വേരിയന്റിന് ഇനി 12.38 ലക്ഷം രൂപ മുടക്കണം.
ഉയര്‍ന്ന വേരിയന്റുകളായ ഫീല്‍ വൈബ് പാക്ക്, ഫീല്‍ വൈബ് പായ്ക്ക് ഡ്യുവല്‍ ടോണ്‍ എന്നിവയും സമാനമായ വില വര്‍ധനവിന് സാക്ഷ്യം വഹിച്ചു. 12.53 ലക്ഷം രൂപയാണ് സിട്രണ്‍ eC3 ഇവിയുടെ ഫീല്‍ വൈബ് പായ്ക്കിന്റെ പുതിയ വില. ഫീല്‍ വൈബ് പായ്ക്ക് ഡ്യുവല്‍ ടോണ്‍ ഇനി മുതല്‍ 12.68 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ആയിരിക്കും വില്‍ക്കുക. ഡിസൈനിന്റെയും സ്‌റ്റൈലിംഗിന്റെയും കാര്യത്തില്‍ സിട്രണ്‍ eC3 അതിന്റെ ഐസിഇ സഹോദരന് സമാനമാണ്.

ബ്ലാങ്കഡ് ഓഫ് ഫ്രണ്ട് ഗ്രില്ലും ഫ്രണ്ട് ഫെന്‍ഡറിലെ ചാര്‍ജിംഗ് ഫ്‌ലാപ്പും ഒഴികെ എല്ലാം അതേപടി തുടരുന്നു. ഇതിന്റെ ഇന്റീരിയര്‍ ക്യാബിന് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉള്ള 10.2 ഇഞ്ച് ഡിസ്പ്ലേ, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 3 സ്‌പോക് ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, 35 കണക്റ്റഡ് കാര്‍ ഫീച്ചര്‍, ഡ്യുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡ്, കളര്‍ ഓപ്ഷനുകളുള്ള ഫാബ്രിക് സീറ്റുകള്‍ എന്നിവ ലഭിക്കുന്നു.
29.2kWh ബാറ്ററി പായ്ക്കാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫ്രണ്ട് ആക്‌സില്‍ മൗണ്ട് ചെയ്ത ഇലക്ട്രിക് മോട്ടോര്‍ മാന്യമായ പവര്‍ നല്‍കുന്നു. ഈ യൂണിറ്റ് പരമാവധി 56 bhp പവറും 143 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇവിക്ക് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ വെറും 6.8 സെക്കന്‍ഡ് മതി.

ഇവിക്ക് മണിക്കൂറില്‍ 107 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഫുള്‍ ചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ചാണ് ഇവിക്ക് സിട്രണ്‍ അവകാശപ്പെടുന്നത്. DC ഫാസ്റ്റ് ചാര്‍ജര്‍ വഴി ഒരു മണിക്കൂര്‍ കൊണ്ട് വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം, ഒരു ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 10 ശതമാനത്തില്‍ നിന്ന് 100 ശതമാനം ബാറ്ററി മാര്‍ക്കിലെത്താന്‍ 10.5 മണിക്കൂര്‍ എടുക്കും.
സ്റ്റാന്‍ഡേര്‍ഡ്, ഇക്കോ എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍ കാറില്‍ വരുന്നുണ്ട്. ഈ ഉത്സവ സീസണില്‍ വില്‍പ്പന പിടിക്കാനായി ഒരു പുത്തന്‍ മോഡല്‍ സിട്രണ്‍ കൊണ്ടുവരുന്നുണ്ട്. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലാണ് സിട്രണ്‍ C3 എയര്‍ ക്രോസ് അരങ്ങേറാന്‍ പോകുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര പോലുള്ള കൊമ്പന്‍മാരുമായി പൊരുതാനാണ് ഫ്രഞ്ച് ബ്രാന്‍ഡിന്റെ തീരുമാനം.
സിട്രണ്‍ C3 എയര്‍ ക്രോസ് എസ്‌യുവി ബുക്കിംഗ് ജാലകം സെപ്റ്റംബറില്‍ തുറക്കുമെന്ന് ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. 10 മുതല്‍ 15 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. C3 എയര്‍ക്രോസിന്റെ ഡെലിവറികള്‍ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.


Click it and Unblock the Notifications








