10 മണിക്കൂറില്‍ വിറ്റുതീര്‍ന്നു! ടിയാഗോ ഇവിയെ പൂട്ടാന്‍ സിട്രണ്‍ കൊണ്ടുവരുമോ ഈ മൊതലിനെ
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ബോഡി ടൈപ്പ് ഏതാണെന്ന് ചോദിച്ചാല്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ എന്ന് പറയാം. ഇന്ത്യയിലടക്കം എസ്‌യുവി ജ്വരമാണിപ്പോള്‍. വെറും 10 മണിക്കൂര്‍ കൊണ്ട് മുഴുവന്‍ യൂണിറ്റുകളും വിറ്റുതീര്‍ന്ന ഒരു കുഞ്ഞന്‍ കാറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സിട്രണിന്റെ മൈ അമി ബഗ്ഗി മൈക്രോ ഇവിയാണ് കക്ഷി.
റോഡ് പ്രസന്‍സിന്റെ കാര്യത്തില്‍ പുലികളാണ് പൊതുവേ എസ്‌യുവികള്‍. എന്നാല്‍ സിട്രോണ്‍ മൈ അമി ബഗ്ഗി മൈക്രോ ഇവിയെ കുറിച്ച് പറയാനുള്ള ഒരു കുറവ് ഈ പറഞ്ഞ റോഡ് പ്രസന്‍സാണ്. എന്നാല്‍ പുതുമയാര്‍ന്ന ഡിസൈന്‍ കൊണ്ടും മറ്റ് കിടിലന്‍ സവിശേഷതകള്‍ കൊണ്ടും കാര്‍ ഇത് കുറവുകള്‍ മായ്ച്ച് കളയുന്നു. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ പുറത്തിറക്കുന്ന ഈ ക്വാഡ്രിസൈക്കിള്‍ കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ ഒരു ടോയ് കാര്‍ ആണോയെന്ന് തോന്നിപ്പോകും.

എന്നാല്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാവ് മൈ അമി ബഗ്ഗിയുടെ ബുക്കിംഗ് ജാലകം വീണ്ടും തുറന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം ചൂടപ്പം പോലെയാണ് അവ വിറ്റുതീര്‍ന്നത്. സിട്രണ്‍ അടുത്തിടെ തിരഞ്ഞെടുത്ത വിപണികളിലാണ് മൈ അമി ബഗ്ഗി ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചത്. എന്നാല്‍ മിന്നല്‍ വേഗത്തില്‍ ലഭ്യമായ മുഴുവന്‍ യൂണിറ്റുകളും വിറ്റ് തീര്‍ന്നു. എന്നാല്‍ ഇത്തരമൊരു സംഭവം ഇതാദ്യമായല്ല എന്ന് എടുത്ത് പറയണം.
കാരണം മുമ്പ് ഫ്രാന്‍സ്, ബെല്‍ജിയം, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ സിട്രണ്‍ ഈ മോഡല്‍ വില്‍പ്പനക്ക് വെച്ച വേളയിലും ഇതുപോലെ തന്നെ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നിലവില്‍ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം, പോര്‍ച്ചുഗല്‍, യുകെ, ലക്‌സംബര്‍ഗ്, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് സിട്രണ്‍ മൈ അമി ബഗ്ഗി ഇവി വാങ്ങാന്‍ സാധിക്കുക. ഉടന്‍ തന്നെ തുര്‍ക്കി, മൊറോക്കോ എന്നീ രാജ്യങ്ങളിലും ഈ കാര്‍ വില്‍പ്പനക്കെത്തും.

ഇവിടെ നിര്‍മാണം ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ പരിമിതമായ സംഖ്യയിലായിരിക്കും ഒരോ ബാച്ചിലെയും ഇവിയുടെ യൂണിറ്റുകള്‍ നിര്‍മിക്കുക. പരിമിതമായ സംഖ്യയിലായിരിക്കും യൂണിറ്റുകള്‍ വില്‍പ്പനക്കെത്തുകയെങ്കിലും ഇവയ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത് അത്ഭുതകരമായ പ്രതികരണമാണ്. എന്തായിരിക്കാം ഇതിന് കാരണമെന്ന് ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍ സംഗതി ഇറുക്ക്. ആദ്യ സംഗതി തന്നെ വിലയാണ്.
ഏകദേശം 7,790 യൂറോ മുതല്‍ 10,450 യൂറോ വരെയാണ് സിട്രണ്‍ മൈ അമി ബഗ്ഗിയുടെ വില വരുന്നത്. ഇന്ത്യന്‍ കറന്‍സിയിലേക്ക് വരുമ്പോള്‍ അത് 7 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെ മാത്രമേ വില വരുന്നുള്ളൂ. അതിനാല്‍ തന്നെ ഇത് ഒരു ലാഭകരമായ ഓപ്ഷനായി മാറും. വില മാത്രമല്ല വേറെയുമുണ്ട് കാര്യങ്ങള്‍. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ഓപ്ഷനില്‍ വരുന്ന അള്‍ട്രാ കോംപാക്ട് വാഹനമാണ് സിട്രണ്‍ മൈ അമി ബഗ്ഗി.

മൈ അമി ബഗ്ഗിയെ ഒരു ക്വാഡ്രിസൈക്കിള്‍ എന്നാണ് സിട്രണ്‍ വിശേഷിപ്പിക്കുന്നത്. ഡ്രൈവറെ കൂടാതെ ഇവിയില്‍ പരമാവധി 140 കിലോ ഭാരം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്. ഇത് കാര്‍ഗോ ആകാം പാസഞ്ചര്‍ ആകാം അതുമല്ലെങ്കില്‍ ഇവ രണ്ടുമാകാം. ഇവിക്ക് നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
5.4kWh ബാറ്ററി പായ്ക്കാണ് കുഞ്ഞന്‍ ഇവിക്ക് കരുത്തേകുന്നത്. ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 45 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. റേഞ്ച്, സ്പീഡ് കണക്കുകള്‍ അത്ര ശ്രദ്ധേയമായി തോന്നില്ലെങ്കിലും തിരക്കേറിയ നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇവി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

അങ്ങനെ നോക്കുമ്പോള്‍ ഇത് തരക്കേടില്ലാത്ത സംഖ്യയാണ്. ഇന്ത്യയില്‍ ചെറു ഇവികള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സിട്രണ്‍ ഈ മോഡല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന കാര്യം തീര്‍ച്ചയില്ല. ടാറ്റ ടിയാഗോ ഇവിയാണ് താങ്ങാവുന്ന വിലയില്‍ ഇന്ത്യയില്‍ അവതരിച്ച ഇലക്ട്രിക് കാര്‍. തൊട്ടുപിന്നാല എംജി കോമെറ്റ് ഇവിയും വിപണിയില്‍ എത്തി.
8.69 ലക്ഷം മുതല്‍ 12.04 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. 7.98 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെയാണ് കോമെറ്റിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. മൈ അമി ബഗ്ഗി മൈക്രോ ഇവി ഇന്ത്യയില്‍ എത്തിച്ചാല്‍ ഈ രണ്ട് കാറുകള്‍ക്കും വമ്പന്‍ വെല്ലുവിളി ആയിരിക്കും. eC3 ഇലക്ട്രിക് ഹാച്ച്ബാക്കാണ് സിട്രണിന്റെ ഇന്ത്യയിലെ ഏക ഇലക്ട്രിക് ഓഫറിംഗ്.


Click it and Unblock the Notifications








